സിത്താരയുടെ കൈകൾ വിടാതെ പിടിച്ചുകൊണ്ടു ജനനി വളരെ സമയമിരുന്നു . അവൾ പോയ വിവരം അറിയിച്ചതേ ഡോക്ടർ ചന്ദ്രലേഖ സ്കൂളിലെത്തി . അവളുടെ ഛർദ്ദി തുടച്ച തുണി ഡോക്ടർ കൈയിൽ എടുത്തു .
അതൊരു പ്ലാസ്റ്റിക് ബാഗിൽ അവർ നിക്ഷേപിച്ചു .
സംഘമിത്ര, സംപ്രീതിയെയും അഭിനന്ദനെയും വിളിച്ചു സിത്താരയുടെ വിവരം പറഞ്ഞു . അവർ രണ്ടുപേരും പെട്ടെന്നു തന്നെയെത്തി . അവളുടെ അച്ഛനെ ഫോൺ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല.
വിവരമറിയിച്ച് ഒരു മെസ്സേജ് അയച്ചു . അമേരിക്കയിൽ സമയം പാതിരായല്ലേ ഇപ്പോൾ .
സുമേദിനെ ആശ്വസിപ്പിക്കാൻ മിത്ര ശ്രമിച്ചെങ്കിലും അവൻ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ടിരുന്നു . മിത്ര അമ്മയെ ഫോൺ വിളിച്ച് ഒരു ടാക്സി എടുത്തു ചെന്നൈക്ക് വരാൻ അഭ്യർത്ഥിച്ചു . അവന് അമ്മയെ കാണുന്നത് ആശ്വാസമാകും .
സിത്താരയുടെ ശരീരം ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നു ഡോക്ടർ ചന്ദ്രലേഖ പറഞ്ഞതനുസരിച്ചു ആംബുലൻസ് വിളിച്ചു .
ജനനി കരയുന്നില്ല . ഒരു കൽപ്രതിമ പോലെ അവർ മകളെ ഇമവെട്ടാതെ നോക്കിയിരുന്നു . മെല്ലെ ആ ശരീരം ആംബുലൻസിൽ കയറ്റി .
കൂടെ സംഘമിത്രയും ഡോക്ടർ ചന്ദ്രലേഖയും .
സ്വന്തം മകൾക്കായി മാത്രം കഴിഞ്ഞ പതിനേഴു വർഷം ജീവിതമർപ്പിച്ച ഒരമ്മ ; അവരുടെ ലോകം അവൾ മാത്രമായിരുന്നു . മരണം ഒരു ദിവസം സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം .എന്നാലും അത് കണ്മുൻപിൽ വന്നു നമുക്ക് പ്രിയപ്പെട്ടതിനെ കവർന്നെടുക്കുമ്പോൾ ... അവരില്ലായ്മയുടെ തോരാ ദുഃഖത്തിൽ നിന്നും കരകയറാൻ എങ്ങനെ സാധിക്കുമെന്ന് അറിയില്ല. പ്രത്യേകിച്ച് ജനനിയപ്പോലെ ഒരമ്മക്ക് .
മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. ഈ ഭൂമിയിൽ ഈ അമ്മ അവർക്ക് ഓർമ്മയുണ്ടാവുന്നിടത്തോളം കാലം സിത്താര എന്ന മകളുടെ ഓർമ്മയെ മനസിന്‍റെ കണ്ണിൽ കണ്ണീരായി ഒഴുക്കിക്കൊണ്ടേയിരിക്കും.
പോകുന്ന വഴിയിൽ അമ്മ വിളിച്ചു . അരമണിക്കൂറിനുള്ളിൽ സ്കൂളിലെത്തുമെന്നു പറഞ്ഞു .
അഭിനനന്ദും സംപ്രീതിയും ആംബുലൻസിനെ അനുഗമിച്ചു .
സിത്താരയുടെ ഡോക്ടർ അവൾക്കായി ആശുപത്രിയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
ഏകദേശം കഴിഞ്ഞ പത്തുവർഷം സീതാലക്ഷ്മി ഡോക്ടറാണ് അവളെ നോക്കിയിരുന്നത് . സിത്താരക്ക് സുഖമില്ല എന്നറിയാമെങ്കിലും ഇത്ര പെട്ടെന്ന് ഒരു വേർപാട് അവരും പ്രതീക്ഷിച്ചില്ല .
സംഘമിത്രയെയും കൂട്ടി ഡോക്ടർ ചന്ദ്രലേഖ സീതാലക്ഷ്മി ഡോക്ടറുടെ മുറിയിലേക്ക് പോയി. അവർ സീതാലക്ഷ്മി ഡോക്ടറോട് പറഞ്ഞു
" സിത്താരക്ക് സുഖമില്ലായിരുന്നു എന്നെനിക്ക് അറിയാം .
അവളുടെ എല്ലാ മെഡിക്കൽ റിപോർട്സും ഞാൻ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചു .
ലിവർ പ്രോബ്ലം തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു .
അതും തുടരെയുള്ള ഛർദ്ദിയും .
പിന്നെ ഫിറ്റ്സ് .
ഫിറ്റ്സ് വരുന്ന സമയം നാച്ചുറൽ ആയി വായിൽ നിന്നും നുരയും പതയും വരും .
കഴിഞ്ഞ ദിവസം മുതൽ എനിക്കെന്തോ ഒരു സംശയം തോന്നിയിരുന്നു.
ചിലപ്പോൾ സംശയം മാത്രമായിക്കും . എന്നാലും പറയണമല്ലോ , പാത്തുവിലും സിത്താരയിലും സെയിം സിപ്റ്റമ്സ് ആണ് എനിക്ക് കാണാൻ സാധിച്ചത് . സ്കൂൾ മെഡിക്കൽ റെക്കോർഡ്‌സ് ഞാൻ പരിശോധിച്ചിരുന്നു . വീണക്കും തിമോത്തിക്കും ഇടയ്ക്ക് ഇതു തന്നെ സംഭവിച്ചു .
പക്ഷെ അത് ഒറ്റ പ്രാവശ്യം മാത്രം . അവരുടെ ഫയലും ഞാൻ കണ്ടു .. "
ഡോക്ടർ ഒരു നിമിഷം സംഭാഷണം നിർത്തി .
സീതാലക്ഷ്മി ഡോക്ടറും സംഘമിത്രയും ചന്ദ്ര ഡോക്ടറുടെ മുഖത്തേക്ക് ഭയത്തോടെ ഉറ്റുനോക്കി.
" സ്കൂളിൽ നമുക്കൊന്നും അറിയാത്ത എന്തോ നടക്കുന്നു ,
ആരോ കുട്ടികളുടെ ഭക്ഷണത്തിൽ എന്തോ കലർത്തുന്നു . ചിലപ്പോൾ സ്ലോ പോയ്സനിങ് ആയിരിക്കും . അല്ലെങ്കിൽ മറ്റെന്തെങ്കിലും . ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്. ലിക്വിഡ് ഫോമിൽ ഭക്ഷണം കൊടുക്കുന്ന കുട്ടികൾക്കാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. "
സംഘമിത്രക്ക് ഇത് കേട്ടതും തലചുറ്റുന്ന പോലെ തോന്നി .
" പാത്തുവിന്റെ കാര്യത്തിൽ ഞാൻ മിത്രയോട് ഈ സംശയം ഉന്നയിച്ച് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞെങ്കിലും മിത്ര സമ്മതിച്ചില്ല .
സീതാലക്ഷ്മി ഡോക്ടറുടെ സ്വരത്തിൽ ഒരു കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു .
" ഡോക്ടർ ഇതെന്റെ വൈൽഡ് ടെസ്ററ് ഇമാജിനേഷനിൽ പോലും പോകാത്ത ഒരു കാര്യമാണ് . ആര് , എന്തിന്... ? "
"അതാണ് കണ്ടുപിടിക്കേണ്ടത് . സിത്താര ശർദിച്ചതു ഞാൻ കളക്ട് ചെയ്തു . I strongly recommend autopsy . കാരണം , ബോഡി ദഹിപ്പിച്ചാൽ പിന്നെ , it will be difficult to get the evidence .
സംഘമിത്ര ജനനിയുമായി സംസാരിക്കുക . അല്ലെങ്കിൽ ഞാൻ പറയാം.. "
" ഈ ഒരു അവസ്ഥയിൽ ഞാൻ ..."
" ശരി അതെനിക്ക് വിട്ടേക്കൂ , I will talk to her "
ഇതിനിടയിൽ സിത്തുവിനെ കിടത്തിയ സ്ട്രെച്ചർ , ജനനിയുടെ കൈവിടുവിച്ചിട്ട് അകത്തേക്ക് കൊണ്ടുപോയി .
സംപ്രീതിയും അഭിനന്ദനും ജനനിയോടൊപ്പം പുറത്തിരിക്കുന്നു . അവർ ആകാംഷയോടെ മിത്രയെ നോക്കിയിരിക്കുകയാണ് .
എന്തോ പ്രശ്നമുണ്ടെന്ന് അവർക്കു തോന്നി .
" എന്താ ഡോക്ടർ എന്താ പറഞ്ഞത്.. ?" അഭിനനന്ദൻ ചോദിച്ചു .
" അതു പിന്നെ , autopsy വേണമെന്ന്.. "
" എന്താ മിത്രാ ഇത് , ഇനിയും അവളുടെ ശരീരം .., എന്തിന് ...? സുഖമില്ലാതെ ആയിട്ട് കുറച്ചു നാളായില്ലേ.. its a natural death .."
ജനനിയുടെ വാക്കുകൾ മുറിഞ്ഞിരുന്നു .
ഡോക്ടർ സീതാലക്ഷ്മി അല്ലേ ഇത്രയും നാൾ അവളെ നോക്കിയിരുന്നത് .."
ജനനി കരഞ്ഞില്ല , പ്രഹരമേറ്റപോലെ തോന്നിച്ചു ആ മുഖമപ്പോൾ .
ഡോക്ടർ ചന്ദ്രലേഖ, എല്ലാവരെയും ഡോക്ടർ സീതാലക്ഷ്മിയുടെ മുറിയിലേക്ക് വിളിച്ചു . ജനനിയുടെ ഇരുവശവുമായി കൈപിടിച്ച് മിത്രയും പ്രീതിയും നടന്നു .
അകത്തു കടന്നതും അഭിനന്ദനെ കണ്ട ഡോക്ടർ സേതുലക്ഷ്മി
" ഓ നന്ദനുമുണ്ടോ.. " അവർ ചിരപരിചിതരാണെന്നു തോന്നിച്ചു .
സീതാലക്ഷ്മിയാണ് വിവരങ്ങൾ വിശദമായി പറഞ്ഞത് .
ഡോക്ടർ ചന്ദ്രലേഖ തന്റെ അനുമാനങ്ങളും സംശയവും വിശദീകരിച്ചു .
" ഡോക്ടേർസ് പറയുന്നത് , നമ്മൾ follow ചെയ്യുന്നതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു.. "
അഭിനന്ദനാണ് അത് പറഞ്ഞത് .
" എന്റെ കുഞ്ഞിനെ ഇനിയും വേദനിപ്പിക്കണമല്ലോ , അവൾ ജീവിച്ചിരുന്നപ്പോൾ അനുഭവിച്ചതൊന്നും പോരാഞ്ഞിട്ട് വീണ്ടും വീണ്ടും അവളെ നോവിക്കുകയാണോ ?
അതിനാരും ഉത്തരം നൽകിയില്ല . എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി .
മുറിക്കു പുറത്തിറങ്ങിയപ്പോൾ സംപ്രീതി ചോദിച്ചു ..
" ഡോക്ടേർസിന്റെ സംശയം ശരിയാണെങ്കിൽ ആരായിരിക്കും , എന്തിനായിരിക്കും.. ?"
പാത്തുവും മെഹറുനിഷയും മനസ്സിലേക്ക് വന്നെങ്കിലും മിത്ര ആ വിഷയം പരാമർശിച്ചില്ല . കാരണം പാത്തുവിന് എന്തെങ്കിലും ചെയ്യാൻ ഒരു കാരണമുണ്ട് .
പക്ഷെ അവർക്കെല്ലാം തണലായി നിന്ന ജനനിയെ ആരും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കില്ല . പിന്നെ ഡോക്ടർ പറഞ്ഞ മറ്റു രണ്ടു കുട്ടികൾ ..
വീണയും തിമോത്തിയും . വീണയുടെ അമ്മയാണ് തിമോത്തിയെ നോക്കുന്നത് . അവർക്കവനെ വളരെയിഷ്ടമാണ് .
അറിഞ്ഞുകൂടാ ഒന്നും അറിഞ്ഞുകൂടാ .. തന്റെ ബുദ്ധി പ്രവർത്തിക്കുന്നില്ലായെന്നു മിത്രക്ക് തോന്നി .
അന്നു സീതാലക്ഷ്മി ഡോക്ടർ ഈ വിവരം പറഞ്ഞപ്പോൾ പോലീസിൽ കംപ്ലൈന്റ് ചെയ്യേണ്ടതായിരുന്നു.തന്റെ തെറ്റാണത് .
ജനനിയെക്കൂട്ടി സ്കൂളിലേക്ക് പോകാൻ സംഘമിത്രയോടു ഡോക്ടർ പറഞ്ഞെങ്കിലും അവരതിന് കൂട്ടാക്കിയില്ല .
അഭിനന്ദനും സംപ്രീതിയും മാത്രം ആശുപത്രിയിൽ നിന്നാൽ മതിയെന്ന് ഡോക്ടർ ആവർത്തിച്ചു പറഞ്ഞു .
ഫോറൻസിക് സർജൻ വരാൻ അരമണിക്കൂറെങ്കിലും എടുക്കും .
കടൽ പുറത്താക്കിയ പിടയുന്ന മീനിന്റെ വേദനപോൽ വിഷാദം ജനനിയെ പൊതിഞ്ഞു .
കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടമായപ്പോൾ ഇല്ലാതായത് ജനനിയുടെ അസ്തിത്വവും കൂടിയാണ് .
സംപ്രീതി തിരികെപ്പോയി.
ഡോക്ടർ ചന്ദ്രലേഖയും അഭിനന്ദനും, ജനനിക്കും സംഘമിത്രക്കുമൊപ്പം അവിടെയിരുന്നു .
കാപ്പി വാങ്ങി കൊടുത്തിട്ടും ജനനിയതു കുടിക്കാൻ കൂട്ടാക്കിയില്ല .
അവർ മെല്ലെ മിത്രയുടെ തോളിൽ ചാഞ്ഞു കിടന്നു .
മിത്രയവരെ ചേർത്ത് പിടിച്ചു .
ശോകമാമീ വിമൂകതയിൽ ഒരിയ്ക്കലും തിരിച്ചു വരില്ലാത്ത പൊന്നുമകളുടെ മൃദുലമേനിയിൽ
പലസ്ഥലത്തും കത്തി പായുന്നതിന്റെ വേദന അനുഭവിച്ചത് ആ അമ്മയാണ് . അവളുടെ അവസാനത്തെ നോട്ടം , പാതിയടഞ്ഞ കണ്ണുകൾ , അതിൽ നിഴലിച്ച നിസ്സഹായത ,
അത് പിന്നെയും പിന്നെയും ജനനിയുടെ മനോ മുകുരത്തിൽ തെളിഞ്ഞുകൊണ്ടിരുന്നു .
തുടരും...