Image

ആശമാരുടെ സമരത്തിന് വാശികൂട്ടിയത് സി.പി.എം; പരിഹാസങ്ങള്‍ ബൂമറാങ്ങായി (എ.എസ് ശ്രീകുമാര്‍)

Published on 07 March, 2025
ആശമാരുടെ സമരത്തിന് വാശികൂട്ടിയത് സി.പി.എം; പരിഹാസങ്ങള്‍ ബൂമറാങ്ങായി (എ.എസ് ശ്രീകുമാര്‍)

വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്ന വനിതാ മാഹാസംഗമം നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ നടക്കുകയാണ്. സമരം ഇന്ന് 26-ാം ദിനമാണ്. വാസ്തവത്തില്‍ ഈ സമരം വിജയിപ്പിച്ചതിന്റെ സകല ക്രെഡിറ്റും പിണറായി സര്‍ക്കാരിനാണ്. സമരത്തെ തീര്‍ത്തും വിലകുറഞ്ഞ ഭാഷയിലാണ്, തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് മേനിനടിക്കുന്ന സി.പി.എം അക്ഷേപിച്ചത്. ഇത് വെറും പാട്ടപെറുക്കലുകാരുടെ സമരമാണെന്നു വരെ പരിഹസിച്ചവരുണ്ട്. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീമിന്റെ കളിയാക്കല്‍.

സമരത്തെ സി.പി.എമ്മുകാര്‍ എത്രത്തേളം അപഹസിച്ചുവോ അത്രത്തോളം കരുത്ത് അവര്‍ നേടുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് സമരം ചെയ്യുന്നവര്‍ തണലിനായി കെട്ടിയ ടര്‍പ്പോളിന്‍ അഴിച്ചുമാറ്റിയ പിണറായി പോലീസിന്റെ മനഷ്യത്വരഹിതമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമെന്യേ അപലപിക്കപ്പെട്ടു. എളിയ രീതിയില്‍ തുടങ്ങിയ സമരം പ്രതിപക്ഷ പാര്‍ട്ടികളും വനിതാ സംഘടനകളും അക്ടിവിസ്റ്റുകളും ഏറ്റെടുത്തതോടെ പ്രതിഷേധത്തിന്റെ മട്ടും ഭാവവും മാറുകയായിരുന്നു. അന്താരാഷ്ട വനിതാ ദിനമായ നാളെ നടക്കുന്ന മഹാസംഗമത്തിലേയ്ക്ക് കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും സ്വാഗതം ചെയ്തിട്ടുണ്ട്. 'വനിതാ ദിനം ആശമാര്‍ക്കൊപ്പം' എന്ന സന്ദേശമുയര്‍ത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരന്‍ അടക്കമുള്ളവര്‍ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, ആശാവര്‍ക്കര്‍മാരെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വല്ലാതെ പ്രകോപിതനായിക്കൊണ്ട് പിണറായി വിജയനോടുള്ള 'ഉദ്ദിഷ്ട കാര്യ ഉപകാര സ്മരണ' കാണിച്ചു. ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. കണക്കുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ആ നാവില്‍ നിന്നും മിണ്ടാട്ടമില്ല. ഇതിനിടെ, ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍.എച്ച്.എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയായി.

എന്‍.എച്ച്.എം പദ്ധതികള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് 826.02 കോടിയാണ് കേന്ദ്രം അനുവദിച്ചിരുന്നത്. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് കണക്കിലെടുക്കാതെ തമിഴ്‌നാട് മുഴുവന്‍ തുകയും നേടിയെടുത്ത പശ്ചാത്തലത്തിലാണ് പിടിപ്പുകെട്ട വകുപ്പ് മന്ത്രിയുടെ പിടിവാശി മൂലം കോടികള്‍ കേരളത്തിന് നഷ്ടമായിരിക്കുന്നത്. ആദ്യ ഗഡു 189 കോടി വാങ്ങി എടുക്കുമ്പോള്‍ ബ്രാന്‍ഡിങ് നിബന്ധനയുടെ പേരില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു. പ്രാഥമിക ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്രം നല്‍കിയ നിര്‍ദേശം. എന്‍.എച്ച്.എ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നുള്ളത് കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ ഈ നിര്‍ദേശം.

പേരുമാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു പിണറായിയുടെയും അനുചരന്‍മാരുടെയും നിലപാട്. രാഷ്ട്രീയ നിലപാടായി തന്നെ അത് ഉയര്‍ത്തികാട്ടുകയും ചെയ്തു. ആദ്യഘട്ടത്തില്‍ എതിര്‍ത്ത തമിഴ്‌നാട് ഉള്‍പ്പെടുള്ള സംസ്ഥാനങ്ങള്‍ പിന്നീട് കേന്ദ്ര നിലപാടിന് വഴങ്ങി മുഴുവന്‍ തുകയും നേടിയെടുത്തു. കേരളം ഒടുവില്‍ ബ്രാന്‍ഡിങ് ചട്ടങ്ങള്‍ പാലിച്ചപ്പോഴേക്കും 636 കോടി രൂപ ലാപ്‌സായി. കേന്ദ്രം തുക നല്‍കിയില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കിയെന്നുള്ളതാണ് കേരളത്തിന്റെ ഇപ്പോഴുള്ള വാദം. എന്നാല്‍ കേന്ദ്ര ഫണ്ട് കിട്ടാനുള്ളത് പാഴാക്കിയത് വഴി അധിക ബാധ്യതയാണ് ഈ സാമ്പത്തിക വര്‍ഷം കേരളം പേറാന്‍ പോകുന്നത്. പാഴായ തുക കേന്ദ്രം അനുവദിക്കുകയില്ല.

ആരാണ് ആശാ വര്‍ക്കര്‍മാര്‍..?

ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും കേന്ദ്ര സര്‍ക്കാറിനാല്‍ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരാണ് ആശ (Accredited Social Health Activists - ASHA) അഥവാ ആശ വര്‍ക്കര്‍. ഇവര്‍ ആരോഗ്യരംഗത്തെ ആക്ടിവിസ്റ്റുകള്‍ അഥവാ സന്നദ്ധ പ്രവര്‍ത്തകരാണ്. സ്ത്രീകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. 2005-ലാണ് ഈ ദൗത്യസംഘം ആരംഭിച്ചത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു വളരെ വലിയ സേവനമാണ് ഇവര്‍ ചെയ്തു പോരുന്നത്.

കേരളത്തിലെ ആയിരം ജനസംഖ്യക്ക് ഒരു ആശാ പ്രവര്‍ത്തക എന്നതാണ് ലക്ഷ്യം. 2007 പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും നിയമിക്കുന്ന സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരാണ് ആശാ വര്‍ക്കര്‍മാര്‍. അതാതു ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളെയാണ് ആശ വര്‍ക്കര്‍മാരായി പരിശീലനം നല്‍കിക്കൊണ്ട് നിയമിക്കുന്നത്. ഗവണ്മെന്റ് സാമൂഹ്യ ക്ഷേമ വിഭാഗത്തിന് കീഴിലായാണ് ആശ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.

അതത് വില്ലേജിലെ 24-45 പ്രായപരിധിയില്‍പെട്ട ഒരു വനിതയെ ആണ് ആശാപ്രവര്‍ത്തകയായി തിരഞ്ഞെടുക്കുന്നത്. 8 ഘട്ടങ്ങളായി 40 ദിവസത്തെ ശാസ്ത്രീയമായ പരിശീലനം നേടിയാണ് ആശ വര്‍ക്കര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. 8 ഘട്ടങ്ങളിലായി ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും അനുബന്ധ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക, പകര്‍ച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുക, ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉറപ്പാക്കുക, ആരോഗ്യകാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക, ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് ആശാ പ്രവര്‍ത്തകയുടെ ഉത്തരവാദിത്തങ്ങള്‍. ബുധനാഴ്ചകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന യോഗത്തില്‍ ഇവര്‍ പങ്കുചേരേണ്ടതായുണ്ട്.

ആശാ പ്രവര്‍ത്തകര്‍ സന്നദ്ധ സേവകര്‍ ആണെങ്കിലും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ വേതനം നല്‍കാറുണ്ട്. 7000 മുതല്‍ 9000 രൂപ വരെയാണ് ഒരു ആശാ പ്രവര്‍ത്തകയുടെ പ്രതിമാസ വേതനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് വേതനം നല്‍കുന്നത്. മറ്റു ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പൊതുവെ കുറവാണെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടേറിയറ്റ് നടയില്‍ ആശാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്. വനിതകളുടെയും വോട്ടുവാങ്ങി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കരിന്റെ അടിത്തറയിളക്കുന്നതായിരിക്കും ഈ സമരം.

Join WhatsApp News
mathai Chettan 2025-03-07 20:17:20
ആദ്യം തന്നെ, ഈ അധികപ്പറ്റ് അധിക ചെലവ് ഒക്കെ ഉണ്ടാക്കി തീർക്കുന്ന യാതൊരു ഫലവും ഇല്ലാത്ത ഈ കെ വി തോമസ് മാതിരിയുള്ള കാലുമാറ്റക്കാരെ അങ്ങ് പിരിച്ചു വിടണം. ഇയാളെ ചില അമേരിക്കൻ മലയാളികളും ചുമലിൽ ഏറ്റി കൊണ്ട് നടക്കുന്നത് കാണാം. . ഗോകുലം കൺവെൻഷൻ സെന്ററിലും പ്രസ് ക്ലബ്കാര് ചുമലിൽ കയറ്റുന്നത് കണ്ടു. ദയവായി അമേരിക്കൻ മലയാളിയുടെ ഓരോ പ്രസ്ഥാനക്കാരും കോമൺസൻസ്, ശരിയുടെ ഭാഗത്തു നിൽക്കണം.
Vayanakkaran 2025-03-08 03:46:16
പാവപ്പെട്ടവരുടെ പാർട്ടിയാണത്രേ! ലജ്ജിക്കണം നിങ്ങൾ! മാസപ്പടിയും മറ്റാനുകൂല്യങ്ങളും നേടുന്ന സ്വന്തം കുടുംബങ്ങളോടെ അത്താഴം കഴിക്കുമ്പോൾ ഒരു കാര്യം മിസ്റ്റർ സി എം അറിയണം. ഈ പാവപ്പെട്ട സ്ത്രീകൾ അവർക്ക് അവകാശപ്പെട്ടത് മാത്രമാണ് ആവശ്യപ്പെടുന്നത്. കൂടുതൽ നാറാതെ കൊടുത്തേര്. പി എസ് സി അംഗങ്ങൾക്ക് മൂന്നേമുക്കാൽ ലക്ഷം ശമ്പളം കൂട്ടി നൽകി. അതിന്റെ ഒരു ഭാഗം മാത്രം മതി ഇവർക്കെല്ലാവർക്കും കൂടി നൽകാൻ. ദയവായി ഇവരുടെ കഞ്ഞിയിൽ മണ്ണു വാരിയിടരുതേ.
Jayan varghese 2025-03-08 18:04:43
പാവപ്പെട്ടവർക്ക് പാർട്ടിയുണ്ടാവില്ല സാർ. പാവങ്ങളുടെ പേര്‌ പറഞ്ഞാൽ എളുപ്പം വിറ്റഴിക്കാവുന്ന ഒരു ചരക്കാണ് മതവും രാഷ്ട്രീയവും എന്നതിനാൽ മേലങ്ങാതെ ആഹരിക്കുന്നതിനുള്ള തരികിട പ്രസ്ഥാനങ്ങൾ മാത്രമാണ് ഈ വേഷക്കെട്ടുകൾ. അല്ലെന്നുണ്ടെങ്കിൽ തൊപ്പി തുന്നി അഷ്ടിക്കുള്ള വഹ ഉറപ്പു വരുത്തിയിരുന്ന മുഗൾ ചക്രവർത്തി ഔറംഗസീബിനെപ്പോലെ നിശ്ചിത സമയം ജോലി ചെയ്യുന്നവർ മാത്രമായിരിക്കണം പൊതു രംഗത്തു പ്രവർത്തിക്കേണ്ടത്. സ്വന്തം മുറ്റത്തെ പുല്ലു പറിക്കാത്തവൻ എങ്ങിനെ മറ്റുള്ളവന് വേണ്ടി പണിയെടുക്കും എന്നതാണ് പൊതു സമൂഹത്തിന്റെ പൊതുവായ ആശങ്ക. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക