ഒരു നാടിന്റെ ആരോഗ്യ കരമായ സർഗ്ഗ സംവാദങ്ങളെയാണ് നമ്മൾ സാഹിത്യം എന്ന് വിളിക്കുന്നത്. ആഹാരവുംവസ്ത്രവും പാർപ്പിടവും എന്ന അനിവാര്യമായ പ്രാഥമിക ഉപാധികൾക്കു പുറമേ മനുഷ്യൻ എന്ന ജീവിക്ക് അവന്റെനില നിൽപ്പിന് ആവശ്യമായ അനേകം കാര്യങ്ങൾ കൂടിയുണ്ട്. ഇതിൽ പലതും മറ്റു ജീവികൾക്ക് ആവശ്യമില്ലഎന്ന് സമ്മതിക്കുമ്പോളും ഇതിൽ പലതിനെയും ചേർത്തു പിടിച്ചു കൊണ്ടാണ് മനുഷ്യ ജീവിതം മുന്നോട്ടുപോകുന്നത്.
രാവിലെയും വൈകിട്ടും പല്ല് തേയ്ക്കണം എന്ന ദന്ത ശാസ്ത്ര കണ്ടെത്തൽ കുറെയെങ്കിലും പിൻ പറ്റുന്നവർ ആണ്മനുഷ്യർ എന്നിരിക്കെ കാട്ടിലെ കടുവയും നാട്ടിലെ കാളയുമൊന്നും ഇത് അനുവർത്തിക്കുന്നതായി കാണുന്നില്ല. വായ്‌നാറ്റം മൂലമുള്ള വിവാഹ മോചനങ്ങൾ പോലും നിലവിലുള്ള നമ്മുടെ അവസ്ഥയിൽ നിന്ന് വിഭിന്നമായിഒരിക്കൽ പോലും ദന്ത ശുദ്ധി നടത്താതെ മൃഗങ്ങൾ ജീവിച്ചു പോകുന്നു. വായ വായയോട് അടുപ്പിച്ചിട്ടുള്ള ഒരുകെമിസ്ട്രിയിലല്ല അവകൾ കാര്യം സാധിക്കുന്നത് എന്ന് വാദിക്കാമെങ്കിലും മറ്റു ജീവികൾക്ക് ആവശ്യമില്ലാത്തചില കാര്യങ്ങൾ കൂടി ഉണ്ടെങ്കിലേ മനുഷ്യന് ജീവിക്കാനാകൂ എന്ന് സ്ഥാപിക്കാനാണ് ഈ ഉദാഹരണം ഇവിടെപറയുന്നത്.
സർഗ്ഗ സംവേദനമായ സാഹിത്യം ആണ് നമ്മുടെ വിഷയം. ഇതില്ലായിരുന്നുവെങ്കിലും ഞങ്ങൾ സുഖമായി ജീവിച്ചുപോകുമായിരുന്നു എന്ന് ചിലരെങ്കിലും നെഞ്ചു വിരിച്ചു നിന്ന് പറഞ്ഞേക്കാം എന്ന് സമ്മതിക്കുന്നു. ശാരീരികഅവസ്ഥ പോലെയോ അതിലുപരിയോ ആയ ഒരു മാനസിക അവസ്ഥ കൂടി മനുഷ്യനുണ്ട് എന്ന് സമ്മതിക്കേണ്ടിവരുമ്പോൾ ഈ മനസികാവസ്ഥയ്ക്കുള്ള ആഹാരം കൂടി അവനു കണ്ടെത്തേണ്ടി വരുന്നുണ്ട് എന്നയിടത്താണ്സാഹിത്യം ( അഥവാ സർവ്വ സുകുമാര കലകളും ) ജീവിതത്തിലെ ഒരൊഴിവാക്കാനാവാത്ത ഘടകമായിഭവിക്കുന്നത്.
ശ്വാന പ്രദർശനത്തിൽ സമ്മാനം നേടുന്നത് നായയാണെങ്കിലും അതിന്റെ ആത്മ ഹർഷം അനുഭവിക്കുന്നത്അതിന്റെ ഉടമയാകുന്നു എന്നതല്ലേ സത്യം ? ഈ ഹർഷാന്വേഷണ വിടവുകൾ ഫുൾ ഫിൽ ചെയ്യപ്പെടുന്നസജീവമായ ഒരിടം എന്ന നിലയിലാണ് സാഹിത്യാദി സുകുമാര കലകൾ കൂടി ഉൾക്കൊണ്ടു കൊണ്ടുള്ളസംസ്ക്കാരം എന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള മനുഷ്യ ജീവിതം മുന്നോട്ടു പ്രവഹിക്കുന്നത്.
സംസ്ക്കാരം എന്ന ഈ ജീവിത വ്യാപാരത്തിന് ഊടും പാവുമായി വർത്തിച്ചത് സാഹിത്യമായിരുന്നു എന്ന സത്യംഅംഗീകരിക്കേണ്ടി വരുന്നു എന്നയിടത്താണ് സാഹിത്യ പോഷണത്തിനുള്ള സംവിധാനങ്ങൾ എന്ന നിലയിൽസാഹിത്യ സംഘടനകൾ പ്രസക്തങ്ങളാകുന്നത്.
സാർവ്വ ലൗകികമാണ് സാഹിത്യം എന്ന് പൊതുവായി അടയാളപ്പെടുത്തുമ്പോളും സൃഷ്ടിയുടെ കാൻവാസ്‌ഭാഷയാകുന്നു എന്നതിനാൽ സർവ ലൗകികമായ ഈ സർഗ്ഗ പ്രവാഹം ഭാഷകളുടെ അണക്കെട്ടുകളാൽ തടഞ്ഞുനിർത്തപ്പെടുന്നു. ഈ അണക്കെട്ടുകൾ നിറച്ചു കൊണ്ട് കവിഞ്ഞൊഴുകുന്ന സാഹിത്യ നീർച്ചാലുകൾ മറ്റു ജലസ്രോതസ്സുകളുമായി ഒന്ന് ചേർന്ന് ഒഴുകി പടരുന്നത് കൊണ്ട് കൂടിയാണ് സാഹിത്യം ഒരു സർവ്വ ലൗകികപ്രതിഭാസമായി വിലയിരുത്തപ്പെടുന്നത്.
ഈയൊരു സാഹചര്യങ്ങളിലാണ് സാഹിത്യ സംഘടനകളുടെ പ്രസക്തി സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിവിലയിരുത്തപ്പെടുന്നതും ലോകം ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനുള്ള മാനവിക സ്വപ്നങ്ങളുടെസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന സദ് സ്ഥാപനങ്ങളായി അവയെ അടയാളപ്പെടുത്തപ്പെടുന്നതും.
നമ്മുടെ മലയാളം മൂന്നരക്കോടി മനുഷ്യരുടെ മാത്രം മാതൃഭാഷയായി വിലയിരുത്തപ്പെടുമ്പോളും അത് പശ്ചിമപൂർവ ഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാം ദേശങ്ങളിൽ ( മഹാകവി പാലായുടെ വാക്കുകൾ ) കാലുറപ്പിച്ച ചരിത്രവും അതിനുണ്ട്. നമ്മുടെ രചനകളിലെ ആശയ വിസ്പോടനങ്ങൾ എത്രയോ വിദേശഭാഷകൾ അവരുടെ ലിപികളിലാക്കി ആസ്വദിക്കുന്നു എന്നത് തന്നെയാണ് പശ്ചിമ പൂർവ ഘട്ടങ്ങൾക്കും അപ്പുറംവരെ നമ്മൾ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിനുള്ള ജീവിക്കുന്ന തെളിവുകൾ. ചരിത്രത്തിൽ ആദ്യമായി ഒരുമലയാള കൃതി ഒരു വിദേശ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു എന്ന ചരിത്ര നേട്ടത്തിന് ഈ ലേഖകൻഅർഹനായി എന്നതു തന്നെ വ്യക്തി എന്ന നിലയിൽ മൂന്നരക്കോടിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞുഎന്നതിന്റെ ആത്മാഭിമാനം പേറുന്നുണ്ട്, അത് അഹങ്കാരമല്ല.
ഇത്തരുണത്തിൽ എന്താണ് സാഹിത്യ പോഷണ സംഘടനകളുടെ പ്രസക്തി ? സർക്കാർ ഫണ്ട് സ്വീകരിച്ചുകൊണ്ട് സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുടക്കക്കാലങ്ങളിൽ ഒരു അക്കാദമി അവാർഡ് എന്നൊക്കെ പറഞ്ഞാൽ അതിന്റെ മൂല്യം സ്വർണ്ണത്തെക്കാളുംതങ്കത്തേക്കാളും വിലയേറിയതായിരുന്നുവെങ്കിൽ,
പിൽക്കാലത്ത് കക്ഷി രാഷ്ട്രീയക്കാരുടെ കസേര കളിയിൽ അടിപിണഞ്ഞു പോയ പൂത്തൻ സാഹചര്യങ്ങളിൽസർക്കാർ മുതലുകളുടെ സംരക്ഷകരായി രാഷ്ട്രീയക്കാർ രംഗത്തെത്തുകയും നടുറോഡിൽ പൊരിവെയിലത്ത്തങ്ങളുടെ നേതാവിന് വേണ്ടി തൊണ്ട കീറി പത്തു മുദ്രാവാക്യം വിളിച്ചതിന്റെ പ്രത്യുപകാരമായി അധികാരസ്ഥാനങ്ങളിൽ എത്തിപ്പെടുകയും ചെയ്തപ്പോൾ അവരുടെ തരം താണ ധർമ്മിക നിലവാരത്തിനൊപ്പം തരംതാണു പോയി അവർ നയിക്കുന്ന പ്രസ്ഥാനങ്ങളും ആ പ്രസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന അവാർഡുകളും.
കള്ള വാറ്റുകാരന്റെ കഞ്ഞിപ്പുരയിൽ തേളും തേരട്ടയും ചേർത്തു വാറ്റിയെടുക്കുന്ന വ്യാജച്ചാരായം അടിച്ചുംആളുകൾ ആനന്ദിക്കുന്നുണ്ട് എന്നത് പോലെയേ അവരുടെ അവാർഡുകൾ ഇന്ന് വിലയിരുത്തപ്പെടുന്നുള്ളു. ഇന്ത്യൻ റൂപ്പിയുടെ മേൽ അമേരിക്കൻ ഡോളർ നേടിയ മൂല്യ മേധാവിത്വം മനസ്സിലാക്കിയ ചിലരെങ്കിലും കുറെഡോളർ വാരിയെറിഞ്ഞാൽ കരഗതമാക്കാവുന്നവയാണ് നാട്ടിലെ അവാർഡുകൾ എന്ന് മനസ്സിലാക്കുകയുംഅപ്രകാരം അവ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഇന്നും ഇവിടെ പാണന്മാർ പാടി നടക്കുന്നുമുണ്ട് !
പോകട്ടെ. നാടും വീടും ഉപേക്ഷിച്ച് ഭാര്യാ വീട്ടിലെ സ്വത്തുക്കളിൽ കണ്ണു വച്ച് അങ്ങോട്ട് ദത്ത് പോയ ദരിദ്രഭർത്താവിനെപ്പോലെ വിമാനം കയറിയ നമ്മൾക്ക് നാട്ടിലെ കുടുംബ വീട് ഇനിയൊരു ഓർമ്മ മാത്രം. ഇനിഅവകാശവും പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നാൽ അവിടെയുള്ളവർ കഴുത്തിനു കുത്തിപ്പിടിച്ച് പുറംതള്ളിയെന്നും വന്നേക്കാം - വിട്ടേക്കുക.
പക്ഷേ അതല്ലാലോ ഇന്നത്തെ ഇവിടുത്തെ നില ? മലയാളി എത്തിപ്പെട്ട എല്ലായിടങ്ങളിലും എന്ന പോലെ മുട്ടോളംമഞ്ഞിലിഴഞ്ഞ് മുത്തുകൾ കണ്ടെടുത്ത നമ്മൾ ലോക മലയാളികൾക്ക് റോൾ മോഡലുകളും അവരുടെ. ആവേശവുമാണ്. ( നാടും വീടും മൂടും മറന്ന് സായിപ്പുമല്ലാ ഇന്ത്യനുമല്ലാ എന്ന നിലയിൽ ആളാവൽനാടകങ്ങൾക്ക് വേണ്ടി നാലു കാലിൽ വേഷം കെട്ടി നിൽക്കുന്ന അമേരിക്കൻ മലയാളി മോന്തകാട്ടിഅച്ചായന്മാരെ ഒഴിവാക്കിയിട്ടാണ് ഈ പരാമർശം. അത്തരക്കാരെ സിനിമാക്കാരൻ ശ്രീനിവാസനെപ്പോലുള്ളവർ ‘ അമേരിക്കൻ മലയാളി കോമാളികൾ ‘ എന്ന് വിളിച്ചിട്ടുടെങ്കിൽ അതിന് ഈ പരാമർശം ഉത്തരവാദിത്വംവഹിക്കുന്നുമില്ല )
ഒരു സാഹിത്യ സംസ്ക്കാരം തന്നെ ഇവിടെ നമ്മൾ പടുത്തുയർത്തി. ആധുനിക മീഡിയകളുടെ തേരോട്ടത്തിൽഅച്ചടി മാധ്യമങ്ങൾ വീണടിഞ്ഞുവെങ്കിലും അവർ തെളിയിച്ച ദീപ ശിഖ ഏറ്റു വാങ്ങുവാൻ ഓൺലൈൻമാധ്യമങ്ങൾക്കു കഴിഞ്ഞു. ഒരു പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന സാഹിത്യ രചനകൾപ്രദിദ്ധീകരിക്കപ്പെടുന്നത് ഇ മലയാളി ഉൾപ്പടെയുള്ള ഓൺലൈൻ മാധ്യമങ്ങളിൽ ആയിരിക്കും എന്ന് കരുതുന്നു. കേരളത്തിൽ നിന്നുള്ള എത്രയോ പ്രതിഭാ ശാലികൾ ഈ മാധ്യമങ്ങളിൽ മാറ്റുരയ്ക്കുന്നു എന്നത് തന്നെഅതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ഇത്തരുണത്തിൽ ഇവിടെ പ്രവർത്തിക്കുന്ന സാഹിത്യ സംഘടനകൾക്ക് വലിയ പ്രസക്തിയുണ്ട്. സർഗ്ഗവേദിയുംമലയാളം സൊസൈറ്റിയും പ്രസ്ക്ളബ്ബും റൈറ്റേഴ്‌സ് ഫോറവും ലാനയും ഉൾപ്പടെ നമുക്കറിയുന്നതുംഅറിയാത്തതുമായ അനേകം സംഘടനകൾ ഈ നിരയിൽ തലയുയർത്തി നിൽക്കുന്നു. ജനതകളുടെസാംസ്ക്കാരിക സഞ്ചാരങ്ങളുടെ ഇട
വഴികളിൽ വിളക്ക് മരങ്ങളായി കത്തി നിൽക്കേണ്ട ഈ പ്രസ്ഥാനങ്ങൾ തങ്ങളിൽ നിക്ഷിപ്തമായ കടമകൾനിർവഹിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ അവസാനത്തിൽ, അവരുടേതായ രീതിയിൽ അവർ ചെയ്തു വച്ചകാര്യങ്ങളെ ആദരവുകളോടെ അംഗീകരിക്കുമ്പോളും നിർബന്ധമായും അവർ ചെയ്യണ്ടിയിരുന്ന പല കാര്യങ്ങളുംഅവർ ചെയ്തിട്ടുണ്ടോ എന്ന ന്യായമായ ചോദ്യം ഉയർത്തുവാൻ നമ്മൾ നിർബന്ധിതരാവുന്നു.
സംസ്ക്കാരത്തിന്റെ തായ്‌വേരുകളായ സാഹിത്യവും സാഹിത്യത്തിന്റെ തായ് വേരുകളായ ചിന്തയുമാണ് നമ്മുടെവർത്തമാനാവസ്ഥ രൂപപ്പെടുത്തിയത് എന്നതിനാൽ ആ സദ് ഫലങ്ങൾ സമ്മാനിച്ചവർ എന്ന നിലയിൽ ഇതിനായിതങ്ങളുടെ ഊർജ്ജം ചെലവഴിച്ചവരെ പരിചയപ്പെടുത്തുകയും അവരുടെ ആശയങ്ങൾ ചികഞ്ഞ്പരിശോധിക്കുകയും ചെയ്യുമ്പോളാണ് ഒരു സാഹിത്യ സംഘടന സത്യത്തിന്റെ സാക്ഷികളാവുന്നത്.
ഇവിടെ നമ്മുടെ സാഹിത്യ സംഘടനകൾ അവർ തന്നെ കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിൽ തന്ത്രപൂർവംഒളിക്കുന്നതായി കാണാവുന്നതാണ്. തികച്ചും നിഷ്പക്ഷമായ ചില വസ്തുതാന്വേണങ്ങളിലൂടെ മഞ്ഞു മലയുടെമുകളറ്റം മാത്രം ചൂണ്ടിക്കാണിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
അമേരിക്കയിൽ എത്തിപ്പെട്ട് എലിപ്പത്തായത്തിലേപ്പോലെ പിന്നിൽ വാതിൽ അടഞ്ഞു പോയ നമ്മളിൽ എത്രയോമലയാളികൾ ( തീവ്രമായ അവരുടെ ജീവിതാനുഭവങ്ങളാവാം ) നൂറു കണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തിയിരിക്കുന്നു? ഇവയെ വസ്തു നിഷ്ടമായ വീക്ഷണ വിസ്മയങ്ങളിലൂടെവിലയിരുത്തുവാനോ അവയുടെ സർഗ്ഗാത്മക മൂല്യം മലയാളി സമൂഹത്തിന്റെ മനസ്സിലെത്തിക്കുവാനോ നിങ്ങൾവേണ്ട വിധം ശ്രമിച്ചിട്ടുണ്ടോ ?.
വികൃത വേഷവും ധരിച്ചു കുറ്റിയും കുഴയും പറിച്ച് നാട്ടിൽ നിന്നെത്തുന്ന കള്ള നാണയങ്ങളെ വാരിപ്പുണർന്നുസ്വീകരണങ്ങൾ ഒരുക്കിയ നിങ്ങൾ അമേരിക്കയിലെ മലയാളി കുടിയേറ്റ മഹാ സൗധത്തിന്റെ മൂലക്കല്ലുകളായിനില നിൽക്കുന്ന ചിലരെയെങ്കിലും മനഃ പൂർവം മാറ്റി നിർത്തി എന്നുള്ളത് സത്യമല്ലേ?
ചികഞ്ഞു നോക്കിയാൽ ഡസൻ കണക്കിനാളുകളെ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും ആ സാഹസത്തിന് മുതിരുന്നില്ല. എങ്കിലും ആരുടെ പരിഗണനയും പ്രതീക്ഷിക്കാതെ തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ അവഗണിക്കാനാവാത്തഅടയാളപ്പെടുത്തലുകൾ നടത്തിയ ചിലരെയെങ്കിലും ഓർമ്മിച്ചെടുത്തില്ലെങ്കിൽ അതും സത്യങ്ങൾ സാക്ഷിക്കാത്തഅധർമ്മികതയാവും എന്നതിനാൽ ഉദാഹരിക്കാൻ മാത്രമായി ചിലരെ എടുക്കുന്നു. ( ആദരിക്കപ്പെടേണ്ടവരിൽമുൻനിരക്കാരിൽ ഒരാളായ ശ്രീ സി. എം. സ്റ്റീഫൻ ഈയിടെ ആദരിക്കപ്പെട്ടു എന്നതിൽ ആനന്ദനുണ്ട്. )
ആറര പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു മാസത്തിലധികം നീണ്ട കപ്പൽ യാത്ര നടത്തി അമേരിക്കൻ മണ്ണിൽ മലയാളിസാന്നിധ്യം ഉറപ്പിച്ച ബഹുമാന്യനായ പ്രൊഫസർ ജോസഫ് ചെറുവേലിയാണ് അതിലൊരാൾ. നാട്ടിലെഅക്കാദമിക് വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നേടിയെടുത്ത റാങ്കുകളും ഒന്നാം സ്ഥാനങ്ങളുമാണ് അമേരിക്കൻ സ്കോളര്ഷിപ്പോടെ ഇവിടെ വരുവാൻ അദ്ദേഹത്തെ സഹായിച്ചതും പ്രശസ്തമായ സെന്റ് ജോൺസ്യൂണിവർഴ്സിറ്റിയിൽ മൂന്ന് പതിറ്റാണ്ടിലധികം ഇംഗ്ലീഷ് പ്രൊഫസറായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിനായതും!
സ്വന്തം ആത്മാവിന്റെ തേങ്ങലുകളും സ്വപ്നങ്ങളും ചേർത്തു വച്ച് ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകൾ ഏൽപ്പിച്ചമുറിവുകളിൽ നിന്നുള്ള ചോരയിൽ മുക്കി അദ്ദേഹമെഴുതിയ ‘ എ പാസ്സേജ് ടു അമേരിക്ക ‘ എന്ന ബൃഹത് ഗ്രന്ഥംഅമേരിക്കൻ മലയാളിയുടെ കുടിയേറ്റ വഴികളിലെ ചരിത്ര സ്മാരകമായി ഇന്നും നില കൊള്ളുന്നു.
ഒരു കുട്ടനാടൻ ഗ്രാമത്തിന്റെ പരമ്പരാഗത വന്യതയിൽ ജനിക്കുകയും അന്നത്തെ ജീവിത സാഹചര്യങ്ങളുടെമേൽത്തട്ടിൽ വളർത്തപ്പെടുകയും ചെയ്ത അദ്ദേഹം വരുവാനുള്ള തലമുറയ്ക്ക് ഒരുപക്ഷേഅന്യമായിപ്പോകുമായിരുന്ന പരമ്പരാഗത കുട്ടനാടൻ ജീവിതത്തിന്റെ ചെളിമണം ഗൃഹാതുരത്വത്തിന്റെജീവിതത്തളികയിൽ ചാലിച്ച് സുഗന്ധ പൂരിതമാക്കി കാലത്തിന് സമ്മാനിക്കുകയാണ് ‘ A PASSAGE TO AMERICA ‘ എന്ന എണ്ണൂറോളം പേജ് വരുന്ന ഈ രചനയിലൂടെ. സ്വന്തം ജീവിതത്തിൽ അനുഭവിച്ചുംആവിഷ്‌ക്കരിച്ചും ആണ് ഈ ബൃഹത് രചന അദ്ദേഹം നിർവഹിച്ചിട്ടുള്ളത് എന്നതിനാൽ അമേരിക്കയിൽകുടിയേറിയ മലയാളി സമൂഹത്തിൽ നിന്ന് പുറത്തു വന്ന കനപ്പെട്ട ഒരാദ്യകാല സാഹിത്യ സംഭാവനയായി ഇത്പരിഗണിക്കപ്പെടേണ്ടതാണ്.
മാറ്റത്തിന്റ കാറ്റിൽ കട പുഴകി വീഴുന്ന സംസ്ക്കാരത്തിന്റെ തായ് വേരുകൾ അതിന്റെ ആഴങ്ങളിൽ എത്തിപരിശോധിക്കുവാനും പഠിക്കുവാനുമാണ് ഈ രചന പുത്തൻ തലമുറകളെ സഹായിക്കുന്നതെങ്കിൽ ആധുനികജീവിതത്തിന്റെ അനിവാര്യ ഘടകമായ സയൻസും ടെക്നൊളജിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ദൈവീകമായഒരു മേൽക്കട്ടിക്കടിയിൽ എങ്ങിനെ ജീവിതം ഫലപ്രദമാക്കാം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ഒരു പ്രവാസി മലയാളി രചിച്ച ഏറ്റവും സുദീർഘമായ ഈ ജീവിത പരിച്ഛേദങ്ങൾ നമ്മുടെ സമകാലിനസാഹചര്യങ്ങളുടെ പരുഷമായ വെല്ലുവിളികളെ നേരിടുവാനുള്ള സമർത്ഥമായ ഊർജ്ജ സ്രോതസ്സുകളുടെഅക്ഷയ ഖനി ആയിരുന്നിട്ടു കൂടിയും സർഗ്ഗവേദി മുതലുള്ള പ്രസ്ഥാനങ്ങൾ
അത് പരിചയപ്പെടുത്തിയില്ലാ എന്നതും, അത് സാഹിത്യ സംഘടനകൾ എന്ന നിലയിൽ ഈ പ്രസ്ഥാനങ്ങൾപ്രവാസി സമൂഹത്തോട് കാണിച്ച പരമ ദ്രോഹമായിരുന്നു എന്നതും ചരിത്രം കരി ഓയിൽ ലിപികളിൽരേഖപ്പെടുത്തുക തന്നെ ചെയ്യും.
പച്ച മരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരങ്ങളോട് ഒരു കരുണയും പ്രതീക്ഷിക്കേണ്ടതില്ലാ എന്നതിനാൽഎന്തിനാണ് സ്റ്റാർ ഹോട്ടലുകളിലെ സെക്യൂരിറ്റിയെപ്പോലെ സർഗ്ഗ വേദി പോലുള്ള ഇത്തരം പ്രസ്ഥാനങ്ങൾതലയിൽ കിന്നരിത്തൊപ്പിയുമായി വേഷം കെട്ടി നിൽക്കുന്നത് എന്ന ന്യായ യുക്തമായ ചോദ്യം ബാക്കി വരുന്നൂ ?
മണിക്കൂർ കണക്കിൽ ജോലിയും കൂലിയും കിട്ടാവുന്ന അമേരിക്കയിൽ എത്തിയിട്ടും പത്രപ്രവർത്തനത്തിനിറങ്ങുകയും അമേരിക്കൻ മലയാളികൾ ആഞ്ഞു പുണരുന്ന അടിപൊളിയൻ ജീവിതം വേണ്ടെന്ന്വച്ച് മൂന്നു പതിറ്റാണ്ടിലധികം സൗജന്യമായി. മലയാളിയെ പത്രം വായിപ്പിച്ച ജോസ് തയ്യിലിനെ ആരെങ്കിലുംഅറിഞ്ഞോ ആദരിച്ചോ ? അമേരിക്കയിൽ എഴുതുന്ന ഞാനുൾപ്പെടെയുള്ള മിക്ക എഴുത്തുകാർക്കു വേണ്ടിയുംഅദ്ദേഹം തുറന്നിട്ട കൈരളിയുടെ താളുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് പച്ച പിടിച്ചു നിൽക്കുന്ന അമേരിക്കയിലെമലയാള സാഹിത്യം എന്നേ കൂമ്പടഞ്ഞ് പോകുമായിരുന്നില്ല ?
കർമ്മ യോഗികൾ അവരുടെ കർമ്മം ചെയ്യുന്നത് ആരുടേയും അംഗീകാരത്തിന് വേണ്ടിയല്ലെന്നും ആത്മസംതൃപ്തിയുടെ അസുലഭ റവന്യൂവിന് വേണ്ടിയാണ് എന്ന് സമ്മതിക്കുമ്പോളും സത്യത്തെ സത്യമായിഅംഗീകരിക്കണമല്ലോ ?
ആങ്ങള ചത്തതിലുള്ള സന്താപമല്ല, നാത്തൂന്റെ കണ്ണീര് കാണുന്നതിനുള്ള സന്തോഷമാണ് മിക്ക അമേരിക്കൻസാഹിത്യ സംഘടനകളും അനുവർത്തിക്കുന്നത് എന്നതിനുള്ള തെളിവായി ഞാൻ തന്നെയുണ്ട്എന്നതിനാലാണ് ഇത് പറയുവാനുള്ള ആത്മ ധൈര്യം എനിക്കുണ്ടാവുന്നത് എന്ന് കൂടി അറിഞ്ഞു കൊള്ളുക.
അമേരിക്കയിൽ എത്തിയ ശേഷം മാത്രം കൈരളി, മലയാള വേദി, ലാന. ഫൊക്കാനാ ( 2009 , 2024 ) എന്നീസംഘടനകളിൽ നിന്നുള്ള സാഹിത്യ അവാർഡുകൾ എനിക്ക് ലഭിച്ചുവെങ്കിലും ഏത് രചനയ്ക്കാണ് അത്ലഭിച്ചതെന്നോ എന്താണ് അതിന്റെ കണ്ടന്റ് എന്നോ ചർച്ച ചെയ്യുവാൻ ഒരു സാഹിത്യ സംഘടനയും തയ്യാറായില്ലഎന്നത് തന്നെ നാത്തൂന്റെ കണ്ണീരു കാണാനുള്ള ഇവരുടെ ആർത്തി കൊണ്ടായിരിക്കും എന്നേ എനിക്ക്മനസ്സിലാവുന്നുള്ളു.
ഇതിനെല്ലാമുപരി മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെമലയാള കൃതി ഒരു അമേരിക്കൻ യുണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടും സർഗ്ഗവേദിയുടെ ഭാരവാഹികളോട് ഇത്അനൗൺസ് ചെയ്ത് ചർച്ച ചെയ്യണം എന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടും തത്ര ഭവാൻമാർ കണ്ണടച്ച് പാല്കുടിക്കുകയാണ് !
മത രാഷ്‌ടീയ സംഘടനകളെക്കാൾ സാഹിത്യ സംഘടനകൾക്ക് ഒരു ധാർമ്മിക നിലവാരം ഉണ്ടായിരിക്കണം. എന്ത് കൊണ്ടെന്നാൽ അത് സംസ്ക്കാരത്തിന്റെ സൃഷ്ടാവും സഹ യാത്രികനുമാണ്. പുത്തൻ ചിന്തകളുടെപുത്തൻ രൂപങ്ങളാണ് സാഹിത്യ രചനകൾ എന്നതിനാൽ അത് സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്നതിനുള്ള ഇടനിലക്കാരാവണം സാഹിത്യ സംഘസനകൾ. തങ്ങളുടെ തലയ്ക്കു മുകളിൽ ആരെങ്കിലും വന്നേക്കും എന്നഭയത്തോടെ സത്യങ്ങളെ തമസ്ക്കരിക്കുന്നത്തിന് യാതൊരു ന്യായീകരണവുമില്ല. സത്യ സന്ധമായി ഇത്തരംപ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കുന്നില്ലെങ്കിൽ ഇത് പൂട്ടിക്കെട്ടി കുറേക്കൂടി ലാഭകരമായമറ്റെന്തെങ്കിലും ബിസ്സിനസ്സ് ആരംഭിക്കുകയാവും ഭാര വാഹികൾക്ക് നല്ലത്. ഇല്ലെങ്കിൽ പാല്കുടിക്കുന്നതിനിടയിലും പതിയെ ആ കണ്ണൊന്നു തുറക്കുകയും ചുറ്റുമുള്ള വസ്തുതകൾ സത്യസന്ധമായിഗ്രഹിക്കുകയും ചെയ്യുക. അതാണ് നല്ലത് അധികാരികൾക്കും ആശ്രിതന്മാർക്കും ?