ന്യു യോർക്ക്: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ (ജോസഫ് മാർ ഗ്രിഗോറിയോസ്) അഭിഷിക്തനായതിൽ മലയാളി സമൂഹമാകെ സന്തോഷിക്കുമ്പോൾ വ്യക്തിപരമായ ആഹ്ലാദം പങ്കിടുകയാണ് കൈരളിടിവി ഡയറക്ടർ ജോസ് കാടാപുറവും ഷെവലിയാർ ജോർജ് പാടിയേടത്തും. ബാവ തിരുമേനിയുടെ എളിമയും സ്നേഹവും നേരിട്ട് അനുഭവച്ചിട്ടുള്ളവരാണ് തങ്ങളെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ പ്രാവശ്യം അമേരിക്കയിൽ വന്നപ്പോൾ അഭിവന്ദ്യ തിരുമേനിയെ സന്ദർശിക്കാനും സൗഹൃദം പങ്കിടാനും കഴിഞ്ഞതു രണ്ടാൾക്കും വേറിട്ട അനുഭവമായി മാറി. സഭാംഗങ്ങളല്ലാത്തവരുമായും ഉറ്റബന്ധം തുടരുന്നതിന്റെ തെളിവാണ് ക്നാനായ കത്തോലിക്ക സഭാംഗമായ ജോസ് കാടാപുറവുമായുള്ള ബന്ധം. ഇരുവരും മഹരാജാസ് കോളേജ് പൂർവ വിദ്യാർത്ഥി ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ്.
ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളി യാക്കോബായ സഭക്ക് തിരികെ ലഭിക്കുന്നതിൽ നിർണായക പങ്ക വഹിച്ച വ്യക്തി എന്ന നിലയിൽ ജോർജ് പാടിയേടത്തിനെ കൂടിക്കാഴ്ചയിൽ തിരുമേനി പ്രത്യേകം അഭിനന്ദിച്ചത് ഓർക്കുന്നു .
ഈ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇരുവർക്കും സ്ഥാനരോഹണ ചടങ്ങിലേക്ക് ബാവ തിരുമേനിയുടെ പേർസണൽ ഇൻവിറ്റേഷൻ ലഭിച്ചത്. പക്ഷെ പോകാനൊത്തില്ല.
കേരള സർക്കാരിനെ പ്രതിനിധികരിച്ചു വ്യവസായ മന്ത്രി പി രാജീവും എംൽഎമാരും, വ്യവസായ സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു.
അന്ത്യോഖ്യ പാത്രിയർക്കീസ് പരമാദ്ധ്യക്ഷൻ ആയുള്ള സഭയിലെ ഇന്ത്യയിലെ പരമാധികാരിയായി സ്ഥാനമേറ്റ മോർ ബസേലിയസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനി ഈ സ്ഥാനത്തിന് ഏറ്റവും അർഹനായ വ്യക്തി ആണെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്ക്കും ഉറപ്പുണ്ട്. അചഞ്ചലമായ വിശ്വാസവും ഭക്തിയും സമസൃഷ്ടികളോടുള്ള കരുണയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കാണാം. ഭിന്നതകൾ ക്രൈസ്തവ സ്‌നേഹത്തിലൂടെ പരിഹരിക്കപ്പെടണമെന് അദ്ദേഹം ആഗ്രഹിക്കുന്നു.
മുൻ കാതോലിക്കാ ബാവായുടെ അന്ത്യനാളുകളിൽ അദ്ദേഹം ഏറെ വിശ്വാസത്തോടെ ചുമതലകൾ കൈമാറിയതും ജോസഫ് മാർ ഗ്രിഗോറിസ് മെത്രാപ്പോലീത്താക്കാണ്.
വർഷങ്ങളായി സൗജന്യ ഭക്ഷണവും ചികിത്സാ സഹായവും നൽകുന്ന ഒരു സ്ഥാപനം എറണാകുളത്തിന് അടുത്ത് തിരുമേനി നടത്തുന്നുണ്ട് .
പുതിയ ബാവായുടെ നേതൃത്വം മലങ്കര യാക്കോബായ സഭക്ക് നേട്ടമായിരിക്കുമെന്നു നിസംശയം പറയാമെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.