മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കും. നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യ മാത്രമാണ് പ്രതി എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിവിഷൻ ബെഞ്ചിന് ഹൈക്കോടതി സമർപ്പിച്ചിരുന്ന കേസ് ഡയറി തിരികെലഭിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം വേഗത്തിലായത്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നവീൻ ബാബുവിനായി യാത്രയയപ്പ് നടത്തിയിരുന്നു. യാത്രയയപ്പ് യോഗത്തിൽ വച്ച്, ക്ഷണിക്കാതെയെത്തിയ പിപി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബു ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, അസിസ്റ്റൻ്റ് കമ്മീഷണർ ടികെ രത്നകുമാർ, ടൗൺ സിഐ ശ്രീജിത് കൊടേരി എന്നിവരും എസ്ഐടിയിലുണ്ട്. ഇവർ രണ്ട് ദിവസത്തിനകം അവസാനവട്ട യോഗം ചേർന്ന ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ടിവി പ്രശാന്ത് നവീൻ ബാബുവിന് കെെക്കൂലി നൽകിയതിന് തെളിവില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കെെക്കൂലി നൽകിയെന്ന പ്രശാന്തിന്റെ മൊഴി മാത്രമേ ഉള്ളൂവെന്നും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു.
കെെക്കൂലി നൽകാനുള്ള പണത്തിനായി ഒക്ടോബർ അഞ്ചിന് താൻ സ്വർണം പണയം വെച്ചിരുന്നു എന്നാണ് പ്രശാന്ത് അവകാശപ്പെട്ടത്. ഇതിൻ്റെ രസീത് വിജിലൻസിന് പ്രശാന്ത് കൈമാറുകയും ചെയ്തു. എന്നാൽ, പണം കൈമാറിയതിൻ്റെ തെളിവുകളില്ല. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ ആറിന് നാല് തവണയാണ് പ്രശാന്തും എഡിഎം നവീൻ ബാബുവും തമ്മിൽ ഫോണിൽ സംസാരിച്ചത്.