Image

ഓർക്കണം (കവിത: വേണു നമ്പ്യാർ)

Published on 20 March, 2025
ഓർക്കണം (കവിത: വേണു നമ്പ്യാർ)

ശിരസ്സും ഹൃദയവും തമ്മിൽ 
ദൂരം ചെറുതെങ്കിലും
തിരുഹൃദയത്തെ കണ്ടെത്താനുള്ള ശിരസ്സിന്റെ തീർത്ഥയാത്ര 
ഒരു നീണ്ട നരകയാത്രയ്ക്ക് സദൃശമത്രെ!

ഹൃദയത്തിനു അടിയറവ്
പറയുന്നതിലുള്ള ആനന്ദം
ശിരസ്സിന്റെ ആദിമനിഷ്കളങ്കതയ്ക്ക്
മോടി കൂട്ടുന്നു
മുൾക്കിരീടവും ചൂടി മരിക്കുവാനും
മൂന്നു രാവുകൾക്കു ശേഷം
പുനർജനിക്കുവാനും
ശിരസ്സ് തിടുക്കപ്പെടുന്നു
അസംഖ്യം പരിക്കുകൾക്കും
പരാജയങ്ങൾക്കും ഒടുവിൽ
ഹൃദയത്തിന്റെ ശാശ്വതമായ സൗന്ദര്യത്തിനുമുന്നിൽ
സർവ്വാപരാധവുമേറ്റ് പറഞ്ഞ്
ശിരസ്സ് കുമ്പിടട്ടെ!

ശിരസ്സിലെ ഇരുകണ്ണ്
ഹൃദയത്തിന്റെ നിത്യതയിലേക്ക്
തുറക്കുന്ന ചില്ലുജാലകമല്ലയൊ
ശിരസ്സിന്റെ നാവ്
നിറം കലർത്തി സംസാരിക്കുന്നത്
ആരെ സ്തുതിക്കാനാണ്
ശിരസ്സിന്റെ സംസാരമത്രയും
വിരൽ ചൂണ്ടുന്നതു
പ്രാചീനമായ ഒരു
നിശ്ശബ്ദതയിലേക്കല്ലോ!

ശിരസ്സ് 
ഹൃദയത്തെ ഒറ്റുകൊടുക്കുന്നതു
മുപ്പത് ചില്ലിക്കാശിനു വേണ്ടി
ആ കാശ് കൊടുത്തു വാങ്ങിയ
പറമ്പിലെ രക്തപുഷ്പങ്ങൾ 
വിടർന്ന മരക്കൊമ്പിൽ
നാവ് വെളിയിലേക്കിട്ട നിലയിൽ
ചെരിഞ്ഞ ചോദ്യചിഹ്നം പോലെ
ഒരു തലയുടെ ക്ഷമാപണം.

പെരുതായറിയാൻ തല 
കീറി മുറിക്കും; ഹൃത്തൊ
ഏകാന്തതയിൽ തുന്നിക്കൂട്ടും 
നവജാതശിശുക്കൾക്കായി
പുത്തനുടുപ്പുകൾ!

ശിരസ്സ് അനുവദിച്ചു തരുന്ന
പരിമിതമായ സ്വാതന്ത്ര്യത്തെക്കാൾ ശ്രേഷ്ഠം ഹൃദയമെന്ന തടവറയുടെ 
വിസ്താരമല്ലയോ!

ശിരസ്സിന്റെ ദുഃഖം 
ഹൃദയത്തോട് പറക വയ്യ
തൽക്കാലം കണ്ണീരത് മൊഴിയട്ടെ
സത്യം പറക വയ്യ
തൽക്കാലം സ്നേഹമത് അരുളട്ടെ
സൗന്ദര്യം ചൊൽക വയ്യ
തൽക്കാലം ദയ അത് വർണ്ണിക്കട്ടെ
ആനന്ദം നിർവ്വചിക്കാൻ വയ്യ
തൽക്കാലം അനുഭൂതി 
അത് വിളംബരം ചെയ്യട്ടെ!

ശിരസ്സ് ശൂന്യതയെ
വിസ്തരിക്കാൻ പാടു പെടുന്നു
ഹൃദയം നിറവാർന്ന ശൂന്യതയെ
കരളോട് ചേർത്തു പിടിക്കുന്നു.

മറക്കണം എല്ലാം എല്ലായ്പ്പോഴും!
ശിരസ്സിന്റെ ആത്മപ്രേമഗീതം ശ്രവിച്ച
ഹൃദയം നിർത്താതെ മന്ത്രിക്കുന്നു:
ഓർക്കണം എല്ലാം എല്ലായ്പ്പോഴും!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക