'യോഗമുള്ളവന് തേടി വെയ്ക്കണ്ടാ'- എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല്‍ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്‍ക്കല്‍ വന്നു മുട്ടും.
എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര്‍ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ!
'എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാര്‍. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തി. അത് കൂടുതല്‍ ആകര്‍ഷണീയമാക്കി.
'ഒരു രൂപാ നോട്ടുകൊടുത്താല്‍
ഒരു ലക്ഷം കൂടെപ്പോരും.....
ഭാഗ്യം കയറിവരുന്ന രഹസ്യം
പാവം പയ്യനറിഞ്ഞില്ല
അമ്പിളി പോലൊരു പെണ്ണുംകെട്ടി
അവനിന്നിമ്പാലയില്‍ നടപ്പൂ......'
അടൂര്‍ ഭാസി പാടി അഭിനയിച്ച ഈ ഗാനം പണ്ട് വളരെ പ്രസിദ്ധമായിരുന്നു.
കുതിരപ്പന്തയത്തില്‍ ഒരു കൈ നോക്കി കുത്തുപാളയെടുത്ത പലരുമുണ്ട്.
'കാസിനോ'കളോട് കമ്പമുള്ള അമേരിക്കന്‍ മലയാളികള്‍ ധാരാളം. ആയിരവും രണ്ടായിരവും മുടക്കുമ്പോള്‍, ഒരു നൂറു ഡോളര്‍ തിരിച്ചുകിട്ടിയാല്‍ അവര്‍ വെരി വെരി ഹാപ്പി. ആ നൂറു രൂപയുടെ ചൂണ്ടയില്‍ അവര്‍ കുരുങ്ങിപ്പോകും., വീണ്ടും പോകാനുള്ള ഒരു പ്രലോഭനം.
ഇത്രയുമൊക്കെ ആമുഖമായി പറയുവാന്‍ കാരണം, ഈയടുത്തകാലത്ത് ശ്രദ്ധയില്‍പ്പെട്ടൊരു വാര്‍ത്തയാണ്.
'സ്റ്റാര്‍ ബക്ക്‌സ് ' എന്ന പ്രസിദ്ധമായ സ്ഥാപനത്തില്‍ നിന്നും ചായ വാങ്ങിയ ഒരുത്തന്റെ ദേഹത്ത് ചൂടു വെള്ളം വീണു. അടപ്പ് ശരിക്ക് അടയ്ക്കാതെയാണ് കപ്പ് കൈമാറിയതെന്നാണ് ആരോപണം.
തിളച്ച വെള്ളം വീണത് അവന്റെ മണിമംഗലത്താണ്. പ്രതിഷ്ഠയാകെ പൊള്ളി നാശമായി. ഇത്രയും കാലം പൊന്നുപോലെ പൊതിഞ്ഞുകൊണ്ടു നടന്ന 'സാധനം' ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് മുക്കുപണ്ടമായത് എങ്ങിനെ സഹിക്കും?
വിവാഹ ആലോചനയുമായി വരുന്നവര്‍, മോഹന്‍ലാല്‍ സിനിമയിലെപ്പോലെ 'സാധനം കൈയ്യിലുണ്ടോ?' എന്നു ചോദിച്ചാല്‍ എന്തു സമാധാനം പറയും.
ഇത് അമേരിക്കയാണ്. അന്യന്റെ അശ്രദ്ധ മൂലമുണ്ടാകുന്ന ശാരീരികവും, മാനസീകവുമായ എല്ലാ ക്ലേശങ്ങള്‍ക്കും മാന്യമായ നഷ്ടപരിഹാരം ലഭിക്കുവാനുള്ള വകുപ്പുണ്ട്.
ഈ ചെറുപ്പക്കാരന് പറ്റിയ നഷ്ടത്തിന് എത്ര വലിയ തുക കൊടുത്താലും അതൊരു പരിഹാരമല്ല. നഖം വെട്ടുന്ന ലാഘവത്തോടെ ഹൃദയം പോലും മാറ്റിവെയ്ക്കാവുന്ന തരത്തില്‍ മെഡിക്കല്‍ സയന്‍സ് വളര്‍ന്നിട്ടും, ഈ ഒരു സാധനം മാറ്റി, പകരം പുതിയൊരെണ്ണെം വയ്ക്കാവുന്ന സമ്പ്രദായം ഇതുവരെ നടപ്പില്‍ വന്നിട്ടില്ല. വേണമെങ്കില്‍ സ്‌കിന്‍ ഗ്രാഫ്റ്റിംഗ് പോലെയുള്ള ചില അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്നു മാത്രം.
മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ ഈ ഒരു ഉപകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്.
അത്ര വിലപിടിപ്പുള്ള ഒരു സാധനമാണ്, തിളച്ചവെള്ളം വീണ് ആകെപ്പാടെ ഹല്‍ഗുത്തായത്.
ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ! വക്കീലായി, കേസായി, കോടതിയായി. വിചാരണ വേളയില്‍, വനിതകളായ പല ജൂറിയംഗങ്ങളും വിതുമ്പി കരഞ്ഞു എന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.
ആവലാതിക്കാരന്റെ ശാരീരിക വേദന, മാനസീക വിഷമം, ലൈംഗിക സുഖ നഷ്ടം, നാണക്കേട്, അവയവ രൂപവൈകൃതം- അങ്ങിനെ വിവിധ വകുപ്പുകളെല്ലാം കൂടിചേര്‍ത്ത് അമ്പത് മില്യന്‍ ഡോളര്‍ നല്‍കുവാന്‍ ജൂറി ഉത്തരവായി.
നോക്കിക്കോണെ, ഓരോരുത്തന്മാരെ ഭാഗ്യം തേടിവരുന്ന വഴികള്‍!
വൈകുന്നേരം വാര്‍ത്ത കണ്ടുകൊണ്ടിരുന്ന എന്നോട്, പ്രിയതമ പുഷ്പ പതിവില്‍ക്കവിഞ്ഞ സ്‌നേഹം നടിച്ചുകൊണ്ട് ചോദിച്ചു: 'എന്തിനാ ഈ ടിവിയുടെ മുന്നില്‍ സദാ സമയവും വായുംപൊളിച്ചുകൊണ്ടിരിക്കുന്നത്? പുറത്തെങ്ങാനും പോയി ഒന്നു ഫ്രഷായി വരരുതോ?'
ബാക്ക് യാര്‍ഡില്‍ ചെടിക്കു വെള്ളം നനക്കുവാന്‍ പോയാല്‍, നൂറു ചോദ്യം ചോദിക്കുന്നവളാണ് പതിവില്ലാതെ ഈ ഉപദേശം നല്‍കുന്നത്.
'എന്താടി പതിവില്ലാത്ത ഒരു സ്‌നേഹം?
'ഓ- ഇങ്ങേര് ഇവിടിരുന്ന് ബോറടിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞതാ!'
സമാധാനമായ ഒരു കുടുംബ ജീവിതത്തിന് അനുസരണം നല്ലതാണെന്ന് അനുഭവിച്ചിട്ടുള്ള ഞാന്‍, അവളുടെ നിര്‍ദേശ പ്രകാരം പുറത്തേക്ക് പോകാനൊരുങ്ങി.
' സ്റ്റാര്‍ബക്ക്‌സില്‍ നല്ല കോഫി കിട്ടും. അവിടെ നിന്നും നല്ല ചൂടുള്ള ഒരു കാ്പ്പിയൊക്കെ കുടിച്ച് പതിയെ വന്നാല്‍ മതി.' അവളുടെ ഒരു കരുതല്‍.
ഞാന്‍ വീടിന്റെ പടിയിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും പതുങ്ങിയ സ്വരത്തില്‍ ഒരു പ്രാർത്ഥന കേട്ടു.
' കര്‍ത്താവെ! അമ്പത് മില്യനൊന്നും വേണ്ടാ, ആ പോന്ന മൊതലിന് ഒരു അമ്പതിനായിരമെങ്കിലും കിട്ടിയാല്‍ മതി. ആ കൈയിലിരിക്കുന്ന സാധനം കൊണ്ട് ആര്‍ക്കും വലിയ പ്രയോജനമൊന്നുമില്ലല്ലോ!'
ഇതാണ് ഭാര്യ- ഇതാവണം ഭാര്യ!