Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Published on 25 March, 2025
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഹൂസ്റ്റണ്‍: കേരളത്തിന് പുറത്ത് ഇന്ത്യയിലും ലോകത്താകെയും വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരുമിപ്പിക്കുന്ന മഹാസംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പുതിയ ചെയര്‍മാനായി പൊന്നു പിള്ളയും പ്രസിഡന്റായി എസ്.കെ ചെറിയാനും ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ഡോ. മനു ചാക്കോ, വൈസ് ചെയര്‍മാന്‍ ഡോ. നൈനാന്‍ മാത്തുള്ള, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് ഈപ്പന്‍, സെക്രട്ടറി രാജേഷ് വി മാത്യു, ജോയിന്റ് സെക്രട്ടറി എബ്രഹാം തോമസ് എന്നിവരാണ് സ്ഥാനമേറ്റ മറ്റു ഭാരവാഹികള്‍.

സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജെയിംസ് വാരിക്കാട്ട് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രോവിന്‍സിന്റെ പ്രസിഡന്റ് എന്ന നിലയില്‍ നാല് വര്‍ഷം സംഘടനയെ സ്തുത്യര്‍ഹമായി നയിച്ച ബാബു ചാക്കോ പുതിയ പ്രസിഡന്റ് എസ്.കെ ചെറിയാനും, ട്രഷറര്‍ ബാബു മാത്യു പുതിയ ട്രഷറര്‍ ജോര്‍ജ് തോമസിനും ചുമതലകള്‍ കൈമാറി. എന്നാല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ തോമസ് സ്റ്റീഫന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍  ഔദ്യോഗിക ബുക്കുകള്‍ കൈമാറിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രസ്തുത രേഖകള്‍ അദ്ദേഹത്തില്‍ നിന്നും ലഭ്യമാക്കുന്നതിന് മുന്‍ പ്രസിഡന്റിനെയും ട്രഷററെയും യോഗം ചുമതലപ്പെടുത്തി.

നേരത്തെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ റീജിയണല്‍ ഇലക്ഷന്‍ കമ്മിഷണര്‍ (ആര്‍.എന്‍.ഇ.സി) സോഫി വില്‍സണ്‍ ആണ് പൊന്നു പിള്ള, എസ്.കെ ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പില്‍ വിജയികളായി പ്രഖ്യാപിച്ചത്. സ്റ്റാഫോര്‍ഡിലെ ദേശി റസ്റ്ററന്റില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളുമായി.

പ്രോവിന്‍സില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേക്കു പുതിയ ഭാരവാഹികളെ ഉടന്‍ നിയമിക്കുന്നതാണെന്ന് പൊന്നു പിള്ള പറഞ്ഞു. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുമെന്നും അമേരിക്കയിലെയും കേരളത്തിലെയും ചാരിറ്റി പ്രോജക്ടുകള്‍ക്ക് ഗതിവേഗം നല്‍കുമെന്നും പുതിയ പ്രസിഡന്റ് എസ്.കെ ചെറിയാന്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ സ്ഥാപക നേതാവ് കൂടിയാണ് എസ്.കെ ചെറിയാന്‍.

രണ്ടു ടേമിലായി എസ്.കെ ചെറിയാന്‍ സംഘടനയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച കാലത്ത് പാലായ്ക്ക് സംമീപം കടപ്ലാമറ്റത്ത് 'ഗ്രീന്‍ വില്ലേജ്' എന്ന പേരില്‍ 25 വീടുകളുടെ പ്രോജക്ട് ആരംഭിച്ചിരുന്നു. ഇതില്‍ 12 വീടുകള്‍ പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് താക്കോലും നല്‍കുകയുണ്ടായി. ബാക്കി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇതിന് ഹൂസ്റ്റണ്‍ പ്രോവിന്‍സിലെ ഏവരുടെയും സഹകരണമുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വരുന്ന ജൂണ്‍ 27 മുതല്‍ 30 വരെ അസൈര്‍ബൈജാനിലെ ബക്കുവില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഏവരെയും ക്ഷണിച്ചു. പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഹൂസ്റ്റണില്‍ നിന്ന് നിരവധിപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അല്ലാത്തവര്‍ മാര്‍ച്ച് 31-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കണെമെന്നും എസ്.കെ ചെറിയാന്‍ പറഞ്ഞു.

ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ചെയര്‍മാന്‍ പൊന്നു പിള്ള നന്ദി പ്രകാശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക