ബയ്റുത്ത്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്.
ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യ കാര്‍മികത്വം വഹിച്ചു.
സിറിയയിലെ ദമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്.
ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്നേഹത്തേയും ബാവ പ്രത്യേകം പരാമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്നേഹത്തിനും സർക്കാർ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ. പാത്രിയർക്കീസ് ബാവയ്ക്കുശേഷം സഭയിൽ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക. മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്.
സമന്വയത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും മാതൃക സൃഷ്ടിച്ച പുതിയ ബാവ 31 വർഷം മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു. 18 വർഷം സുന്നഹദോസ് സെക്രട്ടറിയായിരുന്നു .
മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാർ പ്രതിനിധികളായും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസൺ, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി. ശ്രീനിജിൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും കേരള സർക്കാരിന്റെ പ്രതിനിധികളായും പങ്കെടുത്തു.
കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിശുദ്ധ ചാത്തുരുത്തിയിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ (പരുമല കൊച്ചുതിരുമേനി) നാലാം തലമുറക്കാരനാണ് പുതിയ ബാവ. 1960 നവംബർ 10-ന് പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചൻ, പരേതയായ ശാന്ത എന്നിവർ സഹോദരങ്ങൾ. പരുമല തിരുമേനിയുടേയും തൻ്റെ ഗുരുനാഥനായ പെരുമ്പള്ളി തിരുമേനിയുടേയും അതേ പേരുകാരനാണ്
പെരുമ്പിള്ളി പ്രൈമറി, മുളന്തുരുത്തി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ പഠനശേഷം പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിൽ വൈദിക പഠനം നടത്തി. മഹാരാജാസ് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1988-ൽ അയർലൻഡിൽ സെയ്ന്റ് പാട്രിക് കോളേജിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും 1991-ൽ ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും അമേരിക്കയിൽനിന്ന് ക്ലിനിക്കൽ പാസ്റ്ററൽ ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമയും നേടി.
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലാണ് മാതൃ ഇടവക. 1974 മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിവസം മഞ്ഞനിക്കര ദയറായിൽ വെച്ച് 13-ാം വയസ്സിൽ കൊച്ചി ഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പിള്ളി തിരുമേനി) കോറൂയോ പട്ടം കൊടുത്തു. 1984 മാർച്ച് 25-ന് മാർ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവ കശ്ശീശാ പദവിയിലേക്ക് ഉയർത്തി. 1984 മുതൽ നാലുവർഷം ബെംഗളൂരു സെയ്ന്റ് മേരീസ് പള്ളി വികാരിയായി. അയർലൻഡിലെ പഠനകാലത്ത് ലണ്ടനിൽ പള്ളി സ്ഥാപിച്ച് അഞ്ചുവർഷം വികാരിയായിരുന്നു.
1994 ജനുവരി 14-ന് പാത്രിയർക്കീസ് സഖാ പ്രഥമൻ ബാവ ഡമാസ്‌കസിൽ വച്ച് റമ്പാനായി ഉയർത്തി. 1994 ജനുവരി 16-ന് 33-ാം വയസ്സിൽ പാത്രിയർക്കീസ് സഖാ പ്രഥമൻ ബാവ മാർ ഗ്രിഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു.
അഖില മലങ്കര സൺഡേ സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ്, മഞ്ഞനിക്കര തീർഥയാത്രാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 2019 ൽ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2024 ഫെബ്രുവരിയിൽ മലങ്കരയിലെത്തിയ പാത്രിയർക്കീസ് ബാവ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു.
ഇതേ സമയം പുതിയ ബാവയെ വരവേൽക്കാൻ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30-ന് ഉച്ചകഴിഞ്ഞ് 2.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന നവാഭിഷിക്ത കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.
പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി കേരളത്തിലെത്തുന്ന ബയ്റുത്തിന്റെ ആർച്ച് ബിഷപ്പ് മാർ ഡാനിയേൽ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസ് ആർച്ച് ബിഷപ്പ് മാർ തീമോത്തിയോസ് റത്താ അൽഖുറിയുടെയും പ്രധാന കാർമികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെയും സഹകാർമികത്വത്തിലും സ്ഥാനാരോഹണ സുന്ത്രോണീസോ ശുശ്രൂഷ നടക്കും. അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.