Image

ഐ.ഒ.സിയെ ഇനി വനിത നയിക്കും (സനില്‍ പി. തോമസ്)

Published on 21 March, 2025
ഐ.ഒ.സിയെ ഇനി വനിത നയിക്കും (സനില്‍ പി. തോമസ്)

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പത്താമത്തെ പ്രസിഡന്റായി സിംബാബ് വെ സ്‌പോര്‍ട്‌സ് മന്ത്രിയും ഒളിംപിക് നീന്തലില്‍ ഇരട്ട സ്വര്‍ണ്ണമെഡല്‍ ജേത്രിയുമായ കിര്‍സ്റ്റി കവെന്‍ട്രി തിരഞ്ഞെടുക്കപ്പെട്ടു. ഏഴുപേര്‍  മത്സരരംഗത്ത് വരികയും അഞ്ചുമാസം പ്രചാരണത്തിന് ലഭിക്കുകയും ചെയ്തതോടെ വാശിയേറിയ തിരഞ്ഞെടുപ്പാണ് പ്രതീക്ഷിച്ചത്. പക്ഷേ, ആദ്യ റൗണ്ടില്‍ തന്നെ പോള്‍ ചെയ്ത 97 വോട്ടില്‍ 49 എണ്ണം സ്വന്തമാക്കി കിര്‍സ്റ്റി വിജയിച്ചു.

മുന്‍ പ്രസിഡന്റ് യുവാന്‍ അന്റോണിയോ സസമറാഞ്ചിന്റെ പുത്രന്‍ സമറാഞ്ച് ജൂനിയര്‍ 28 വോട്ടുമായി രണ്ടാം സ്ഥാനത്ത് വന്നു. വലിയ പ്രതീക്ഷയോടെ മത്സരിച്ച ഒളിംപ്യന്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ് സെബാസ്റ്റ്യന്‍ കോയ്ക്ക് എട്ടു വോട്ടാണു കിട്ടിയത്. ഡേവിഡ് ലപ്പാര്‍ട്ടിയന്റിനും മോരിനാരി വതാനബെയ്ക്കും നാലു വോട്ട് വീതം ലഭിച്ചു. ഫെയ്‌സല്‍ അല്‍ ഹുസൈന്‍ രാജകുമാരനും ജോണ്‍ ഇലിയാഷിനും രണ്ടു വോട്ട് വീതം ലഭിച്ചു.

ഐ.ഒ.സി.യില്‍ 110 അംഗങ്ങളില്‍ കുവൈറ്റിലെ ഷെയ്ക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍ സബായെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ശേഷിച്ച 109 പേരില്‍ 97 പേരാണ് വോട്ട് ചെയ്തത്. കിര്‍സ്റ്റിക്കുവേണ്ടി ശക്തമായി നിലകൊണ്ട നിലവിലെ പ്രസിഡന്റ് തോമസ് ബാക്ക് വോട്ട് ചെയ്തില്ല. ഇന്ത്യയില്‍ നിന്ന് നിത അബാനി വോട്ട് ചെയ്തു. രാജാ രണ്‍ധീര്‍ സിങ്ങ് ഓണററി അംഗമായതിനാല്‍ വോട്ടില്ല. ക്ഷണിതാക്കളായി ഐ.ഒ.സി. സെഷനില്‍ പങ്കെടുത്ത ഐ.സി.സി. അധ്യക്ഷന്‍ ജയ്ഷായ്ക്കും ഒളിംപ്യന്‍ അഭിനവ് ബിന്ദ്രയ്ക്കും വോട്ടു ചെയ്യുവാനാവില്ല.

ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പായിരുന്നില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ചവരെ ഒഴിവാക്കി അടുത്ത റൗണ്ട് വോട്ടെടുപ്പ് വേണ്ടി വന്നേനെ. എന്നാല്‍ കിര്‍സ്റ്റി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 49 വോട്ട് ആദ്യ റൗണ്ടില്‍ തന്നെ നേടിയതോടെ തിരഞ്ഞെടുപ്പ് എളുപ്പത്തില്‍ പൂര്‍ത്തിയായി. ഒരു വനിത ഐ.ഒ.സി. സാരഥിയാകുന്നത് ആദ്യം. ആഫ്രിക്കയില്‍ നിന്നൊരാള്‍ പ്രസിഡന്റാകുന്നതും ചരിത്രത്തില്‍ ആദ്യം.

