Image

ആതുരം ( കഥ: രമണി അമ്മാൾ )

Published on 21 March, 2025
ആതുരം ( കഥ: രമണി അമ്മാൾ )

ഇന്നലെ രാവിലെ ഏഴേകാലിന്റെ അനുപമയ്ക്കാണ് അമ്മ പോയത്..   മാസത്തിലൊരിക്കൽ
പതിവുളള പോക്ക്..

നാട്ടിലെ വീടും പറമ്പും വിറ്റ് അങ്ങു കിഴക്കൻ മലമ്പ്രദേശത്ത്
റബ്ബർതോട്ടം വാങ്ങാൻ സഹോദരൻ പ്ളാനിടുന്നുണ്ടെന്നറിഞ്ഞപ്പോൾ
കൂട്ടത്തിൽ കുറച്ചു ഭൂമി വിലകുറച്ചു കിട്ടുമെങ്കിൽ തനിക്കുംകൂടി, 
സഹോദരിക്കും ഒരു തോന്നൽ.. 
വെട്ടി പാലെടുക്കാൻ തുടങ്ങിയ റബ്ബർമരങ്ങളാണ്. കൂട്ടത്തിലാവുമ്പോൾ  എല്ലാം ഒന്നിച്ചങ്ങു നടന്നോളും..

നാനൂറേക്കർ തോട്ടം ഒന്നിച്ചു കച്ചവടം നടക്കാതെ വന്നപ്പോഴാണ്,  വലുതും ചെറുതുമൊക്കെയായ പ്ളോട്ടുകളാക്കി തിരിച്ച് വസ്തു വിൽക്കാൻ തുടങ്ങിയത്.. 
പലയിടങ്ങളിൽ നിന്നുമുളളവർ പ്ളോട്ടുകൾ വാങ്ങി വീടുവച്ചു
താമസമായിക്കഴിയുമ്പോൾ ഒരു കമ്യൂണിറ്റി ലിവിംഗ് എന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നേക്കും..
തോട്ടത്തിനു നടുവിലൂടെ ഗതാഗതത്തിനുവേണ്ടി പുതിയതായി വെട്ടിയ മെറ്റലു നിരത്തിയുറപ്പിച്ച റോഡുമുണ്ട്...

രണ്ടേക്കർ വരുന്ന ഒറ്റ പ്ളോട്ടിൽ, അരയേക്കർ പെങ്ങളുടെ പേരിലും ബാക്കി ആങ്ങളയുടെ പേരിലുമങ്ങനെ റജിസ്റ്ററാക്കി.

റബ്ബറു വെട്ടുന്നതും, പാലെടുക്കുന്നതും, ഷീറ്റാക്കുന്നതും 
വില്ക്കുന്നതുമെല്ലാം ഒന്നിച്ചാണ്.. ചിലവുകൾ കണക്കിൽ കിഴിച്ചു ബാക്കിയുളളതിന്റെ  വിഹിതം കൈപ്പറ്റുവാൻ മാസത്തിലൊരിക്കൽ ഉറപ്പായും അമ്മ 
ചെന്നിരിക്കും..
അന്നേ ദിവസം അവിടെ തങ്ങിയിട്ട്
പിറ്റേന്ന് അതിരാവിലെ തിരിച്ച് വെയിലുറയ്ക്കുന്നതിനു മുൻപ് വീടെത്തുകയും ചെയ്യാറുണ്ട്.

ഇന്നിതെന്താണാവോ വൈകുന്നത്...? 
നിമിഷങ്ങൾ  കടന്നുപോകുന്തോറും
അമ്മയെക്കുറിച്ചുള്ള വേവലാതി ഉള്ളിൽ പുകയാൻ തുടങ്ങി.
അമ്മയുടെ വൈകലും, ടിവിയിൽ ഫ്ളാഷ് ന്യൂസിൽ കാണിച്ച
ബസ്സപകട ദൃശ്യവും  കൂട്ടിവായിച്ചപ്പോൾ  ഏറിവരുന്ന
അസ്വസ്ഥത..!
അമ്മ മൊബൈൽ ഉപയോഗിക്കാറില്ല..
മാമനെ ലാന്റ്ഫോണിൽ വിളിച്ചു..
"അവളു ആദ്യത്തെ വണ്ടിക്കു കേറിയതാണല്ലോ...
അവിടെത്തിയില്ലേ...?" 
"ഇല്ല"
അമ്മയ്ക്കെന്തോ പറ്റിയിട്ടുണ്ട്..
പെട്ടെന്നു വേഷംമാറി  
ലീന റോഡിലേക്കിറങ്ങി..
പൈവഴി വളവു തിരിഞ്ഞ് ബസ്സു വരുന്നുണ്ട്.  സ്റ്റോപ്പിൽ മൂന്നാലാളുകൾ കയറാനുണ്ട്. 
അങ്ങോട്ടു നടന്നെത്തിയില്ലെങ്കിലും ഇടയ്ക്കുവച്ചു കൈകാണിച്ചാൽ ബസ്സ് നിർത്തിത്തരാറുണ്ട്..
കാലിനു നീളംകൂട്ടി നടന്നു.ഉച്ച സമയമായതുകൊണ്ടാവും ഒഴിഞ്ഞ സീറ്റുകൾ..
ജില്ലാ ആശുപത്രിയിലേക്കുതന്നെ പോയേക്കാം..
" ആശുപത്രിപ്പടി"  

"കൈപ്പുഴ വച്ച് നമ്മടെ തരംഗം ബസ്സ് അപകടത്തിൽ പെട്ടെന്നുകേട്ടു.  വലിയ മരത്തിൽ തട്ടിനിന്നതുകൊണ്ട് ആറ്റിലേക്കു മറിഞ്ഞില്ല. അതുകൊണ്ട് ആളപായമൊന്നുമുണ്ടായില്ലാ.." 
പിന്നിലെ സീറ്റിലിരുന്ന് ആരോ പറയുന്നതുകേട്ടു..
.അമ്മ വരാറുളളത് കൈപ്പുഴവഴിയാണെന്ന് അവൾ ഓർത്തു. 
"ആ ബസ്സിൽ അമ്മ  കയറിക്കാണരുതേ..."
അമ്മയും താനും രേണുവുമൊക്കെ പഠിച്ച പഞ്ചായത്ത് ഹൈസ്കൂളിന്റെ മുൻഭാഗമായിട്ടു വരും ജില്ലാ ആശുപത്രി..
വീട്ടിൽനിന്നു നടന്നു പോകാൻ എളുപ്പവഴിയുണ്ട്.

ആശുപത്രിയിൽ രോഗികൾക്കാണോ പഞ്ഞം.? എന്തൊരു തിരക്ക്..അപകടത്തിൽ പെട്ടവരെ
ഇങ്ങോട്ടു കൊണ്ടുവരാനാണുസാദ്ധ്യത. ഏറ്റവും അടുത്തുളള ആശുപത്രി ഇതുതന്നെ...

