പണ്ട് നടന്ന കഥയാണ്. കൃത്യമായി പറഞ്ഞാൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. വീട്ടിലെ കാര്യം അപ്പടി സ്കൂളിലും സ്കൂളിലെ കാര്യങ്ങൾ അപ്പടി വീട്ടിലും പറയുന്നതിൽ മുൻപന്തിയിൽ ആയിരുന്നു ഞങ്ങൾ സുഹൃത്തുക്കൾ. ഇത്തിരി പൊടിപ്പും തൊങ്ങലും ചേർത്ത് കാര്യങ്ങൾ അവതരിപ്പിക്കാൻ എല്ലാരും മിടുക്കരായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം എൻെറ സുഹൃത്ത് അവളുടെ വീടിനെ പറ്റി പറഞ്ഞു. അൻപത് നിലകളുള്ള
ഓടിട്ട വീട്. അതിന്റെ അമ്പതാമത്തെ നിലയിൽ ഇരുന്നാണ് അവൾ പഠിക്കാറ്. ഭക്ഷണം കഴിക്കുന്നത് ഇരുപതഞ്ചാമത്തെ നിലയിൽ. സ്വപ്ന ജീവിയായ ഞാൻ, അവൾ കഥ പറയുന്നത് അനുസരിച്ചു
എന്റെ മനസ്സിലും അമ്പത് നിലകളുള്ള
വീട് കെട്ടി അവൾ അമ്പതാമത്തെ നിലയിൽ ഇരുന്ന് പഠിക്കുന്നതൊക്കെ സങ്കൽപ്പി ച്ചു കഴിഞ്ഞിരുന്നു.
അപ്പോഴാണ് ഓടിട്ട വീടിനെ പറ്റി അമ്മ പറയാറുള്ള കഥ ഓർമ വന്നത്.
ഓടിട്ട വീട്ടിൽ കള്ളൻ കയറും. ഓട് നീക്കി വീട്ടിലേക്ക് ഇറങ്ങാൻ കള്ളന് എളുപ്പമാ. വാർപ്പിട്ട വീടാണേൽ കള്ളൻ വരില്ല. 50 നിലയുള്ള ഓടിട്ട വീടിനെക്കാൾ നല്ലത് ഇരുനിലയുള്ള എൻെറ വാർപ്പിട്ട വീടാണെന്ന് ഞാനും കാച്ചി.
എന്റെ പ്രിയ സുഹൃത്ത് വീട്ടിൽ പോയി അച്ഛനും അമ്മയ്ക്കും സ്വൈര്യം കൊടുത്തില്ല. അമ്പത് നില വീമ്പടിച്ച സുഹൃത്തിനു രാത്രി ഉറങ്ങാൻ പേടി. ഇരുനിലയുള്ള ഓടിട്ട വീടിന്റെ ഓടി ളക്കി രാത്രി കള്ളൻ വന്നാലോ?
സുഹൃത്ത് ഉറങ്ങിയതുമില്ല അച്ഛനേം അമ്മയെയും ഉറക്കിയതുമില്ല.
അതേ സ്കൂളിലെ അധ്യാപകരായിരുന്നു സുഹൃത്തിന്റെ അച്ഛനും അമ്മയും. പിറ്റേ ദിവസം കഥ സ്റ്റാഫ് റൂമിൽ പാട്ടായി. എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
ഒരു അദ്ധ്യാപകൻ ചോദിച്ചു " ആരാ മോളോട് വാർപ്പിട്ട വീട്ടിൽ കള്ളൻ കയറില്ല, ഓടിട്ട വീട്ടിലേ കയറു എന്ന് പറഞ്ഞത് "?
അതിന്റെ ഉത്തരവാദിത്തം ഞാൻ പെട്ടന്ന് അമ്മയുടെ തലയിലേക്കിട്ടു രക്ഷപ്പെട്ടു. തീർന്നില്ല കാര്യം.
അന്ന് വൈകുന്നേരത്തേക്ക് വീട്ടിലും എത്തി വിവരം. സുഹൃത്തിന്റെ ബഡായിക്ക് മറുപടി പറഞ്ഞ് സുഹൃത്ത് ഉറങ്ങാതായതു അധ്യാപകർ അച്ഛന്റെ ചെവിയിലും എത്തിച്ചു.. എല്ലാവർക്കും ചിരിക്കാൻ ഇത്തിരി വക നൽകി വീണ്ടും സുഹൃത്ത് മുന്നോട്ട്. അടുത്ത കഥ സ്കൂൾ ബാഗ് ആയിരുന്നു. സ്വിച്ചിട്ടാൽ അകത്തു ലൈറ്റ് കത്തുന്ന ബാഗ്. ബാഗിലെ ഓട്ട വഴി പുറത്തെ വെളിച്ചം കാണുന്നതായിരുന്നു ആ ബാഗിലെ ലൈറ്റ് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു. ഇനിയുമുണ്ട് ബഡായി കഥകൾ! പിന്നൊരിക്കൽ ആകട്ടെ!
see more: https://emalayalee.com/writer/254