പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 133 സാക്ഷികളും മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽ കണ്ട ദൃക്സാക്ഷിയുടെ മൊഴിയും, ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിൽ പ്രധാന തെളിവുകളാണ്.
വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഈ വർഷം ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.