കാഷ്വാലിറ്റിയിൽ 
അമ്മയെ തിരഞ്ഞു....ഇല്ല..
"കൈപ്പുഴ ബസ്സപകടത്തിൽപ്പെട്ട ആളുകളെ ഇങ്ങോട്ടാണോ കൊണ്ടുവന്നത്?" 
"അതേ..അവർക്കെല്ലാം ഫസ്റ്റെയ്ഡു കൊടുത്ത്  അപ്പുറത്ത്  കിടത്തിയിരിക്കുകയാണ്..
കുട്ടിയുടെ ആരെങ്കിലുമുണ്ടോ.? 
"അമ്മ"
ജനറൽ വാർഡിനു നേരെ നടന്നു..
ഒരുപാടു തിരയേണ്ടി വന്നില്ല, 
വാതിലിനടുത്തു തന്നെയുളള  ബഡ്ഡിൽ  ഡ്രിപ്പിട്ടു കിടത്തിയിരിക്കുന്ന 
രണ്ടു പേരിൽ ഒരാൾ അമ്മ..!
"അമ്മേ..."  
"മക്കളുവന്നോ..നീയെങ്ങനെയറിഞ്ഞു.. ആരേലും അറിയിച്ചോ.." 
"ടീവിയിൽ ഒരു മിന്നായം കണ്ടിരുന്നു. 
നമ്മടെ വീടിന്റെ മുന്നിൽക്കൂടി പോകുന്ന ബസ്സല്ലേ. 
അമ്മേടെ വൈകലുംകൂടിയായപ്പോൾ സംശയംതോന്നി....
ഇങ്ങോട്ടുതന്നെ പോന്നു....അവിടെങ്ങും ആരും
അറിഞ്ഞിട്ടില്ല…രേണു എട്ടുമണിക്കേ കോളേജിലും പോയല്ലോ..."
"ദേഹമാസകലം വേദന..എവിടൊക്കെ മുട്ടും തട്ടും കിട്ടിയെന്നാർക്കറിയാം..
ബസ്സ് ആടിയുലഞ്ഞു നീങ്ങുന്നതേ കണ്ടുളളൂ.... ആറ്റിലു നിറയെ വെളളമുണ്ടായിരുന്നു.എങ്ങാനും തലകുത്തി മറിഞ്ഞിരുന്നെങ്കിൽ..
ഭഗവാൻ കാത്തു."
തലയിൽ വട്ടത്തിൽ കെട്ടുണ്ട്..
താടിയിലും സ്റ്റിച്ചുണ്ട്..
വീർത്തിരിക്കുന്ന മേൽച്ചുണ്ട്..
ചെവിമടക്ക്  കീറിയതും സ്റ്റിച്ചിട്ടിരിക്കുകയാണ്"തരുണാസ്ഥിയാണു മുറിഞ്ഞത്.
കൂടിച്ചേരാൻ സമയമെടുക്കും...
ദേഹത്ത് ഒടിവു വല്ലതുമുണ്ടോയെന്ന്
നോക്കണം.." 
കുത്തിവയ്പ്പിനിടയിൽ സിസ്റ്റർ പറഞ്ഞു..

കുറച്ചുപേരെ
മെഡിക്കൽകോളേജിലേക്ക് റഫറു ചെയ്തകൂട്ടത്തിൽ അമ്മയും...
        
ജനറൽ വാർഡിൽ ബഡ്ഡുകളൊന്നും ഒഴിവില്ല.. 
പുതിയ രോഗികളെത്തുമ്പോൾ അവശ നിലയിലല്ലാത്ത പഴയ രോഗികൾ കട്ടിലിൽനിന്നിറങ്ങി താഴെ കിടക്കണം...
ആരെ കുറ്റം പറയാൻ..?
അമ്മയ്ക്ക് അപകടമുണ്ടായ വിവരം കോളേജുകഴിഞ്ഞു വന്നപ്പോഴാണ് രേണു അറിയുന്നത്..
"ജില്ലാ ആശുപത്രിയിൽനിന്ന് അമ്മയെ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെന്നറിഞ്ഞ്
രേണു അലമുറയിട്ടു.. അടുത്തുളള ഒരു ചേട്ടൻ അവളെയും കൂട്ടി വന്നതാണ്. അമ്മയെക്കണ്ടപ്പോൾ പേടിച്ചതുപോലെയൊന്നുമില്ലല്ലോയെന്നോർത്ത് അവളാശ്വസിച്ചു..

തിരിയാനോ മറിയാനോ വയ്യാത്തയവസ്ഥയിൽ അമ്മ കണ്ണടച്ചു കിടക്കുകയാണ്.
ഉറങ്ങുകയാണോ..?

എവിടെ നോക്കിയാലും രോഗികൾ..
അപകടത്തിൽപ്പെട്ടു പരിക്കേറ്റവരും, അസുഖക്കാരും
എല്ലാംകൂടി ഒരു വാർഡിൽ..
രോഗികളുടെ ഞരക്കങ്ങളും മൂളലുകളും നിലവിളികളും കൊണ്ട്
ശബ്ദമാനമായ അന്തരീക്ഷം..
ചുമന്നുകൊണ്ടുപോകാനെന്നോണം തരംപാർത്തിരിക്കുന്ന ആനക്കൊതുകുകൾ..!
ഉച്ചമുതലുളള നില്പും ഇരിപ്പും കാരണം കാലുകൾക്ക് കഴപ്പ്..ഒന്നിരിക്കണം.. 
അമ്മയുടെ കാൽച്ചുവട്ടിൽ അല്പയിടം..
ബാത്ത്റൂമും ടോയ്ലറ്റുമൊന്നും ഉപയോഗിക്കാൻ തോന്നില്ല..
തോന്നലുകൾ എത്രനേരം പിടിച്ചുനിർത്തും?

വാർഡിന്റെ നെടുനീളൻ
വരാന്തയിലും രോഗികളുടെ കിടപ്പ്..

അമ്മയ്ക്ക് പുറത്തുനിന്ന് കഞ്ഞിവാങ്ങിക്കൊടുത്തു.
ട്യൂബുലൈറ്റുകളുടെ വെട്ടത്തിൽ സന്ധ്യ ഇരുണ്ടുതുടങ്ങിയതറിഞ്ഞില്ല.
അമ്മ ഇപ്പോഴും കണ്ണടച്ചു കിടക്കുകയാണ്..
വാർഡിനു പുറത്തിറങ്ങി ഇടനാഴിയിലൂടെ ഒന്നു നടന്നു..
യൂണിഫോമിട്ട ആശുപത്രി ജീവനക്കാർ മൂന്നാലുപേർ വട്ടംകൂടിനിന്ന് കാര്യമായിട്ടെന്തോ സംസാരിക്കുകയാണ്..
"പാവം കൊച്ചിനു പതിനാലുപോലുമായില്ല..
ആറുമാസം കഴിഞ്ഞത്രേ..
അബോർഷൻ കുറച്ചു റിസ്ക്കാണെന്ന് ഡോക്ടറു പറഞ്ഞു....ഇന്നുതന്നെ ചെയ്യും..
അമ്മയും അച്ഛനുംകൂടി നാട്ടുകാരറിയാതെ  വെളുപ്പിനെയെങ്ങാണ്ടാ  കൊണ്ടുവന്നത്..."
എന്തിനുമേതിനും കാതോർത്തുപോവുക അറിയാതെ സംഭവിച്ചുപോകുന്നതാണ്. 
ചുറ്റിനുമുളളതെന്തും മണത്തറിയാനും, 
അറ്റവും മൂലയുമില്ലാത്ത വർത്തമാനമായാലും അത് കൃത്യമായി ഊഹിച്ചെടുക്കാനുമുളള കഴിവ്..
പട്ടിയുടെ ജന്മം...കൂട്ടുകാർ കളിയാക്കിയിട്ടുണ്ട്.. അതിന്റെ ഗുണവും ദോഷവും അനുഭവിച്ചിട്ടുമുണ്ട്..

വൈകുന്നേരം മരുന്നു വാങ്ങാൻ ഫാർമസിയിലക്കു പോകുമ്പോൾ മഞ്ഞ ബ്ളൗസും മഞ്ഞയിൽ പൂക്കളുളള മുട്ടറ്റം ഇറക്കത്തിൽ പാവാടയുടുത്ത 
ഒരു പെൺകുട്ടിയെ മിന്നായം പോലെ കണ്ടിരുന്നു. നല്ല തടിച്ച കൂട്ടു പുരികവും തുടുത്ത ചുണ്ടുമുളള കുട്ടി..
പാവാടയിറക്കം തന്നെയുണ്ട് പിന്നിയിട്ട മുടിക്ക്.. ഒന്നുകൂടി നോക്കാൻ തോന്നുന്ന കൗതുകം..
ആ കുട്ടിയെക്കുറിച്ചാവുമോ അവര് അടക്കം പറഞ്ഞത്..?

