Image

'പ്രശസ്തി കൈകാര്യം ചെയ്യാൻ പറ്റിയില്ല, എല്ലാത്തിൽ നിന്നും ഓടിയൊളിച്ചു:' ജെയിംസ് ബോണ്ട് താരം ഡാനിയേൽ ക്രെയ്ഗ്

Published on 24 March, 2025
'പ്രശസ്തി കൈകാര്യം ചെയ്യാൻ പറ്റിയില്ല, എല്ലാത്തിൽ നിന്നും ഓടിയൊളിച്ചു:' ജെയിംസ് ബോണ്ട് താരം ഡാനിയേൽ ക്രെയ്ഗ്

പ്രശസ്തി തനിക്ക് ബാധ്യതയായി മാറിയത് എങ്ങനെയെന്ന തുറന്നുപറച്ചിലുമായി ജെയിംസ് ബോണ്ട് താരം ഡാനിയല്‍ ക്രെയ്ഗ്. ജെയിംസ് ബോണ്ട് എന്ന കഥാപാത്രം നല്‍കിയ പ്രശസ്തി തന്നെ സമൂഹത്തില്‍ നിന്നും വേര്‍പെടുത്തിയതായി തോന്നിപ്പിച്ചുവെന്നാണ് കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈ ഫാള്‍, സ്‌പെക്ടര്‍, നോ ടൈം ടു ഡൈ എന്നീ ബോണ്ട് ഫ്രാഞ്ചൈസി സിനിമകളില്‍ നായകനായ ക്രെയ്ഗ് പറയുന്നത്. പ്രശസ്തി എന്നാല്‍ സ്വന്തം സ്വത്വത്തെ വേര്‍പെടുത്തുന്നതാണ് എന്നും ക്രെയ്ഗ് ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

എങ്ങനെ പ്രശസ്തനാകണമെന്ന് ആരും നിങ്ങളെ പഠിപ്പിക്കുന്നില്ല. [പ്രശസ്തിയുടെ] തുടക്കത്തില്‍ താന്‍ എല്ലാവരില്‍ നിന്നും ഓടിയൊളിക്കാനാണ് ശ്രമിച്ചത്. തനിക്ക് ആളുകള്‍ ചുറ്റും ഉണ്ടാകുന്നത് ഇഷ്ടമല്ലായിരുന്നു. എങ്ങനെയാണ് ലോകത്ത് തുടരേണ്ടത് എന്ന് തനിക്ക് മനസിലായില്ല. ജീവിതത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടു- ക്രെയ്ഗ് പറയുന്നു.

ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ ആളുകള്‍ ഒറ്റ രാത്രി കൊണ്ട് തന്നെ പ്രശസ്തരാകാറുണ്ടെന്നും, എന്നാല്‍ അവര്‍ക്ക് സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയാണെന്നും ക്രെയ്ഗ് പറയുന്നു. ഷോ ബിസിനസില്‍ പ്രശസ്തി എങ്ങനെ കൈകാര്യം ചെയ്യണെന്ന് പഠിക്കേണ്ടതുണ്ടെന്നും ക്രെയ്ഗ് ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ നൈവ്‌സ് ഔട്ട്, ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റൂ, ക്വീര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് വെളിപ്പെടുത്തിയ നടനാണ് ഡാനിയല്‍ ക്രെയ്ഗ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക