സ്വതന്ത്രമായി ചിറകടിച്ചുപാട്ടുപാടിപ്പാറിനടന്ന് ലോകം ഉയരങ്ങളിൽനിന്ന് കാണാൻ എന്റെയടുത്തുനിന്നും പറന്നുപോയ തത്തമ്മ എനിക്കുതന്ന വാക്കുപാലിക്കാൻ ദിവസവും എന്നെക്കാണാൻ വരാറുണ്ട്.എന്നെ നോക്കി പാട്ടുപാടാറുണ്ട്.ഈണത്തിൽ മൂളാറുണ്ട്.ഇനി അഥവാ എന്നെ കണ്ടില്ലെങ്കിൽ നീട്ടി ശബ്ദമുണ്ടാക്കാറുണ്ട്.ഞാൻ അവനെ ഉണ്ണിക്കുട്ടാന്ന് വിളിച്ചു വിളിച്ചു നാട്ടിലെ തത്തമ്മകളെല്ലാം അവരെയാണ് വിളിക്കുന്നതെന്നു കരുതി ഇവിടെ വന്നിരിക്കാറുണ്ട്.മൈനകൾ പ്രാവുകൾ കുരുവികൾ ഇവയൊക്കെ എന്നും ഭക്ഷണംതേടി എന്റെ അടുക്കൽ വരാറുണ്ട്.അവർ ഇവിടെ തിന്നും കുടിച്ചും ഉല്ലസിക്കും.പറമ്പിലുള്ള ചെറിയ പാത്രത്തിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ അവർ നീന്തിത്തുടിക്കും ചിറകടിക്കും തത്തിക്കളിക്കും കുളിക്കും.ആകെക്കൂടെ നല്ല ഭംഗിയാണ് എന്റെ പറമ്പിലിരുന്ന് ലോകസൃഷ്ടാവിന്റെ കരവിരുതുകളെ നോക്കിയിരിക്കാൻ..
ഈ പക്ഷികളിൽ ഏതെങ്കിലുമൊന്നിനെ അകത്താക്കാൻ മരച്ചില്ലകൾക്ക് പുറകിൽ ഒളിഞ്ഞ് ഇരപിടിക്കാൻ പൂച്ചയും പ്രതീക്ഷയോടെ നിൽക്കാറുണ്ട്.പൂച്ചയെ കാണുമ്പോഴൊക്കെ ഞാൻ ഓടിച്ചുവിടും.എന്നിട്ട് പറയും: രക്തക്കൊതിയൻ! അവന് വീട്ടിൽ കിട്ടുന്നതൊന്നും പോര! നിനക്ക് നിന്റെ ഉടമസ്ഥർ തിന്നാൻ വയർ നിറച്ച് ഒന്നുംതരില്ലേടാ?പോടാ രക്തക്കൊതിയാ..
പൂച്ചയെ കാണുമ്പോൾ പക്ഷികൾ നിലത്തിൽനിന്നും മരച്ചിലയിലേക്ക് പറന്നിരിക്കും.അപായ സൂചകമായി ശബ്ദമുണ്ടാക്കും. നമ്മുടെ സൈറൻ മുഴക്കമ്പോലെ പ്രത്യേകതയുള്ള ശബ്ദം.എന്റെ അരുമകളുടെ തീറ്റ കുടി കുളി മുതലായവ മുടക്കിയനെ ഞാൻ വഴക്കുപറഞ്ഞോടിക്കും. എന്റെ ഭർത്താവുണ്ടങ്കിൽ പുള്ളി കിളികളെ രക്ഷിക്കാൻ ഒന്നുകിൽ പൂച്ചയെ കല്ലുപറക്കി ആയും അല്ലെങ്കിൽ നിർധാക്ഷണ്യം എറിയും.സ്കൂളിൽ ജാവലിൻ ത്രോ ക്ക് ഉണ്ടായിരുന്ന ആളാ.ഉന്നം പിഴക്കുമോ?
അങ്ങനെ ഓടിപ്പോകുന്ന പൂച്ച വീട്ടിലെ ചെടികളിൽ വീഴുന്ന വെള്ളമൊക്കെ നക്കിക്കൂടിക്കാൻ നട്ടുച്ചക്ക് വരും.ഇവിടെ ചെടികൾക്ക് ഓട്ടോമാറ്റിക് ഇറിഗേഷൻ വെച്ചിട്ടുണ്ട്.ഉച്ചക്കും വെള്ളംവരാനുള്ള സൗകര്യമുണ്ട്. ഉച്ചക്ക് കിളികളൊക്കെ തീറ്റകഴിഞ്ഞു എവിടെങ്കിലുമൊക്കെയിരുന്നു ഉറക്കമായിരിക്കും.ഞാൻ വീടിന്റെ അകത്തുമായിരിക്കും.പൂച്ച വെള്ളംകുടിച്ചു കരിയിലക്കൂട്ടങ്ങളിൽ ചുരുണ്ടുകൂടി കിടക്കുന്നതുകാണുമ്പോൾ ഇവന് വീടും വീട്ടാരും ഇല്ലാത്തവനാണോ എന്ന് തോന്നിത്തുടങ്ങി.
അവന് വിശക്കുന്നതാണോ എന്നോർത്ത് ഇരപിടിക്കാൻ പതിയിരിക്കുന്നവനോട് പിന്നീട് എനിക്ക് മനസലിവ് തോന്നി.
എടാ നീ എന്റെ കിളികളെ പിടിച്ചുതിന്നല്ലേ.. ഞാൻ അവനോട് അപേക്ഷിച്ചു.
അവൻ എന്നെ ദയനീയമായി നോക്കി.കണ്ണുകൾ ചെറുതാക്കി ശബ്ദം കുറച്ച് മ്യാ.. ന്ന് പറഞ്ഞു.
ഇവിടെ പമ്മിയിരിക്കാതെ പോടാ..
അവൻ ഒളിച്ചു നിന്നിടത്തൂന്ന് പതിയെ നടന്നു. മ്യാ.. മ്യാ.. പച്ചത്തെറിയായിരിക്കും..!
അവൻ എന്നെ കടന്നുപോകും വഴി വാല് പൊക്കി.അവന്റെ മുൻവശം അൽപ്പം കുനിച്ചു.. ദാ അവന്റെ പിൻവശത്തുനിന്നും മൂത്രം പൈപ്പ് തുറന്നപോലെ..ഇയ്യേ.. ഭാഗ്യം എന്റെ ദേഹത്ത് വീണില്ല. ഇരപിടിച്ചു തിന്നാനുള്ള അവന്റെ ജൻമാവകാശത്തെ ചോദ്യംചെയ്തതിലുള്ള പ്രതിഷേധം! പിൻവശത്തുകൂടിയുള്ള ജലധാരയിലൂടെ അവൻ എന്നോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു.അമർഷമറിയിച്ചു.ഞാനും ഒരുകാര്യമറിഞ്ഞു.അവൻ ഞാൻ കരുതിയപോലെ ആണല്ല. സിംഹിയുടെ വംശത്തിൽപ്പെട്ട ഒരുഗ്രൻ പെൺപൂച്ചയാണ് എന്റെമുന്നിലൂടെ മൂത്രമൊഴിച്ചു കടന്നുപോകുന്നത്!
കുളിയും തേവാരവും കൂടാതെ എന്റെ പറമ്പിൽ കിളിക്കൂട്ടങ്ങൾ സൊറപറഞ്ഞുമിരിക്കാറുണ്ട്. അവർക്ക് പഴങ്ങൾ, ചോറ് മുതലായവ നൽകി കളകള ശബ്ദമുണ്ടാക്കി എന്റെ ദിവസങ്ങൾക്ക് സൗന്ദര്യം നൽകുന്നതിലുള്ള നന്ദി ഞാൻ അറിയിച്ചുപോന്നു. നമ്മുടെ പെൺപൂച്ചക്ക് ഇരപിടിക്കാൻ പറ്റിയ സ്ഥലവും എന്റെ പറമ്പുതന്നെയായതുകൊണ്ട് എവിടെങ്കിലും പമ്മി അതുമിരിപ്പുണ്ടാകും.അവൾ അവിടെയുണ്ടോയെന്ന് എന്നത്തേയുംപോലെ ഞാൻ പരതി. അവളെ കണ്ടയുടൻ ഞാൻ അവളുടെയടുത്തുപോയി.കൈകെട്ടി നിന്നു.അവൾ എന്നെനോക്കി.ഒന്നും മിണ്ടിയില്ല.പമ്മിയിരിക്കുകയാണല്ലോ!ഇരപിടിക്കണ്ടേ.. ഒന്നു പോ പെണ്ണുമ്പിള്ളേ..ശല്യംചെയ്യാതെ..പൂച്ച എന്നെനോക്കി അതുതന്നെയാകുംചിന്തിക്കുന്നത്!എന്നെ ദയനീയമായി പിന്നെയും നോക്കി..വയറ്റിപ്പിഴപ്പാണ്.. ഉപദ്രവിക്കരുത്!
ങ്ഹാ..ഞാൻ ഒന്നുമിണ്ടാതെ അകത്തുകയറിപ്പോയി. എന്നിട്ട് പൊളപൊളപ്പൻ കണവ നാലഞ്ചു കഷണം പച്ചക്കുള്ളത് അവൾക്ക് കൊണ്ടുക്കൊടുത്തു. അത് ആർത്തിയോടെ വായുടെ ഇരുവശങ്ങളിലും മാറിമാറിയിട്ട് ചവക്കുകയാണ്.കഴിച്ചുകഴിഞ്ഞു അവിടൊക്കെ പിന്നെയും മണംപിടിക്കുന്നു. ഞാൻ അകത്തുകയറിപ്പോയി. അവൾ പിന്നെ ഇരപിടിപ്പ് മതിയാക്കി എങ്ങോപോയി.
അവൾ കിടക്കാൻ വരുന്ന കരിയിലക്കൂട്ടങ്ങൾക്കിടയിൽ ഞാൻ കഴിച്ചു ബാക്കിയായ എല്ലുംകഷണങ്ങൾ ഇട്ടുവെക്കാൻ തുടങ്ങി. കുറേ കഴിഞ്ഞുനോക്കുമ്പോൾ അതവിടെ കാണുകയില്ല. അവൾ ഇരപിടിക്കാൻ ഒളിച്ചുനിൽക്കുന്നത് കാണാനുമില്ല.
ഒരുദിവസം വെളുപ്പിനെ അതാ അവൾ ഞങ്ങളുടെ ചവിട്ടുപായിൽക്കിടന്നു സുഖമായി ഉറങ്ങുന്നു. വെള്ളയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ പുള്ളികളുള്ള സുന്ദരിപൂച്ചയാണവൾ. ഞാൻ ഗ്ലാസ്സ് ഡോറിന്റെ ഇപ്പുറംനിന്ന് മ്യാവ് വെച്ചു.അവൾ തലപൊക്കി എന്നെനോക്കി. മ്യാ.. ശബ്ദം അധികം ഇല്ലാതെ സ്നേഹത്തോടെ എന്നെനോക്കിപ്പറഞ്ഞു. അവൾ കിടന്നു ഞെളിഞ്ഞു. ഞാൻ മ്യാവ് വെച്ചുകൊണ്ട് നോക്കിനിന്നു.
അവൾ സൂര്യനുദിച്ചിട്ടും അവിടെത്തന്നെ കിടക്കുകയാണ്. എനിക്ക് പുറത്തിറങ്ങാൻ പേടി. ഞാൻ ജനലിലൂടെ എല്ലുകളിട്ട് കൊടുത്തു. അത് തിന്നു.പിന്നെ ദോശ കൊടുത്തു.എഴുനേറ്റുപോയി എന്താണെന്നു നോക്കിയിട്ട്..ഓഹ് എല്ലുങ്കഷണം മതി എന്ന് പറയുമ്പോലെ അവൾ എന്നെ നോക്കി.നീ പോ പൂച്ചേ.. ഇത്രെയൊക്കെ എല്ലേ ഇവിടുള്ളൂ. പിന്നെയുള്ളത് എന്റെയും മോന്റെയും ഭർത്താവിന്റെയും എല്ലുകളാ.. നീ പോയി വെല്ലിടത്തൂന്നും കിളികളെ പിടിച്ചുതിന്ന്..പോ..
മ്യാ.. അവൾ പിന്നെയും ചവിട്ടുപായിൽ വന്നുകിടന്നു.ഞാനും മോനും അങ്ങോട്ടും ഇങ്ങോട്ടും നോക്കി..ഇത് ശല്യമായല്ലോ! ഇതിവിടുന്നു പോകാതെ എങ്ങനെ പുറത്തിറങ്ങും.ഇവൾ കടിക്കുമോ? മാന്തുമോ? ഒന്നും അറിയില്ല.
നല്ല ചൂടടിച്ചപ്പോൾ അതിനെ അവിടെക്കണ്ടില്ല. വൈകിട്ടായപ്പോൾ അവൾ പിന്നെയും വന്നു.ചവിട്ടുപായിൽ സ്ഥാനമുറപ്പിച്ചു. ഞങ്ങൾ നെറ്റ് ഡോറിന്റെ അപ്പുറം ഇപ്പുറം ഇരിക്കയാണ്.അവൾക്ക് മുകളിൽ ഒരുപല്ലും താഴെ ഒരുപല്ലും മിസ്സിംഗ്! നീ ഇതുവെച്ചു എങ്ങനെ ഇരപിടിക്കുന്നടീ..! ഞാൻ ആശ്ചര്യപ്പെട്ടു. വേവിച്ച കുറച്ച് കണവ അവൾക്കിട്ടുകൊടുത്തു.ഇത്തവണ ഡോർ തുറന്ന് അവൾ ഉള്ളപ്പോൾത്തന്നെ ഞാൻ ഇറങ്ങി സൈഡിൽ ഭക്ഷണം ഇട്ടുകൊടുത്തു. മ്യാ മ്യാ..അവൾ എനിക്ക് നന്ദി പറയുകയായിരുന്നു.
അന്നവൾ ഭക്ഷണം കഴിച്ച് ചവിട്ടുപായിൽത്തന്നെ ഉറങ്ങി. പിറ്റേന്ന് മോൻ സ്കൂളിൽ പോകാൻനേരം നെറ്റ് ഡോറിന്റെ ഇപ്പുറം ഇരുന്ന് പൂച്ചയോട് മ്യാ..വെച്ചു കളിച്ചു.അവൻ നാലുകാലിൽ തറയിൽ കിടന്നു. അവളും കിടന്നു. എന്റെ ഭർത്താവ് സിങ്കപ്പൂരിൽ നിന്നും കൊണ്ടുവന്ന ഫിഷ് ചിപ്സ് ഞങ്ങൾ കഴിച്ചക്കൂട്ടത്തിൽ അവൾക്കും കൊടുത്തു. എന്റെ വക.പിന്നെ മോന്റെ വക ഞങ്ങളറിയാതെ ഒരുപാടുതവണ!
അവളെ ഞാൻ ലില്ലി എന്നു വിളിച്ചു.ലില്ലിയോ..!മോൻ എന്നെ സൂക്ഷിച്ചു നോക്കി. അവനെ ഞാൻ കുറേനാൾ കളിയാക്കിയിരുന്ന അവന്റെ ആദ്യപെൺസുഹൃത്തിന്റെനാമമാകുന്നു ലില്ലി! കളിയാക്കാൻ ശക്തമായ കാരണമുണ്ടായിരുന്നു.അന്ന് മോന് നാല് വയസ്സ്.ലില്ലിയുടെ ബര്ത്ഡേയായിരുന്നു അന്ന്.അവൾക്കന്ന് അഞ്ചുവയസ്സ്. ഫ്രഞ്ച് അമ്മക്ക് ഓസ്ട്രേലിയൻ അപ്പനിൽ ഉണ്ടായവൾ. അവനെ അവൾ ഒന്ന് ഹഗ് ചെയ്ത് ബൈ പറഞ്ഞ സമയം..അവനേറ്റ ആദ്യ പെൺസ്പർശനം.. എന്റെ മോൻ ആ നേരം നടുറോഡിൽ കൈ വിരിച്ച് കിടന്നുപോയി.. ഓസ്ട്രേലിയൻ തന്ത അവനെത്തന്നെ നോക്കി നിന്നു..ലില്ലി നാണിച്ചു ഓടി അകത്തുകയറി.എടാ എഴുന്നേക്കടാ എന്നെ നാണംകെടുത്താതെയെന്ന് മലയാളത്തിൽ ഞാനും. ങ്ഹാ.. എന്നുള്ള അരുതാത്ത ശബ്ദങ്ങൾ.. ദീർഘനിശ്വാസങ്ങൾ..അരുതാത്ത സമയത്ത്.. ഓസ്ട്രേലിയൻ പോക്കറ്റിൽ കൈയിട്ട് നിൽക്കുകയാണ്.. അന്ത്രയോ ഗെറ്റപ്പ്..എന്ന് പുള്ളി ഗത്യന്തരമില്ലാതെ പറഞ്ഞു..ലില്ലിയുടെ അപ്പനല്ലേ പറയുന്നത്..അവൻ ചാടി എഴുന്നേറ്റു..
‘ഓഹ് മാൻ.. ദാറ്റ് ഹഗ്..‘ അവളുടെ അപ്പനോടുതന്നെ അവൻ തട്ടിവിട്ടു!
ഓക്കേ ബൈ.. എന്നും പറഞ്ഞു അന്ത്രയോയെ വലിച്ചുകൊണ്ടുവന്ന് ഞാൻ അവിടെനിന്നും രക്ഷപ്പെട്ടത് എനിക്ക് ഒരിക്കലെങ്കിലും മറക്കാൻ സാധിക്കുമോ! അതുംപറഞ്ഞു അവനെ കണക്കിന് കളിയാക്കുന്നതിൽ തെറ്റുണ്ടോ? ആ അവളുടെ പേരുതന്നെ പൂച്ചക്കിട്ടു..ലില്ലി..
നല്ല വെയിലായി..നട്ടുച്ചയായി... മൂന്നുമണിയായി.. ചായകുടി നേരമായി..പൂച്ച ചവിട്ടുപായിൽത്തന്നെ..
ലില്ലി..നീ പോയി ഇരപിടിച്ചിട്ടുവാടി..
മ്യാ..
വെള്ളം കുടിക്കണ്ടേ ഇന്ന്..
മ്യാ..
ഞാൻ വീട്ടിൽ വിളിച്ചു ലില്ലിയെ മമ്മിക്കും ഡാഡിക്കും കാട്ടിക്കൊടുത്തു.. പൂച്ച വീട്ടിൽകയറിവരുന്നത് ഐശ്വര്യമാ..അവർ പറഞ്ഞു: പൂച്ച മാന്താതയും കടിക്കാതെയും നോക്കണം കേട്ടോ..
ലില്ലിക്ക് ചോറിൽ മുരിങ്ങായിലക്കറി ഒഴിച്ചിളക്കിക്കൊടുത്തു..
കഴിക്കാൻ ഓടിവന്നപാടെ തിരിച്ചുപോയിക്കിടന്നു..
മ്യാ.. എനിക്ക് വേണ്ട..എല്ലുംകഷണങ്ങൾ മതി..
നീ പോയി ഇര പിടിച്ചിട്ട് വാ..
സൗകര്യമില്ലത്രേ.. മ്യാ വെച്ചുകിടക്കയാണ്.. ലില്ലി വീടിന് മുന്നിൽ സത്യഗ്രഹം ഇരിക്കയാണോ? തീറ്റയില്ല കുടിയില്ല. അല്ലേലും ഞാൻ എന്തിന് ഇര പിടിക്കണം. നിങ്ങൾക്കെല്ലായിരുന്നോ എന്നെക്കാണുമ്പോൾ ബുദ്ധിമുട്ട്! പോയിക്കൊണ്ടുവാ എല്ലുങ്കഷണങ്ങൾ...മ്യാ മ്യാ...
ആകെ പൊല്ലാപ്പായി.. അവളുടെ ഐശ്വര്യം മാത്രം അനുഭവിച്ചാൽപോരല്ലോ! അവൾക്ക് തിരിച്ചു ഞാൻ എന്തുകൊടുക്കും?
ലില്ലിക്കുവേണ്ടി വിസ്കസ്സിന്റെ ചിക്കൻ ഫ്ളേവേഡ് ഡ്രൈ ക്യാറ്റ് ഫുഡ് ഓർഡർ ചെയ്തു.
ലില്ലി വയർ നിറച്ചു കഴിച്ചു.സുഖമായി ഉറങ്ങി.
പിറ്റേന്ന് രാവിലെ ലില്ലി എവിടെയോ കിടന്നുറങ്ങിയിട്ടു ഏഴരയായപ്പോൾ വീട്ടിൽവന്നുകയറി.
ഇവൾ നാടുനിരങ്ങി നടന്നിട്ട് വന്നിരിക്കുന്നു! ഇവൾ പ്രസവിച്ചാൽ! നമ്മൾ അവളുടെ പിള്ളേരെയെല്ലാം എന്തുചെയ്യും!
എന്റെ പരിഭവങ്ങൾ കേട്ട് എന്റെ ഭർത്താവ് ഊറിചിരിച്ചു..
എന്തിനാ ചിരിക്കുന്നെ?
നിന്റെ ചോദ്യം കേട്ട് ചിരിച്ചുപോയതാ.. ലില്ലിക്കു രാത്രി തണുപ്പായിരിക്കും..അവൾ ചൂടുള്ള എവിടോപോയി കിടക്കുകയാണ്. അവൾക്കൊരു ക്യാറ്റ് ഹൌസ് വാങ്ങിച്ചാലോ? എന്റെ ഭർത്താവ് ചോദിച്ചു.
ക്യാറ്റ് ഹൗസ് ക്യാറ്റിന് ഉറങ്ങാനുള്ളതാണെന്ന് അവൾക്കെങ്ങനെ മനസിലാകും?
അതൊക്കെ മനസിലാകും.
നമുക്ക് അതിൽ ആഹാരമിട്ടുകൊടുക്കാം എല്ലേ?
അതെ..
ലില്ലി മ്യാ വെച്ച് അകത്തേക്ക് നോക്കി..എന്റെ മകൻ അന്ത്രയോയെ ആകും നോക്കുന്നത്. അവൻ സ്കൂളിൽ പോയിരുന്നു. ലില്ലി എന്റെ കാലിൽ മുട്ടിയുരുമ്മി. കസേരക്കാലുകളിൽ ഉരുമ്മി..അകത്തേക്ക് നോക്കിനിന്നു.
ഞാൻ അകത്തുപോയി അവൾക്ക് ക്യാറ്റ് ഫുഡ് കൊണ്ടുക്കൊടുത്തു. എന്റെ കൂടെയാരാപുതിയൊരാൾ എന്നറിയാൻ തത്തമ്മ മരത്തിന്റെ മുകളിൽവന്നിരുന്നു കുനിഞ്ഞും ചരിഞ്ഞും നോക്കി. കിളികൾ കൂട്ടംകൂടി ക്രികു ക്രികു ചിലച്ചു. അവർക്ക് പല സംശയങ്ങളും കാണും. ഉൾഭയമുണ്ടാകും. ഇനി എങ്ങനെ സമാധാനത്തോടെ ഭക്ഷണം കഴിക്കും! ഞാൻ അവർക്കുള്ള ഭക്ഷണവും ഇട്ടുകൊടുത്തു. ലില്ലി വയർ നിറയെക്കഴിച്ചു ചുരുണ്ടുകൂടിക്കിടക്കുകയാണ്. കിളികളും തിന്നു തൃപ്തരായി. അവർ നീന്തിത്തുടിച്ചു. ലില്ലി ഒരുവഴക്കിനും പോയില്ല.
ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ ജീവിതത്തിൽ ലില്ലിവന്നുകയറിയത്.കാലങ്ങൾക്കിപ്പുറം കടന്നുവന്ന് എന്നെ തലോടിപ്പോയ മനുഷ്യദൈവമാണ് ബഷീർ എന്നെനിക്ക് തോന്നി.
ലില്ലിയോട് കൊഞ്ചിക്കുഴഞ്ഞ് അവളുടെ ദേഹം തടവുന്നതിനിടയ്ക്ക് അവളുടെ നഖങ്ങൾ എന്റെ കാലിൽ മുറിവുകൾ ഉണ്ടാക്കി. ചോര വന്നു. ദേഹത്തേക്ക് വിഷം പടരുന്നപോലെ. ദുബായ് ഹെൽത്ത് സെന്ററിലാണ് ആന്റി റാബിസ് വാക്‌സിൻ കിട്ടുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന അഞ്ചു കുത്തിവെപ്പുകളുണ്ട്. എന്തിന്റെ സൂക്കേടായിരുന്നു എനിക്ക്? മറ്റെല്ലാവരെയുംപോലെ അവളുടെ വിശപ്പ് കണ്ടില്ലെന്നുനടിച്ചാൽ പോരായിരുന്നോ? കിളികളെ പിടിച്ചുതിന്നോട്ടെയെന്ന് വിചാരിച്ചാൽ പോരായിരുന്നോ ? ഏറ്റവും അർഹമായത് അതിജീവിക്കുമെന്ന സിദ്ധാന്തം എന്തുകൊണ്ട് ഓർത്തില്ല. എന്തായാലും എന്റെ കാലിന് നല്ല വേദനയുണ്ട്.
അവൾ പിറ്റേന്നും വീട്ടിലേക്കും നോക്കി മ്യാഓ വെച്ചു നിൽക്കുകയാണ്. എന്റെ ഭർത്താവ് അവളെ ഓടിച്ചുവിട്ടു. അവൾ പിന്നെയും പിന്നെയും വന്നു.എന്നെ നോക്കി. ഞാൻ അവളുടെ ദേഹം തടവാനൊന്നും നിന്നില്ല. ഒന്നും സംഭവിക്കാത്തപോലെ അവൾക്കുള്ള ഭക്ഷണം ഇട്ടുകൊടുത്തു. ഭർത്താവ് എന്നെ ശകാരിച്ചു.അവൾ എന്റെ കാലുകൾ മുട്ടിയുരുമ്മി നിന്നു.ആർദ്രതയാണല്ലോ സ്ത്രീ പ്രകൃതി.