2001 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വനിത, അനിറ്റാ ഡിഫ്രാന്റ്‌സ് അനാരോഗ്യം അവഗണിച്ച് യു.എസില്‍ നിന്നെത്തി വോട്ട് ചെയ്തു. രഹസ്യ ബാലറ്റായിരുന്നെങ്കിലും അനിറ്റ എത്തിയത് കിര്‍സ്റ്റിയെ പിന്തുണയ്ക്കാനായിരുന്നു എന്നു വ്യക്തം. വേള്‍ഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റായ സെബാസ്റ്റ്യന്‍ കോയ്ക്കു പുറമെ സ്‌കീയിങ്ങ്, സൈക്ക്‌ളിങ്ങ്, ജിംനാസ്റ്റിക്‌സ് സംഘടനകളുടെ രാജ്യാന്താര അധ്യക്ഷന്മാരായ, യഥാക്രമം ജോണ്‍ ഇലിയാഷ്, ഡേവിഡ് ലപ്പാര്‍ട്ടിയന്റ്, മോരിനാരി വതാനബെ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. അതായത് നാല് രാജ്യാന്തര കായികസംഘടനകളുടെ പ്രസിഡന്റുമാര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.

പാരിസ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ ട്രാക്ക്  ആന്‍ഡ് ഫിള്‍ഡ് താരങ്ങള്‍ക്ക് 50,000 ഡോളര്‍ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സെബാസ്റ്റ്യന്‍ കോ ഒളിംപിക് ചാര്‍ട്ടര്‍ ലംഘിച്ചു എന്ന പ്രചാരണവും ഉണ്ടായിരുന്നു. ജൂണ്‍ 23ന് കിര്‍സ്റ്റി, തോമസ് ബാക്കില്‍ നിന്ന് സ്ഥാനമേല്‍ക്കും. എട്ടു വര്‍ഷമാണ് കാലാവധി. നാലുവര്‍ഷം കൂടി നീട്ടിക്കിട്ടും. ഒളിംപിക് ചാര്‍ട്ടറിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് 12 വര്‍ഷമാണ് പരമാവധി കാലയളവ്.

നാല്‍പത്തൊന്നുകാരിയായ കിര്‍സ്റ്റി കവെന്‍ട്രിയുടെ ചുമതലയില്‍ ആദ്യം നടക്കുക 2026 ല്‍ മിലാനോ കോര്‍ട്ടിനയിലെ വിന്റര്‍ ഒളിംപിക്‌സ് ആണ്. തുടര്‍ന്ന് 2028 ല്‍ ലൊസാഞ്ചലസ് ഒളിംപിക്‌സ്. 2032-ലെ ഒളിംപിക്‌സ് ബ്രിസ്‌ബെയ്‌നിലാണ്. 2036 ലെ ഒളിംപിക്‌സിനായി ഇന്ത്യയും(അഹമ്മാദാബാദ്) ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണച്ച കിര്‍സ്റ്റി സമീപകാലത്ത് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ചു അഭിമുഖത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പക്ഷേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐ.ഒ.എയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ ഇന്ത്യക്ക് 2036 ലെ ഒളിംപിക്‌സ് വേദിയാകാന്‍ ശ്രമിക്കാന്‍ കഴിയൂ എന്ന സൂചനയാണ് അവര്‍ നല്‍കിയത്.
ഐ.ഒ.എ.യില്‍ ശുദ്ധികലശം അടിയന്തിരമായി നടക്കണമെന്നു സാരം.

Join WhatsApp News
Sasindran Kurur 2025-03-22 00:22:16
IOC എന്ന ആ തലക്കെട്ട് കണ്ടപ്പോഴേ ഞാൻ ചാടി ഇറങ്ങുകയാണ് താഴോട്ടുള്ള വാർത്തയൊന്നും വായിക്കാൻ എനിക്ക് വലിയ നേരമില്ല. കാരണമായി IOC എന്നാൽ എനിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാത്രമാണ്. ഐവോസിയിൽ കൂടെ കയറി ഇന്ത്യയിൽ പോയി ആളായാൽ ശശി തരൂരിന്റെ മാതിരി എനിക്ക് ഒന്ന് കേരളത്തിൽ പോയി മത്സരിച്ച് കേരള മുഖ്യമന്ത്രി ആകണം. അതിനാൽ ഞാൻ എപ്പോഴും മറ്റ് എല്ലാ കോൺഗ്രസുകാരെയും കുറ്റം പറഞ്ഞുകൊണ്ട് തന്നെയിരിക്കും ബിജെപിയെയും എല്ലാം പൊക്കി പറഞ്ഞു കൊണ്ടേയിരിക്കും. കോൺഗ്രസുകാർ മുഖ്യമന്ത്രി ആക്കി കഴിഞ്ഞാൽ പിന്നെ ഞാൻ കോൺഗ്രസിനു വേണ്ടി മാത്രമായി സംസാരിക്കുന്നതായിരിക്കും. ബിജെപിയെയും ഒക്കെ അടിച്ചു പാളീസാക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക