Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 3 ജോണ്‍ ജെ. പുതുച്ചിറ)

Published on 17 March, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 3 ജോണ്‍ ജെ. പുതുച്ചിറ)

മൂന്ന്

ഒരൊറ്റ ദിവസംകൊണ്ട് മാളികമുകളില്‍ നിന്ന് മണ്‍കുടിലിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയിലായി മധു.
വീടും പുരയിടവും അന്യാധീനപ്പെട്ടുവെങ്കിലും അവിടെ കൃഷ്ണപിള്ളയുടെ ചിതയൊരുക്കുന്നതില്‍ എന്തുകൊണ്ടോ ശേഖരപിള്ള തടസ്സം പറഞ്ഞില്ല.
അനുശോചനം അറിയിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയവരുടെ മുന്നില്‍ മധു നിസംഗനായി നിന്നു.
മരണം അവന് പുത്തരിയല്ല. പാലൂട്ടി വളര്‍ത്തിയ സ്വന്തം അമ്മയെ ബാല്യകാലത്തു തന്നെ വിധി മരണത്തിലൂടെ അവനില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു.
തനിക്ക് ആ കുറവ് അനുഭവപ്പെടാതിരിക്കാനാണ് നളിനിക്കൊച്ചമ്മയുടെ കഴുത്തിലും പിന്നീട് അച്ഛന്‍ താലിചാര്‍ത്തിയത്.
അമ്മയോളം വരുമായിരുന്നില്ല ആ അമ്മവേഷം.
സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ മധുവിന്റെ കൈകള്‍ വിറച്ചു; കണ്ണുകള്‍ നിറഞ്ഞു.
സാന്ത്വനിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അയാള്‍ ഒരു മുഖം മാത്രമെ തേടിയുള്ളൂ. അതു കണ്ടതുമില്ല.
ഊര്‍മ്മിള എവിടെ?
കേസിന്റെ വിധി അറിഞ്ഞ നിമിഷം അച്ഛന്‍ പിന്നോക്കം വീണതാണ്. ആ നിമിഷം മരിച്ചു.
തന്റെ അച്ഛന്റെ മരണത്തിനു പിന്നിലെ പ്രേരകശക്തി ശേഖരപിള്ളയാണെന്നുള്ളത് ഊര്‍മ്മിളയേയും അലട്ടുന്നുണ്ടാവാം. അതാവാം അവള്‍ തനിക്കു മുഖം തരാന്‍ മടിക്കുന്നത്. അയാള്‍ സ്വയം ന്യായീകരണം കണ്ടെത്തി.
പാവം, അവള്‍ എന്തു പിഴച്ചു!
ഊര്‍മ്മിള നാട്ടില്‍ വന്നിരുന്നുവെന്ന് രാമന്‍നായര്‍ പറഞ്ഞാണ് അറിഞ്ഞത്.
കുടുംബവൈരങ്ങള്‍ പോയി തുലയട്ടെ അവളെ കാണണം. അവളുടെ സാന്ത്വനവചസ്സുകള്‍ കേള്‍ക്കണം.
മധു അവളുടെ മൊബൈല്‍ നമ്പരിലേക്കു ഫോണ്‍ ചെയ്തു.
തുടര്‍ച്ചയായി ബെല്ലടിക്കുന്ന ശബ്ദം മാത്രം. ഒടുവില്‍ അതും നിശബ്ദമായി.
മധുവിന് കാര്യം മനസ്സിലായി.
തന്റെ അച്ഛനെ കേസില്‍ പരാജയപ്പെടുത്തി മരണപ്പെടാന്‍ കാരണക്കാരനായ ശേഖരപിള്ളയുടെ പുത്രിയാണവള്‍. ആ കുറ്റബോധം ഇപ്പോഴും  ഊര്‍മ്മിളയെ അലട്ടുന്നുണ്ടാവും.
സാരമില്ല കുട്ടീ- നിന്നോട് എനിക്ക് ഒരു പരിഭവവുമില്ല.
സംഭവിച്ചതെല്ലാം ദൈവഹിതമെന്ന് താന്‍ സമാധാനിക്കുന്നു. അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. 
അവന്‍ ഊര്‍മ്മിളയുടെ വീട്ടിലെ ലാന്‍ഡ് ഫോണിലൂടെ അവളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.
''ചേച്ചി കോളജിലേക്കു മടങ്ങി-'' എന്നായിരുന്നു അവളുടെ അനുജത്തിയുടെ മറുപടി.
മധു ചിന്താനിമഗ്നനായി താടിക്കും കയ്യും കൊടുത്തിരുന്നു. അയാളുടെ മനസ്സില്‍ ഒരു അലയാഴി. ഭാവിയെക്കുറിച്ച് മനസ്സില്‍ യാതൊരു രൂപവുമില്ല.
പിന്നില്‍ നളിനിക്കൊച്ചമ്മയുടെ കാലൊച്ച.
അവന് ആ സ്ത്രീയോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. തന്റെ അമ്മയുടെ മരണശേഷം അച്ഛന്റെ ജീവിതത്തിലേക്കു കടന്നു വന്ന യുവസുന്ദരി. യൗവ്വനവും സൗന്ദര്യവും ജീവിതത്തില്‍ ഒത്തിരി മിച്ചം നില്‍ക്കെത്തന്നെ അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു.
''മധൂ, വ്യാകുലപ്പെട്ടിരുന്നിട്ട് കാര്യമില്ല. ഭാവി കാര്യങ്ങള്‍ എന്തൊക്കെയാണ്?'' അവര്‍ തിരക്കി.
''ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല കൊച്ചമ്മേ. പഠിത്തം പോലും തുടരാന്‍ കഴിയുമോയെന്നാണ് എനിക്കിപ്പോള്‍ സംശയം.''
''നമ്മള്‍ ഈ നില്‍ക്കുന്ന വീടും പുരയിടവും ഇപ്പോള്‍ അന്യന്റേതാണ്. ഇനി അവര്‍ വന്ന് ഇറക്കി വിടുന്നതിനുമുമ്പ് മറ്റൊരു ഇടം കണ്ടെത്തണം... അല്ലെങ്കില്‍ ഇനിയും കൂടുതല്‍ നാണക്കേടാവും...''
''എനിക്കു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല കൊച്ചമ്മേ- തലയ്ക്കു ഭ്രാന്തു പിടിക്കുമെന്നു തോന്നുന്നു...''
''ആരോടെങ്കിലും കുറെ പണം കടം വാങ്ങാമോന്നു നോക്ക്. ഒരു വീടു വിലയ്ക്ക് വാങ്ങാം. അല്ലെങ്കില്‍ വാടകയ്‌ക്കെടുക്കാം. എന്നിട്ട് നമുക്ക് അവിടേയ്ക്കു മാറാം.''
''ഇപ്പോള്‍ നമ്മള്‍ പാപ്പരാണ്. ഈ പരിതസ്ഥിതിയില്‍ ഞാന്‍ പണം കടം ചോദിച്ചാല്‍ ആരു തരാനാണു കൊച്ചമ്മേ!''
''നമ്മള്‍ പിന്നെ എങ്ങോട്ടു താമസം മാറ്റും? എങ്ങനെ ജീവിക്കും? അതു പറയൂ-''
മധുവിന് മറുപടി ഇല്ലായിരുന്നു.
അവര്‍ മറുപടി പ്രതീക്ഷിച്ചിരുന്നതുമില്ല. മധുവിന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നതിനുശേഷം അവര്‍ അകത്തേയ്ക്കു കയറിപ്പോയി.
മധു വഴിയിലിറങ്ങി അലക്ഷ്യമായി മുന്നോട്ടു നടന്നു.
പലരും സഹതാപത്തോടെ നോക്കുന്നതു കണ്ടു. മറ്റു ചിലര്‍ എന്തൊക്കെയോ ചോദിച്ചു. ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.
വീണ്ടും മുന്നോട്ടു നടന്നു-
മുന്നോട്ടു മുന്നോട്ടു മുന്നോട്ട്-!
അലക്ഷ്യമായ അനന്തയാത്ര.
സന്ധ്യയായപ്പോള്‍ മധു തിരിച്ചു നടന്നു. കാലുകള്‍ പല തവണ ഇടറി. ഒന്നു രണ്ടു തവണ അവന്‍ നിരത്തില്‍ കുഴഞ്ഞു വീണു.
വീട്ടിലെത്തുമ്പോള്‍ രാത്രിയായിരുന്നു.
അവന്‍ മുറ്റത്തെത്തി; വരാന്തയിലെത്തി.
പെട്ടെന്ന് സര്‍പ്പത്തെ ചവുട്ടിയിട്ടെന്നവണ്ണം ഒരു നിമിഷം അവന്‍ ഞെട്ടിത്തെറിച്ചു നിന്നുപോയി.
ഗൃഹനാഥന്‍ മരിച്ചിട്ട് സഞ്ചയനം പോലും നടക്കാന്‍ സമയമാകാത്ത ഈ വീട്ടില്‍ നിന്ന് ഒരു പൊട്ടിച്ചിരി ഉയരുകയോ!
അവന്‍ നടുങ്ങി വിറച്ചു നിന്നു.
വീണ്ടും ആ കുണുങ്ങിച്ചിരി. ഇത്തവണ അവന്‍ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് വിധവയായിത്തീര്‍ന്ന നളിനിക്കൊച്ചമ്മ!
(തുടരും.....)

Read More: https://emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക