ഓടി ഒളിക്കാന്‍ തിടുക്കം കൂട്ടിയ പകലിന്റെ നെറുകയില്‍ ചാര്‍ത്താന്‍ അസ്തമയ സൂര്യൻ സിന്ധൂരപൊട്ടുമായി കാത്തുനിന്നു. ചുവപ്പണിഞ്ഞ തൃസന്ധ്യകളെകാള്‍ എനിക്കിഷ്ടം നിറങ്ങള്‍ ഇല്ലാത്ത രാവുകൾ ആണ്. കറുപ്പെന്ന സത്യം നീണ്ടു കിടക്കുന്ന രാത്രികള്‍, എല്ലായിടത്തും നിശബ്ദമായ ഇരുട്ട് മാത്രം. ഒരു നിശാശലഭമായ് പാറി പറന്നു ദൂരത്തേക്കു എന്‍റെ സ്വപ്നങ്ങളിലൂടെ അങ്ങകലെ നക്ഷത്ര തീരത്തിലേക്ക് ഒരു യാത്ര പതിവാണ് ഈ രാത്രികളിൽ. എനിക്ക് പ്രിയപ്പെട്ട എത്രയോ പേര്‍ ഈ നക്ഷത്ര കൂട്ടത്തിലേക്കു എത്തിചേര്‍ന്നിരിക്കുന്നു.
ഒരു പക്ഷെ നമ്മളെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് സ്വപ്‌നങ്ങള്‍ ആവാം. സ്വപ്നങ്ങള്‍ക്ക് എന്നും ഏഴു വര്‍ണ്ണമാണ്. പലപ്പോഴും ആ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി തന്നെയാണ് നമ്മൾ ഈ ലോകത്തു ജീവിക്കുന്നത് . ആഗ്രഹങ്ങളും, ചിന്തകളും, വേദനകളുമൊക്കെ സ്വപ്നങ്ങളോട് ചേർത്ത് വയ്ക്കുമ്പോൾ ഇരുളിലും നിറഞ്ഞു കത്തുന്ന ദീപ്തസ്മരണകള്‍. നിമിഷവേഗത്തില്‍ പിന്നിട്ട വര്‍ഷങ്ങള്‍,പറഞ്ഞു തീരാത്ത ഒട്ടനവധി കഥകള്‍,
കൊഴിഞ്ഞു വീഴുന്ന പൂവിതളിന്റെ ആത്മനൊമ്പരം അറിയാതെ വീണ്ടും വിടരാന്‍ കൊതിക്കുന്ന പൂക്കള്‍. പുലരികളെ പ്രണയിക്കുമ്പോഴും,അവരറിയാതെ അവരെ പിന്തുടരുന്ന അസ്തമയങ്ങള്‍...അവരെ കാത്തിരിക്കുന്ന രാത്രികള്‍. അങ്ങനെ നാം അറിയാതെ നമ്മെ പിന്തുടരുന്ന പലതും.
വെറുതെ ഓരോന്നോര്‍ത്തു മയങ്ങി പോയി. ഇത്തവണയും പാതി വഴിയില്‍ എന്നെ എന്തോ ഒന്ന് സ്വപ്നത്തിൽ നിന്നും ഉണർത്തി . അല്ലെങ്കിലും ഈ സ്വപ്‌നങ്ങള്‍ പൂര്‍ണം അല്ലല്ലോ. പൂര്‍ണതയില്‍ എത്തിയാല്‍ പിന്നെ അവ സ്വപ്‌നങ്ങള്‍ അല്ല. എനിക്ക് പൂർണ്ണമാകാത്ത സ്വപ്നങ്ങളെ ആണിഷ്ടം. പക്ഷേ കാഴ്ചകൾ വ്യക്തമായി ഓർത്തെടുക്കാൻ കഴിയും.
ആ സ്വപ്നത്തിൽ പതിവിനു വിപിരിതമായി ദൈവം എന്‍റെ അടുത്ത് വന്നു. ഓരോ കാര്യങ്ങളും കഥകളും പറഞ്ഞു ഇരിക്കെ എന്നോടായി ചോദിച്ചു, നിനക്ക് ഇഷ്‌ടമുള്ള ഒരു വരം ചോദിക്കാൻ അവസരം കിട്ടിയാൽ നീ എന്ത് വരം ചോദിക്കും. ഞാൻ ദൈവത്തോട് ചോദിച്ചു ഇത് കാര്യമായിട്ടാണോ!! അതോ എന്നെ കളിയാക്കാനാണോ? ''കാര്യമായിട്ട് തന്നെ ... ചോദിച്ചോളൂ..'' കളി പറഞ്ഞതല്ലെന്നു മനസിലായപ്പോള്‍ .. തമാശ വിട്ട് ഞാന്‍ ചോദിക്കാൻ തീരുമാനിച്ചു. ഒരു പാട് കാലമായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം ചോദിച്ചു.
ചെറുപ്പത്തില്‍ , വലിയ ആളുകള്‍ ചിരിച്ചും കളിച്ചും പോകുമ്പോള്‍ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു എത്രയും പെട്ടെന്ന് വലുതാകണമെന്നും. സ്‌കൂളിൽ പോവണ്ടാത്ത, പാഠപുസ്തകങ്ങൾ ഹൃദിസ്ഥിതം ആക്കേണ്ടാത്ത, അച്ഛന്റെയും അമ്മയുടെയും ശാസന കേൾക്കേണ്ടാത്ത, ആരെയും പേടിക്കേണ്ടാത്ത ഒരു കാലം.
'എനിക്ക് ഒരിക്കല്‍ കൂടി എന്റെ കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോകണം... . നിറയെ പൂക്കളും, ചെടികളും, കുട്ടുകാരും ഉള്ള ആ പഴയ മുറ്റത്ത് ഒന്ന് ഓടി കളിക്കണം, മാവിൽ കയറി മാങ്ങാ പറിക്കണം, പേരക്ക പറിച്ചു തിന്നണം, അമ്പലക്കുളത്തിൽ കുട്ടുകാരോടൊത്തു നീന്തി കുളിക്കണം, അയൽപക്കത്തെ കുട്ടികളുടെ കൂടെ പന്ത് കളിക്കണം, കുട്ടുകാരോടൊത്തു വയല്‍ വരമ്പിലൂടെ നടന്നു സ്‌കൂളിൽ പോകണം, വഴിവക്കിലുള്ള കാടുകളോടും മരങ്ങളോടും കിന്നാരം പറഞ്ഞു സ്ഥിരമായി വൈകി വരുന്ന ആ പഴയ കുട്ടിയാവണം, വഴിയിലുള്ള തോട്ടിലിറങ്ങി കാലു കൊണ്ട് തട്ടി പരല്‍ മീനിനെ പിടിച്ചു കുപ്പിയിലാക്കണം, നെല്ലി മരത്തിലും മാവിലും കല്ലെറിയണം,പഴയ ആ വികൃതി ചെറുക്കാനായി ഒന്ന് കറങ്ങി നടക്കണം അങ്ങനെ ഓരോരോ ആഗ്രഹങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു..
ഞാന്‍ ദൈവത്തിനെ ഒന്നുകൂടി നോക്കി, ദൈവം ശ്രദ്ധയോടെ എന്നെ കേള്‍ക്കുകയായിരുന്നു ..... എന്നോടായി ചോദിച്ചു ഈ കുട്ടികാലം നീ ഒരിക്കൽ അനുഭവിച്ചതല്ലേ? പിന്നെന്തെ ഇപ്പോൾ ഇങ്ങനെ ഒരു ആഗ്രഹം ?
അതെ ഇന്നുള്ള ഈ പ്രാരബ്ദങ്ങളും ബുദ്ധിമുട്ടുകളും കാണുമ്പോള്‍ ഒരിക്കലും വലുതാകാതിരുന്നെങ്കില്‍ എന്ന് തോന്നുന്നു... ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഓണവും വിഷുവും ക്രിസ്മസും എല്ലാം ഒരു പോലെ ആഘോഷിക്കാന്‍ അന്നത്തെ പോലെ ഇന്ന് കഴിയുന്നില്ല . ആഘോഷം മാത്രമല്ല ..ഓരോ ദിവസവും പുലരുന്നത് പുതിയ പുതിയ പ്രശ്നങ്ങളും ആയാണ് .. അന്നത്തെ പോലെ മനഃസമാധാനത്തോടെ ജീവിക്കാൻ ഒരു കൊതി ,ഒരിക്കല്‍ കൂടി ഒന്നും അറിയാതെ കളിച്ചും ചിരിച്ചും അച്ഛന്റെയും അമ്മയുടെയും കൈയിൽ തുങ്ങി നടക്കാന്‍ ഒരു മോഹം.
നിമിഷവേഗത്തില്‍ പിന്നിട്ട വര്‍ഷങ്ങള്‍... കൂട്ടുകാരോട് പറഞ്ഞു തീരാത്ത ഒട്ടനവധി കഥകള്‍...മായാത്ത
കൂട്ടി വച്ച മഞ്ചാടികുരുവും കുന്നിമണികളും കൊണ്ട് എഴുതാന്‍ ശ്രമിച്ച പേരുകള്‍.. കൊളുത്തി വച്ച നിലവിളക്കിന്റെ നിഴലില്‍ മങ്ങിയ വെളിച്ചത്തില്‍ വായിച്ചെടുത്ത പാഠപുസ്തകങ്ങൾ, ഇന്നലെകളുടെ ഒരു ജന്മത്തിലെ മനോഹരമായ ഏടുകളില്‍ മനസ്സ് ചെന്ന് നിൽക്കുന്നു.
വലുതാകണം എന്നത് പ്രകൃതി നിയമമല്ലേ.. വേണ്ടാന്ന് വെക്കാന്‍ ദൈവത്തിന് പോലും പറ്റില്ലല്ലോ...'' ഓർമ്മകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണ് ജീവിതം. നീ ഈ പറഞ്ഞെതെല്ലാം നിന്റെ മാത്രമല്ല എല്ലാവരുടെയും ആഗ്രഹമാണ്.. ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞിട്ടും എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് തിരിച്ചു പോക്ക് . ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന, എന്നാല്‍ ഒരാള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സുവര്‍ണ കാലമാണ് അത്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ എല്ലാവരും ആ കാലത്തേക്ക് മടങ്ങി പോകുമായിരുന്നു. മറുപടി കേട്ടപ്പോൾ ഈ ആഗ്രഹവും നടക്കില്ലെന്ന് എനിക്കുറപ്പായി...
എന്നോടായി പറഞ്ഞു "നീ ഏത് ലോകത്താ ജീവിക്കുന്നത് ? വല്ല നടക്കുന്ന കാര്യവും പറ." നിനക്ക് എന്താണ് ജീവിതം എന്നറിയാമോ ??.. .. മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളരുന്ന ശൈശവം , മധുരിക്കുന്ന ബാല്യം, മറക്കാന്‍ കഴിയാത്ത സ്കൂൾ ജീവിതം , ചോര തിളപ്പിന്റെ യവ്വനം ... കടമ്പകള്‍ നിറഞ്ഞ കുടുംബജീവിതം ... നിര്‍ജീവമായ വാർദ്ധക്യം ....ഇത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതാണ്.. ആരാലും മാറ്റാന്‍ കഴിയാത്തതും. ഒരിക്കല്‍ ആടിയ വേഷം പിന്നീടു സാധ്യമാകാത്ത നാടകമാണ് ജീവിതം.''' കുമിള പോലുള്ള ജീവിതത്തില്‍ സങ്കടപ്പെടുവാന്‍ നേരമില്ല, ജീവിതത്തിന്റെ ഓരോ കാലഘട്ടവും ആസ്വദിക്കുക ജീവിതം ആനന്ദിക്കുക. അപ്പപ്പോൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യുക, പിന്നീട് അതിനെക്കുറിച്ച് ആവലാതിപ്പെടാതിരിക്കുക. നഷ്‌ടപ്പെട്ടതിനെ ഓർത്തു വിലപിച്ചിട്ട് എന്ത് കാര്യം.
നിനക്ക് ഇന്നത്തെ കുട്ടികളെ അറിയില്ല!!.അവർ ശാസ്ത്രത്തിന്റെ സംഭാവനകൾ ആണ്. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ കളിച്ചും, പഠിച്ചും, സഹവസിച്ചും വളരുന്ന കുട്ടികൾ. നീ അടുത്തറിഞ്ഞ ഇന്നലെകൾ അവർക്കു അന്യമാണ്. അവർക്ക് അത് ഒരു ചരിത്രമാണ്. നിന്റെ ചിന്താഗതികൾക്ക് 50 വർഷത്തിലധികം പഴക്കമുണ്ട് , പഴഞ്ചനായ നിന്റെ ആശയങ്ങൾകൊണ്ടും, ആഗ്രഹങ്ങൾകൊണ്ടും. ഈ കാലത്തിനൊത്തു കുട്ടികൾ ആയി ജീവിക്കുവാൻ പ്രയാസമാണ് . ഇപ്പോഴത്തെ കുട്ടികൾ അമ്മയെയും അച്ചനെയും വരെ കൊല്ലാനുള്ള മനസികാവസ്ഥയുള്ള കുട്ടികൾ ആണ്. നീ അന്ന് കണ്ട ലോകമല്ല ഇന്ന് , നീങ്ങുക. കഴിഞ്ഞ കാലത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ ഒരു മയിൽപീലി തുണ്ടു പോലെ മനസ്സിൽ സൂക്ഷിക്കുക!!!.
അതെ, ജീവിതം നീർക്കുമിള പോലെ നൈമിഷികമാണ്.. തിരിച്ചു പോക്ക് അസാധ്യവും. അവസാനമറിയാത്ത യാത്രയിൽ വഴിയിൽ വച്ച് പലതും നഷ്ടമാവാം. ബന്ധുമിത്രാദികൾ, സമ്പത്ത് , ആരോഗ്യം, അങ്ങനെ പലതും. അവസാന രംഗവും ആടിക്കഴിയുമ്പോൾ ഓര്മിക്കപ്പെടുന്നത് നമ്മുടെ പ്രവൃത്തിയുടെ അവശേഷിപ്പുകൾ മാത്രമായിരിക്കും .
തിരികെ നടക്കുക അസാധ്യമായ ഒരു കാര്യമാണ്. ദൈവത്തിന് പോലും കഴിയാത്ത കാര്യം. അതിനെപ്പറ്റി ഓർത്തു വിഷമിക്കാതിരിക്കുക . പൊലിഞ്ഞു പോയ പഴകിയ ഓര്‍മ്മകള്‍ വെറും ഓർമ്മകൾ ആയി തന്നെ നിൽക്കട്ടെ!!