കഴിഞ്ഞ രണ്ട് ദിവസമായി മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. 73-കാരാനായ താരം ചില ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സിനിമ ചിത്രീകരണത്തിൽ നിന്നും പിന്മാറിയെന്നുള്ള സ്ഥിരീകരിക്കാത്ത ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. മലയാളത്തിൻ്റെ മെഗാതാരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയെന്നായിരുന്നു അഭ്യൂഹങ്ങൾ. പിന്നീട് അതു മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള ചർച്ചയിലേക്ക് വരെ നീണ്ടു.
ഈ ഊഹാപോഹങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം തന്നെ രംഗത്തെത്തി. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും റംസാൻ വ്രതത്തോട് അനുബന്ധിച്ച് താരം സിനിമകളിൽ നിന്നും മറ്റ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം ഇംഗ്ലീഷ് മാധ്യമമായ മിഡ്-ഡേയെ അറിയിച്ചു.
“ഇതൊക്കെ വ്യാജ വാർത്തയാണ്. റംസാൻ വ്രതത്തോട് അനുബന്ധിച്ച് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ചിത്രീകരണങ്ങളിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നത്. ഈ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനോടൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ചിത്രീകരണത്തിൽ പങ്ക് ചേരുമെന്ന് ” മമ്മൂട്ടിയുടെ പിആർ ടീം മഡ്-ഡേയെ അറിയിച്ചു.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ, നയന്‍താര തുടങ്ങിയ വൻ താരനിരയാണ് മഹേഷ് നാരയണൻ്റെ ചിത്രത്തിൽ അണിനിരയ്ക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടി കമ്പനി തന്നെ നിർമിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ കൂടുതൽ താരങ്ങളും ബജറ്റും ഉയർന്നതോടെ ആൻ്റോ ജോസഫ് ഫിലിം കമ്പനി സിനിമയുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു.