തിരുവനന്തപുരം: ആശ വർക്കർമാരുടെ കൂട്ട ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര പന്തലിൽ നടക്കുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസമാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 44-ാം ദിവസത്തിലാണ്. ആശ വർക്കർമാർ സമരം കടുപ്പിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല.
ആശ, അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ഇന്ന് ധർണ നടത്തും. ആശ വർക്കർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും.
ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. ഓണറേറിയം വർധന അടക്കമുള്ള ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ കാണുമെന്നും ആശാമാരുടെ ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.
ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ.