Image

ഉത്തരം നല്‍കുമോ? (കവിത: ബാബു പാറയ്ക്കല്‍ )

Published on 14 March, 2025
ഉത്തരം നല്‍കുമോ? (കവിത: ബാബു പാറയ്ക്കല്‍ )

എങ്ങോട്ടു പോകുന്നെന്നാരാഞ്ഞവൾ മെല്ലെ 
എന്റെ കൺപോളകൾ തുറക്കുന്നതേയുള്ളൂ
അതൊക്കെ ഞാൻ പിന്നെ പറയാമെന്നോമനേ
അതിശീഘ്രം റെഡിയായി ഇറങ്ങി പുറപ്പെടൂ

അമ്മേ പുലർന്നില്ല കോഴിയും കൂവിയില്ല  
അൽപ നേരം കൂടി ഞാൻ കിടന്നുറങ്ങട്ടെ
വിശദീകരിച്ചിടാൻ സമയമില്ലെൻ മുൻപിൽ
നിത്യമാം നിദ്രയെ വേഗം പുണർന്നിടാം

അബ്രഹാം പുലർകാലേ എഴുന്നേറ്റു ബലിക്കായി
യിസഹാക്കിനെ കൂട്ടി  യാത്രയായതു പോലെ
മാലാഖ തുല്യരാം ആ രണ്ടു പിഞ്ചോമനകളെ 
മാതൃമനഃസാക്ഷി മരവിച്ച മുഹൂർത്തത്തിൽ

വെള്ള കീറിയ നേരം ഇടവഴികളിൽക്കൂടവൾ 
വെക്കം കിതച്ചോടി റെയിൽപ്പാത ലക്ഷ്യമായി
ദൂരത്തവൾ കണ്ടാ മരണത്തിൻ സൂര്യഗോളം
പാഞ്ഞടുത്തീടുന്നു കാഹള ധ്വനിയുമായി

വിറയ്ക്കുന്നു പിഞ്ചോമനകൾ ഭയചകിതരായി
വിടാതെ മാറോടു ചേർത്തവൾ ബലിഷ്‌ഠമായി
ഹൃത്തിന്റെ സ്‌പന്ദനം ശ്രവിച്ചിട്ടും അചഞ്ചലം
പൃഥ്വിയിൻ ജീവിതം മതിയാക്കി യാത്രയായി

മാതാപിതാ കൂടെപ്പിറന്നവർ തനയനും സുഖമായി
മയങ്ങവേ ചിതറിത്തെറിച്ചവർ നാടിന്റെ ദുഃഖമായി
ചേർത്തു പിടിക്കുവാനായില്ല ഖിന്നരായി ലോകവും
ഉത്തരം നൽകുമോ സ്വാർത്ഥമാം സഭയും സമൂഹവും
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക