Image

പാൻ ഇന്ത്യൻ മിഡ്‌നൈറ്റ് സർപ്രൈസുമായി 'എമ്പുരാൻ' ; ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്

Published on 20 March, 2025
പാൻ ഇന്ത്യൻ മിഡ്‌നൈറ്റ് സർപ്രൈസുമായി 'എമ്പുരാൻ' ; ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്

ആരാധകരെ ആവേശത്തിലാക്കി എമ്പുരാന്റെ സ‍ർപ്രൈസ് ട്രെയിലർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ട്രെയിലർ പുറത്ത് വിട്ടിട്ടുണ്ട്. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലർ പുറത്തിറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും നേരത്തെ അർദ്ധരാത്രിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷത്തിൽ പരം ആളുകളാണ് ട്രെയിലർ കണ്ടത്. കമന്റ് ബോക്സ് മുഴുവൻ ആരാധകരുടെ ആവേശം നിറയുകയാണ്.

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ സിനിമയാണ് എമ്പുരാൻ. മലയാള സിനിമ കണ്ടതിൽ വെച്ചുതന്നെ ഏറ്റവും ബ്രഹ്മാണ്ഡ റിലീസിനാണ് എമ്പുരാനിലൂടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നി‍ർമ്മിക്കുന്ന ചിത്രം മാർച്ച് 27 നാണ് ആ​ഗോള റിലീസിനെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ എന്ന പ്രത്യേകതയും എമ്പുരാനാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2019 ൽ റിലീസ് ചെയ്ത ഒന്നാം ഭാഗം ലൂസിഫർ, റെക്കോർഡ് വിജയമാണ് തീർത്തത്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി മലയാള സിനിമ ഇന്നേ വരെ കാണാത്ത വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കർണാടകയിൽ ഹോംബാലെ ഫിലിംസും, നോർത്ത് ഇന്ത്യയിൽ അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും, ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്.വി.സി റിലീസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഫാരിസ് ഫിലിംസ്, സൈബപ് സിസ്റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ ചിത്രം വിതരണം ചെയ്യുന്നത് പ്രൈം വീഡിയോയും ആശിർവാദ് ഹോളിവുഡും ചേർന്നാണ്. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റെർറ്റൈന്മെന്റും വിതരണം നിർവഹിക്കും.

ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കാമറ: സുജിത് വാസുദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, ആക്ഷൻ: സ്റ്റണ്ട് സിൽവ, ക്രീയേറ്റീവ് ഡയറക്ടർ: നിർമ്മൽ സഹദേവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക