Image

അത്മായര്‍ പ്രതിഷേധിച്ചു തുടങ്ങി; ഇനി അടിമകളാകാന്‍ കിട്ടില്ല (ഉയരുന്ന ശബ്ദം-119: ജോളി അടിമത്ര)

Published on 18 March, 2025
അത്മായര്‍ പ്രതിഷേധിച്ചു തുടങ്ങി; ഇനി അടിമകളാകാന്‍ കിട്ടില്ല (ഉയരുന്ന ശബ്ദം-119: ജോളി അടിമത്ര)

പകര്‍ച്ചവ്യാധി പടരും പോലെയാണ് ആത്മഹത്യകളും. അടുത്തിടെ ഒരമ്മ തന്റെ പെണ്‍കുഞ്ഞുങ്ങളുമായി കോട്ടയത്ത് ട്രെയിനിനു മുന്നില്‍ ചാടിയ വാര്‍ത്ത മലയാളി സമൂഹത്തെ നടുക്കി. നാലു ദിവസം കഴിഞ്ഞതേയുള്ളൂ മറ്റൊരമ്മ തകഴിയ്ക്കടുത്ത് മകളുമായി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

ഇന്ന് എന്റെ ഒരു പഴയ ഫ്രണ്ടിനെ ഏറെക്കാലത്തിനു ശേഷം അപ്രതീക്ഷിതമായി ഞാന്‍ കണ്ടുമുട്ടി. അവരെന്നോട് തന്റെ വീട്ടില്‍ അഭയം തേടിയിരിക്കുന്ന കൂട്ടുകാരിയെപ്പറ്റി പറഞ്ഞു. രണ്ടാം വിവാഹം കഴിഞ്ഞ സ്ത്രീയാണ്. ആ വീട്ടില്‍ നില്‍ക്കാനോ ഭര്‍ത്താവിനൊപ്പം താമസിക്കാനോ ഭര്‍ത്താവിന്റെ മക്കള്‍ സമ്മതിക്കുന്നില്ല. ഒരു പാഴ് വിവാഹത്തിന് ബലിയാടായല്ലോ എന്ന ചിന്ത. കബളിപ്പിക്കപ്പെട്ടെന്ന തോന്നല്‍, അപമാനഭാരം. ''ഞാന്‍ ഷൈനിയെപ്പോലെ ചെയ്തുകളയും, മറ്റൊരു വഴിയും എനിക്കില്ല,'' എന്ന് പറഞ്ഞുള്ള കരച്ചില്‍. ജീവിതം തകരുന്നെന്നു തോന്നിയാലുടന്‍ ഷൈനിയെ ഓര്‍മിക്കുന്ന ഒരു പ്രവണത. അതൊരു പകര്‍ച്ചവ്യാധിപോലെ പടരുന്നു. ആരെയൊക്കെയോ തോല്‍പ്പിക്കാനുള്ള എളുപ്പവഴിയാണ് ആത്മഹത്യഎന്ന തോന്നല്‍.

കൂട്ടുകാരിയെ എനിക്കറിയാവുന്ന സ്ത്രീസംരക്ഷണ കേന്ദ്രത്തിലെത്തിക്കാനും  കൗണ്‍സലിംഗിന് വിധേയമാക്കാനും ആ സ്ത്രീയോട്  പറഞ്ഞു. താല്‍ക്കാലികമായി വേണമെങ്കില്‍ അവിടെ പാര്‍ക്കാനും ഏര്‍പ്പെടുത്തി. മാത്രമല്ല അവരുടെ ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പു നല്‍കി. ഒരു സ്ത്രീയുടെ മനസ്സില്‍ ആളിക്കത്തുന്ന ആത്മഹത്യയുടെ തീയെ കെടുത്താന്‍ ഇത്രയൊക്കെ മതി. വിളിപ്പാടകലെ സ്ത്രീസംരക്ഷണ കേന്ദ്രങ്ങളുണ്ടായിട്ടും  ഷൈനി  അതേപ്പറ്റി ആലോചിക്കഞ്ഞതെന്തെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒന്നുകില്‍ അമിത ആത്മാഭിമാനം, അല്ലെങ്കില്‍ നാണംക്കേട് വിചാരിച്ചു. അതല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളെപ്പറ്റി അറിവില്ലായ്മ.

ആ മരണവീട്ടില്‍ ഞാനും പോയിരുന്നു. വീടിന്റെ ടെറസ്സില്‍ തലേന്ന് കഴുകിയിട്ട കുഞ്ഞുങ്ങളുടെ ഉടുപ്പുകള്‍ കാറ്റില്‍ ആടുന്നത് ചൂണ്ടിക്കാണിച്ച് അയല്‍ക്കാരികള്‍ വാവിട്ടു കരഞ്ഞു. അകത്തെ മുറിയില്‍  അടച്ചുമൂടിയ രണ്ടു കുഞ്ഞുശവപ്പെട്ടികളും ഒരു വലിയ പെട്ടിയും. ചിതറിയ മാംസക്കഷണങ്ങളല്ലാതെ മറ്റൊന്നും ശേഷിക്കാത്തതുകൊണ്ട് പെട്ടി തുറക്കേണ്ടിവന്നില്ല. അല്ലെങ്കില്‍ത്തന്നെ തുറന്ന് അവസാനത്തെ മുത്തം കൊടുക്കാന്‍ ഷൈനിക്ക് ഈ ഭൂമുഖത്ത് ആരും ശേഷിക്കുന്നില്ലല്ലോ. അവിടെ കൂടിനിന്ന എല്ലാ മനുഷ്യരും വിങ്ങിപ്പൊട്ടുകയായിരുന്നു. രണ്ടുനാള്‍കൊണ്ട് എല്ലാ മനുഷ്യരും അവരെ മറക്കും എന്നാണ് ഞാന്‍ കരുതിയത്. ഇല്ല,ഷൈനി ഒരു തുടക്കമാണ്. എന്തിന്റെയൊക്കയോ..

ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് ഒരു പ്രേരണയെന്നതിനെക്കാള്‍ നീതികേടിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുത്താന്‍ ഷൈനിക്കു കഴിഞ്ഞു. ജീവിച്ചിരുന്ന ഷൈനിയേക്കാള്‍ മരിച്ച ഷൈനിയാണ് ശക്ത. കാരണം ആ മരണത്തോടെ ജനം ഉണര്‍ന്നു, ക്‌നാനായ കത്തോലിക്കാസഭ ഉണര്‍ന്നു. ഇനി ഒരനീതിക്കു കൂട്ടു നില്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ നിരത്തുകളില്‍ പ്രതിഷേധിച്ചു തുടങ്ങി.  

കോട്ടയത്ത് എനിക്കു സമീപത്തുള്ള സെന്റ്‌തോമസ് ക്‌നാനായ പള്ളിയിലെ വിശ്വാസികള്‍ ശക്തമായ പ്രതിഷേധക്കൂട്ടായ്മയുമായി രംഗത്തുണ്ട്. ഷൈനിയുടെ തൊടുപുഴ ഇടവകപ്പള്ളിയിലെ വിശ്വാസിസമൂഹവും വലിയ പ്രതിഷേധകൂട്ടായ്മ നടത്തി. പുരോഹിതര്‍ക്കു നേരെ അവര്‍ ചോദ്യശരങ്ങളുയര്‍ത്തുന്നു .ജോലി നിഷേധിച്ച സഭാവക സ്ഥാപനങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുന്നു.. പത്രങ്ങളിലൊക്കെ ആ വാര്‍ത്തകളും ഫോട്ടോയും നല്‍കുന്നു.

ഇതിനു മുമ്പ് ഒറ്റ കുഞ്ഞാടുകളും പുരോഹിതര്‍ക്കെതിരെ ഒരക്ഷരം ഉരിയാടുകയില്ലായിരുന്നു. അച്ചന്‍മാര്‍ കണ്ണുരുട്ടിയാല്‍ മുണ്ടുനനയുന്ന അല്‍മായര്‍ ആകെ മാറിപ്പോയിരിക്കുന്നു. ഒരു വിശ്വാസിയുടെ വീട്ടില്‍ ഒരു കുടുംബപ്രശ്‌നം ഉണ്ടായാല്‍ ആത്മീയ പിതാവെന്ന നിലയില്‍ അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇടവകപ്പട്ടക്കാരനുണ്ട്. ബിഎസ് സി നഴ്‌സായ ഒരു യുവതി ജീവിക്കാനും മക്കള്‍ക്കു ഫീസ്‌കൊടുക്കാനുമായി പറമ്പില്‍ കൂലിപ്പണിചെയ്യേണ്ടിവരുന്ന ഗതികേട് അറിഞ്ഞിട്ടും പട്ടക്കാരന്‍ അനങ്ങിയില്ല. പത്തു വര്‍ഷമായി ആ വീട്ടില്‍ അവള്‍ നേരിട്ട ക്രൂരതകളും അപമാനവും അദ്ദേഹം അറിഞ്ഞില്ലപോലും. അതിഭയങ്കരമായ മര്‍ദ്ദനങ്ങളും അപമാനങ്ങളും ആരോടും പറയാന്‍ കഴിയാത്ത മാനക്കേടുകളും നേരിട്ടപ്പോഴും മക്കള്‍ക്കായി പിടിച്ചുനിന്നു. സ്വന്തം വീട്ടുകാരില്‍ പ്രതീക്ഷവച്ചുകൊണ്ട് ആ പാതിരാവില്‍ കണ്ണീരോടെ ഭര്‍തൃഗൃഹത്തില്‍നിന്ന് കോട്ടയത്തെ വീട്ടിലേക്കു എത്തി. മര്‍ദ്ദനമേറ്റ് ചതഞ്ഞ ശരീരത്തില്‍ കെട്ടിപ്പിടിച്ച് രണ്ട് ഒമനക്കുഞ്ഞുങ്ങള്‍.

ഒമ്പതു മാസം പിന്നിട്ടപ്പോഴേക്കും മകളും കൊച്ചുമക്കളും ഷൈനിയുടെ വീട്ടുകാര്‍ക്കും ഭാരമായിക്കാണും. ജോലിതേടിയ ഇടങ്ങളെല്ലാം മനപൂര്‍വ്വം ചിലര്‍ കൊട്ടിയടച്ചപ്പോള്‍ നിവൃത്തിയില്ലാതെ , ഷൈനി മരണത്തിലേക്ക് നടക്കുകയായിരുന്നു.

എത്രയെത്ര ഷൈനിമാര്‍ ഇതിനു മുമ്പായി കടന്നുപോയി. ഇനി പോകാന്‍ ശേഷിക്കുന്നു. നമ്മള്‍ക്കും വേണ്ടേ ചില ഉത്തരവാദിത്തങ്ങള്‍ ? സഭയ്ക്കും വൈദികര്‍ക്കുമില്ലേ ഉത്തരവാദിത്തങ്ങള്‍.. അല്‍മായരുടെ കാശുമാത്രം മതിയോ സഭയ്ക്ക്. ആത്മഹത്യ പാപമാണെന്ന് പറയുന്ന സഭ കുഞ്ഞാടുകള്‍ അതു ചെയ്യാതിരിക്കാന്‍ വേണ്ട കരുതല്‍കൂടെ എടുക്കണം. കുമ്പസാരത്തിലൂടെ സകല മാനസ്സിക ക്ഷോഭങ്ങളും പുരോഹിതന്റെ മുന്നില്‍ ഇറക്കിവച്ച , കത്തോലിക്ക വിശ്വാസിയായ ഷൈനിക്കുവേണ്ടി താന്‍ എന്തു ചെയ്തു എന്ന് ആ ഇടവകയിലെ പുരോഹിതന്‍ ആത്മപരിശോധന നടത്തണം.

ഷൈനിയുടെ മരണം നല്‍കിയ ഷോക്കില്‍ ഒരോരുത്തരും സ്വയം കുറ്റപ്പെടുത്തുന്നു, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു.. എന്തെങ്കിലും ചെയ്യാമായിരുന്നു.

ഇനി ഒന്നേ ചെയ്യാനുള്ളൂ, ജീവിനും മരണത്തിനുമിടയിലൂടെ കടന്നുപോകുന്ന ഷൈനിമാരെ സഹായിക്കുക.
ഒറ്റപ്പെട്ടവളായി ഒരു സ്ത്രീയെ കണ്ടുമുട്ടിയാല്‍ ആശ്വാസം പകരുക എന്നത് ഒന്നാമത്തെ കടമ. ആരൊക്കയോ ഒപ്പമുണ്ട് എന്ന തോന്നല്‍ നല്‍കുന്നത്  അവര്‍ക്കൊരു ബലമാകും. അവരുടെ ദുഖത്തെ കേള്‍ക്കാന്‍ ഇത്തിരി സമയം മാറ്റി വയ്ക്കുന്നത് ദൈവമുമ്പാകെയും ഒരു പുണ്യകര്‍മ്മമാണ്. ചില നേരങ്ങളില്‍ നമ്മുടെ അരികിലേക്ക് അശരണരായ ചില ആളുകള്‍ എത്തിയിട്ടില്ലേ? അവര്‍ താനെ വന്നതല്ല കേട്ടോ..ദൈവം അവരെ നമ്മിലേക്ക് പറഞ്ഞുവിട്ടതാണ്. എന്നിട്ട് നാം എന്തു ചെയ്യുന്നു എന്ന് ദൈവം ഉറ്റുനോക്കും. ചെറിയ ഒരു സഹായമെങ്കിലും ചെയ്യാമായിരുന്നിട്ടും നമ്മള്‍ മുഖം തിരിച്ചെങ്കില്‍ അതിന് എപ്പോഴെങ്കിലും വലിയ വില കൊടുക്കേണ്ടി വരും.

ഞാന്‍ പറഞ്ഞല്ലോ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടുമുട്ടിയ സ്ത്രീയെപ്പറ്റി. എന്റെ  ഭര്‍ത്താവിന്റെ കണ്ണിന്റെ  സര്‍ജറിയുമായി ബന്ധപ്പെട്ടു ആസ്പത്രിയില്‍  പോയതാണ്. അവിടെ വച്ച് 25 വര്‍ഷത്തിനു ശേഷമാണ് ആ പഴയ സുഹൃത്തിനെ കണ്ടത്. വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോഴാണ് അവരുടെ കൂട്ടുകാരി വീട്ടിലുണ്ടെന്നും കടുത്ത ഡിപ്രഷനിലാണെന്നും ഷൈനിയുടെ ആത്മഹത്യയെപ്പറ്റി ഇടയ്ക്കിടെ സൂചിപ്പിക്കുന്നു എന്നും പറയുന്നത്. സൗജന്യ നിയമസഹായത്തിനും കൗണ്ടസലിംഗിനും പറ്റിയ ഇടമുണ്ടെന്നും പിറ്റേന്നുതന്നെ അവിടെ എത്തിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ത്തന്നെ ആ സെന്ററില്‍ വിളിച്ച് സമയം നിശ്ചയിച്ചു. പിറ്റേന്ന് ആ സ്ത്രീയെകൂട്ടി എന്റെ സുഹൃത്ത് അവിടെ ചെന്നു, സംസാരിച്ചു. അടുത്ത ദിസവം കൗണ്ടസലിംഗിനു അവര്‍ പോയിത്തുടങ്ങും.

എന്റെ സുഹൃത്തിനെപ്പറ്റി എനിക്ക് വലിയ മതിപ്പായി. ആ സ്ത്രീയെ ചേര്‍ത്തു പിടിച്ചതിന്, ഇത്രയുമൊക്കെ ചെയ്തു കൊടുത്തതിന്. ആ സമയത്ത് എന്തിനു ഞങ്ങള്‍ 25 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടി. ഈ പ്രശ്‌നം എന്തിന് എന്നോടു പങ്കു വച്ചു.. അത് ദൈവത്തിന്റെ നിര്‍ദ്ദേശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പിരിയുമ്പോള്‍ അവര്‍ എന്നോടു പറഞ്ഞു,''അവരെ എങ്ങോട്ടു വിടണമെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. ഇപ്പോള്‍ ഒരു സമാധാനമായി,'' എന്ന്.

അവര്‍ക്ക് തലചായിക്കാന്‍ ഇടമുണ്ട്, പണത്തിന്റെ ആവശ്യമില്ല..പക്ഷേ വേണ്ടത് പിന്തുണയാണ്, ധാര്‍മിക പിന്തുണ്. അതു കൊടുക്കാന്‍ നമ്മള്‍ക്ക് ഒരു ചെലവുമില്ലതാനും .എന്നിട്ടും നമ്മളെന്തേ പിശുക്കരാവുന്നു..
 

Join WhatsApp News
jacob 2025-03-21 00:47:06
Why continue in a church that will not help you? Join another church where there is good fellowship and help. A church where members or priests will not help other members will not prosper. I know leaving a church of our parents is not an easy decision. Sometimes, that is a better choice. Jesus Christ is not just connected to any particular denomination. In the New Testament, church is not just a building, but a body of believers. Please do this only if there is no help from the current church a person is attending.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക