എമ്പുരാൻ തരംഗം ഡാളസിലും ആഞ്ഞടിക്കുകയാണ് . സിനിമയെ വരവേൽക്കാൻ നാല് തീയറ്ററുകളിലെ ആദ്യ ഷോ ടിക്കറ്റുകൾ ഒന്നിച്ചു വാങ്ങി ഫാൻസ് അസോസിയേഷൻ . ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു ആദ്യ പതിനഞ്ചു മിനുട്ടിൽ തന്നെ ആദ്യ ഷോകളിലെ മുഴുവൻ ടിക്കറ്റും ചൂടപ്പം പോലെ വിറ്റുതീർന്നത് മോഹൻലാൽ ആരാധകരെ ആവേശകൊടുമുടിയിലാക്കി .വൻ വരവേൽപ്പാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളവും വാദ്യമേളങ്ങളും കൂടാതെ ഔട്ഡോർ കട്ടൗട്ടിൽ പാലഭിഷേകത്തിനുള്ള സൗകര്യവും ആദ്യ ഷോകളിൽ ഒരുക്കുന്നുണ്ട്. 700 ഓളം മോഹൻലാൽ ആരാധകരാണ് ഈ ഫാൻസ് ഷോ ആസ്വദിക്കുവാനായി ഒരുങ്ങുന്നത്.
ലൂയിസ്വിൽ സിനി മാർക്കിൽ മാർച്ച് 26 രാത്രി 8:30 നാണ് ആദ്യ ഷോകളുടെ പ്രദർശനം. ഉത്സവ സമാനമായ അന്തരീക്ഷത്തിൽ മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി ആദ്യ പ്രദർശനം ആഘോഷമാക്കാനാണ് ഇവരുടെ പദ്ധതി. മെഗാ ഫാൻസ് ഷോയ്ക്ക് മോടി കൂട്ടാൻ യു.റ്റി.ഡി ഡാളസ് ക്യാംപസുകളിലെ മലയാളി സ്റ്റുഡൻസ് കോമെറ്റ്സ് അസോസിയേഷൻ നടത്തുന്ന സ്പ്ലാഷ് മോബ് സംഘടിപ്പിക്കും. അതോടൊപ്പം വിവിധങ്ങളായ 'സർപ്രൈസ്' കലാപരിപാടികളും ഉണ്ടാകുമെന്നു സംഘാടകർ പറഞ്ഞു.
നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു ഫാൻസ് ഷോ നടന്നിട്ടില്ല എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. നാട്ടിൽ നടക്കുന്ന അതേ സമയത്തു തന്നേ ഇവിടേയും ഫാൻസ് ഷോ നടത്തുവാനാണ് യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെതീരുമാനം. ഏതൊരു അമേരിക്കൻ മലയാളിക്കും അഭിമാനിക്കുവാൻ ഉതകുന്ന രീതിയിൽ ചിത്രത്തിനായി വൻ വരവേൽപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്.
Jojo Palackal