ബെറ്റിങ് ആപ്പ് പരസ്യങ്ങളില്‍ അഭിനയിച്ചതിന് തെലങ്കാന പൊലീസ് പ്രകാശ് രാജ്, റാണ ദഗ്ഗുപതി, വിജയ് ദേവരകൊണ്ട അടക്കമുള്ള സിനിമാ താരങ്ങള്‍ക്കെതിരെ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുകയാണ്.
2016-ലാണ് താന്‍ ജംഗ്ലി റമ്മിയുടെ പരസ്യം ചെയ്തതെന്നും, കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് തെറ്റാണെന്ന് തോന്നിയിരുന്നുവെന്നും പ്രകാശ് രാജ് പറയുന്നു. പക്ഷേ ഒരു വര്‍ഷത്തെ കരാര്‍ ഉണ്ടായിരുന്നതിനാല്‍ മറ്റൊന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് കരാര്‍ പുതുക്കാന്‍ താന്‍ തയ്യാറായില്ലെന്നും, കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞതിനാല്‍ തന്റെ ദൃശ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് പിന്നീട് താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശേഷം താന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിലൊന്നും അഭിനയിച്ചില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നു.
മുമ്പ് ചെയ്തുപോയ തെറ്റിനോട് നിങ്ങളെന്നോട് ക്ഷമിക്കുമെന്ന് കരുതുന്നുവെന്നും, ഇത്തരം ആപ്പുകള്‍ക്ക് നിങ്ങള്‍ ഇരയാകരുത് എന്നും പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം പോലീസില്‍ നിന്നും തനിക്ക് സമന്‍സൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.