രാത്രിമുഴുവൻ ഇരുന്നും 
കിടന്നും സമയംപോക്കുമ്പോൾ ആ കുട്ടിയെക്കുറിച്ചായിരുന്നു ചിന്തമുഴുവൻ...!
പഠിത്തം മുടങ്ങാതെ സ്കൂളിലയച്ചു പഠിപ്പിക്കുകയും ചെയ്തോളാമെന്ന ഉറപ്പിന്മേലാണ്  ഗൾഫുകാരന്റെ വീട്ടിൽ ആ കുട്ടിയെ ജോലിക്കു വിട്ടതെന്ന്. 
അയാൾ ലീവിനു നാട്ടിൽ വന്നപ്പോൾ ഭാര്യയുടെ  അനിയത്തിയുടെ കല്യാണം.
കല്യാണ ഒരുക്കങ്ങൾക്ക്കുടുംബത്തെ തറവാട്ടിൽ കൊണ്ടാക്കി,  തിരികെവന്ന്...
കത്തികാട്ടി ഭീഷണിപ്പെടുത്തി ഈ കൊച്ചിനെ ഉപദ്രവിച്ചു..
ആരോടെങ്കിലും മിണ്ടിപ്പോയാൽ കൊന്നുകളയുമെന്ന ഭീഷണിയും.. 
എട്ടുംപൊട്ടും തിരിയാത്ത പതിനാലുവയസ്സുകാരി ഗർഭിണിയായി... വീട്ടുകാരെ വിളിച്ചുവരുത്തി..
"ഇനിയിവിടെ നിർത്താൻ പറ്റില്ല" പറഞ്ഞുവിട്ടു..
പേടികൊണ്ട്, വീട്ടിൽ വന്നുകഴിഞ്ഞ് അമ്മയോടാണ്
ആ വീട്ടിലെ അങ്കിൾ പലതവണ ഉപദ്രവിച്ച കാര്യം അവൾ പറയുന്നത്..
വീട്ടുകാരും നാട്ടുകാരുമറിയാതെ കാര്യം നടക്കണം... 

താമസിക്കുന്ന വീടിനടുത്ത്
ആശുപത്രികളുണ്ടെങ്കിലും ഇത്രയും ദൂരംതാണ്ടി വന്നത് അതിനാണ്..
ദുസ്വപ്നങ്ങൾ കണ്ടുളള മയക്കമുണരുമ്പോൾ സമയം വെളുപ്പിനെ മൂന്നുമണി..!
ശബ്ദമില്ലാത്ത വെളിച്ചം..
കാര്യം കഴിച്ചിലാക്കിയ ലക്ഷണമുണ്ട്..
"കൊച്ചുകുട്ടിയല്ലേ.. മയക്കാതെയൊക്കെയല്ലേ ചെയ്യുന്നതും.. തിയേറ്ററിനുളളിൽ നിന്നു കരച്ചിലു കേക്കാമായിരുന്നു...
പാവം കുട്ടി..."
ഡിസ്ച്ചാർജ്ജു വാങ്ങി രാവിലെ തന്നെ പോയേക്കും.."

കാതുകളിൽ അരിച്ചെത്തുന്ന
ശബ്ദശകലങ്ങൾ..
ഇനിയും ഇവിടെ എത്ര ദിവസങ്ങൾ...
ഇനിയും കാതോർക്കാതെ കാതിൽ വന്നലച്ചേക്കും നിലവിളികൾ..!
അസ്വസ്ഥതയുടെ പുതപ്പിനുളളിലേക്ക്
ലീനയുടെ ചിന്തകൾ നൂഴ്ന്നിറങ്ങാൻ തുടങ്ങി.
14 വയസ്സു മാത്രമുള്ളൊരു പെൺകുഞ്ഞ് ജീവിതത്തിന്റെ അപാരമായ ഏതെല്ലാമോ തീരങ്ങളിലൂടെ ഇടറി നടന്നു പോകുന്നത് ഓർത്തിരുന്നവൾ വേദനിച്ചു.



 

Join WhatsApp News
പോൾ ഡി പനയ്ക്കൽ 2025-03-21 16:05:04
ലളിതമായ കഥ. പുരുഷ മെൽക്കോയ്മയും നിസ്സഹായമായ സ്ത്രീ ദൗർബ്ബല്യവും സങ്കീര്ണതയില്ലാതെ കഥാകൃത്ത് രമണി അമ്മാൾ വരച്ചു കാട്ടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക