Image

എമ്പുരാന്‍: കാത്തിരുന്നത് വെറുതെയായില്ല, കിടിലനെന്ന് ഫാൻസ്‌, വൈബ് പോരെന്ന് വിമർശകർ

ജോർജ് തുമ്പയിൽ Published on 27 March, 2025
എമ്പുരാന്‍: കാത്തിരുന്നത് വെറുതെയായില്ല, കിടിലനെന്ന്  ഫാൻസ്‌, വൈബ് പോരെന്ന് വിമർശകർ

മ്പൻ  ഹൈപ്പിലെത്തിയ ചിത്രം- 'എമ്പുരാന്‍' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണെത്തുന്നത് . അടിപൊളി പടമെന്നും  കിടിലനെന്നുമൊക്കെ മൊത്തത്തിലുള്ള വിലയിരുത്തലുകൾക്കിടയിലും  പ്രതീക്ഷിച്ച വൈബ് കിട്ടിയില്ലെന്ന പതിവ് പരാതികളേറെ .  ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കുമ്പോഴും, കഥാപരമായും കലാപരമായും ലൂസിഫറിനൊപ്പം എത്താത്ത , ശരാശരി കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് 'എമ്പുരാൻ' എന്നാണ് വിലയിരുത്തലുകൾ.'മോഹൻലാലിന്റെ ഉജ്വല  പ്രകടനം, അതിശയകരമായ ദൃശ്യങ്ങൾ, കിടിലൻ  ആക്ഷൻ രംഗങ്ങൾ എല്ലാം നല്ലത് തന്നെ , എന്നാൽ തിരക്കഥയുടെ ഇഴച്ചിൽ ആളുകളുടെ ക്ഷമ പരീക്ഷിക്കുന്നത് തന്നെ'' ഒരു ട്വിറ്റർ യൂസർ എഴുതുന്നതിങ്ങനെ.

 പ്രിത്വിരാജിന്റെ സംവിധാന മികവിനും ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങിനും  ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും വിലയിരുത്തുന്ന പ്രേക്ഷകരേറെ  . മോഹൻ ലാലിൻറെ മാസ് എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും തിയേറ്ററുകളിൽ ആവേശപ്പൂരം തന്നെ  തീർത്തു എന്നതാണ് ശരി  . ഹെലികോപ്റ്റർ  ആക്ഷൻസും എല്ലാം കിടിലനായി.

''ശരിക്കും മലയാളത്തിൽ നിന്നൊരു ഇന്റർ നാഷണൽ മൂവി , പ്രിത്വിയുടെ മേക്കിങ് ഗംഭീരം!ഇന്റെർവെലിന് ശേഷമുള്ള മോഹൻലാലിൻറെ സീൻ കിടിലൻ . ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തവർക്ക് ചിലപ്പോൾ മനസിലാക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാകും. പൂർണമായും ഒരു മലയാളം മൂവി എന്ന് പറയാൻ പറ്റില്ല. ഇത്തരം സിനിമകൾ മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയർത്തും '' ഇങ്ങനെ പോകുന്നു ന്യൂ ജേഴ്‌സിയിൽ നിന്ന് ഒരു പ്രേക്ഷകന്റെ വിലയിരുത്തൽ.

''ഇവിടെ വീഴുന്ന ഓരോ വിയർപ്പുതുള്ളിയുടെയും വിലയറിഞ്ഞതാണെന്റെ സത്യം. അണികളുടെ ആത്മവിശ്വാസത്തിന്റെ പൊരുളറിഞ്ഞതിന്റെ സത്യം. വലിയ ത്യാഗങ്ങൾ നൽകി ആ തോളിൽ പിടിപ്പിച്ചതിന്റെ സത്യം. സംഭവിച്ചതിനേക്കാൾ വലുത് , സംഭവിക്കാനിരിക്കുന്നതാണെന്ന സത്യം.
വിജയ പരാജയങ്ങൾക്കെല്ലാം ഉപരിയായി വർത്തിക്കുന്നത് ജനങ്ങളോടും ദേശത്തോടുമുള്ള ഒടുങ്ങാത്ത കടമയാണെന്ന സത്യം . വേദിയേക്കാൾ വലുത് സദസാണെന്ന സത്യം.'' ലാലേട്ടനെക്കൊണ്ട് മുരളിഗോപി പറയിക്കുന്ന ഡയലോഗിൽ എല്ലാം സത്യങ്ങൾ മാത്രം.

''ആരാണ് യഥാർത്ഥത്തിൽ ഖുറേഷി എബ്രഹാം? സ്റ്റീഫൻ നെടുമ്പിള്ളി എങ്ങനെ ഖുറേഷി എബ്രാമായി മാറി? കാലം ഖുറേഷി എബ്രാമിനായി കാത്തുവച്ച പുതിയ പോർക്കളം എവിടെയാണ്? ആരാണ്  ഖുറേഷി എബ്രാമിന്റെ എതിരാളി? ഖുറേഷി എബ്രാമിന്റെ വിശ്വസ്തനായ സയിദ് മസൂദിന്റെ കഥയെന്ത്? ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ പ്രേക്ഷകർ ആവേശത്തിലാണ് .  

ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ  സൃഷ്ടിക്കാൻ കഴിയാത്ത ആവേശവുമായി  നാട്ടിലെന്നതുപോലെ അമേരിക്കയിലും  തിയേറ്ററുകളെ പൂരപ്പറമ്പാക്കിയാണ്  മോഹന്‍ലാല്‍- പൃഥ്വിരാജ് ടീം ഒരുക്കിയ  'എമ്പുരാന്‍' എത്തിയത് . അമേരിക്കയിലും കാനഡയിലുമായി 100 ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്ത  സിനിമയിൽ മോഹൻലാൽ ഖുറേഷി എബ്രാം  ആയി വീണ്ടുമെത്തുമ്പോൾ ആ എപിക് പെർഫോമൻസ് കാണാനുള്ള ത്രില്ലിൽ ആണ് ആരാധകർ  . മോഹൻലാൽ അവതരിപ്പിക്കുന്ന എബ്രാം ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എമ്പുരാൻ റിലീസ് ഡേ ആഘോഷമാക്കാൻ ആശീർവാദ് സിനിമാസ് ആവശ്യപ്പെട്ടതുപോലെ ഇവിടെ ന്യൂ ജേഴ്സിയിലും മോഹൻലാൽ  ഫാൻസ്‌, ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഡ്രെസിൽ കിടിലൻ വൈബിലാണ് എത്തിയത് . 

പാട്ടും മേളവും ഡാൻസും പോസ്റ്ററുകളും ബാനറുകളും സ്റ്റിക്കറുകളും എല്ലാം കൂടി സംഗതി ആകെ കളറായി. മോഹൻ ലാൽ ഫാൻസ്‌ അസോസിയേഷൻ നോർത്ത് അമേരിക്ക-  ഒരു ഡയറക്ടർ ആയ റോഷിൻ ജോർജും ന്യൂ ജേഴ്‌സി ചാപ്റ്ററും ചേർന്നൊരുക്കിയ  'എമ്പുരാന്‍' റിലീസ്  ഒരുക്കങ്ങൾ ന്യൂജേഴ്‌സിയിൽ തീർത്ത ആവേശം കാണേണ്ടത് തന്നെയായിരുന്നു.  പാട്ട് പാടി മോഹൻലാൽ  ജയ് വിളിച്ച് ഡാൻസ് കളിച്ച് ആഘോഷമായിട്ടായിരുന്നു ന്യൂ ജേഴ്സിയിലെ  സ്പാർട്ടയിലേക്ക് ഫാൻസിന്റെ  വരവ് . 

 

 അമേരിക്കൻ തീയേറ്ററായിരുന്നിട്ട് കൂടി ഇന്റെർവെലിൽ പഴം പൊരിയും നൽകിയത് ഷോ കൊഴുപ്പിച്ചു .

ആദ്യഷോയിൽ ഇവിടുത്തെ 3 തിയേറ്ററുകളിലെയും എല്ലാ ഷോയും ഫുളി പായ്ക്ഡ്  ആയിരുന്നു.

'എമ്പുരാന്റെ' റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 16 ഞായറാഴ്ച പ്രദർശിപ്പിച്ചിരുന്നു. 

അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ  ഒത്തുകൂടലിൽ  എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് പങ്കെടുത്തത് . ആശിർവാദ് ഹോളിവുഡ് ആണ് ഈ ഒത്തുചേരൽ ഒരുക്കിയത്

റോഷിൻ ജോർജും മക്കളുമെല്ലാം ചേർന്ന് സംഗതി വേറെ ലെവലാക്കി. കിടു പെർഫോമൻസ്, അന്നത്തെ ആ വൈബ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

കുറച്ചു നാളുകളായി എമ്പുരാൻ പോസ്റ്ററിലെ തീ തുപ്പുന്ന ചുവന്ന ഡ്രാഗണിനും പുറംതിരിഞ്ഞു നിൽക്കുന്ന വില്ലനും പിറകെയായിരുന്നു  സോഷ്യൽ മീഡിയ. 

ആരായിരിക്കും ചിത്രത്തിലെ ആ വില്ലനെന്ന ചോദ്യത്തിന് ആമിർ ഖാൻ, ഫഹദ് ഫാസിൽ, ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ  റിക്ക് യൂൻ തുടങ്ങി പല നടൻമാരുടെയും പേരുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.  ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും എബ്രാം  ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറഞ്ഞിരുന്നു .  

 മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ ഉള്‍പ്പെടെ  വന്‍താര നിര  ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന്  കൊച്ചിയിലെ കവിതാ തിയേറ്ററിൽ  എത്തിയിരുന്നു എന്നാണ് വാർത്തകൾ. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ കഴിഞ്ഞ് ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തിയ മോഹൻ ലാലും പ്രിത്വിരാജും  അടക്കമുള്ള  എമ്പുരാൻ ടീമിനെ  ആരാധകർ വൻ ആവേശത്തോടെയാണ് എതിരേറ്റത് . എവിടെയും ഉയർന്നുകേട്ടു 'ലാലേട്ടാ' വിളികൾ .

ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ . റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലെ സിനിമാ  വ്യവസായത്തിനും സാംസ്കാരിക ക്ഷേമനിധിക്കും ഒക്കെ ഈ സിനിമ നേട്ടമേ കൊണ്ടുവരൂ . വിദേശ സിനിമ എടുക്കുന്ന പോലെ പൃഥ്വിരാജ് ഈ ചിത്രം ചെയ്തു .എല്ലാവർക്കും ഇതുപോലൊരു ചിത്രം ചെയ്യാനും സംവിധാനം ചെയ്യാനും കഴിയില്ല. വല്ലപ്പഴും മാത്രം നമ്മെ  തേടി വരുന്ന 'എമ്പുരാന്‍', - എല്ലാവർക്കും  വേണ്ട എല്ലാം ഇതിലുണ്ട്.

 എമ്പുരാന്റെ ഓളം നാട്ടിലെവിടെയും കാണാനുണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ  പറയുന്നത് . ചിത്രം  കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ എസ്‌തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. പിന്നാലെ മാര്‍ച്ച് 27ന് എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനും വാർത്തകളിൽ ഇടം പിടിക്കുന്നു.   വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും കോളജ് അധികൃതര്‍ പുറത്തുവിട്ടു.  കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമായി ഒരു പ്രത്യേക ഫാന്‍സ് ഷോയും കോളജ് ഒരുക്കിയിട്ടുണ്ട്.

2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  കില്ലിങ് ഈവ്, വാരിയർ നൺ എന്നീ സീരിസുകളിൽ അഭിനയിച്ച ആൻഡ്രിയ ടിവദറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

 മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ് .മുരളി ഗോപിയാണു കഥയും തിരക്കഥയും. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണിത്.

ഇന്ത്യയില്‍ എമ്പുരാൻ ഏറ്റവുമധികം ഷോകള്‍ കളിക്കുന്നത് ബെംഗളൂരുവിൽ ആണ്  എന്ന് നടനും നിർമ്മാതാവുമായ പൃഥ്വിരാജ് വെളിപ്പെടുത്തി . 1000ത്തിലധികം ഷോകളാണ് ബെംഗളൂരുവിൽ എമ്പുരാൻ കളിക്കുന്നത് . കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ചിത്രം  പ്രദർശിപ്പിക്കുന്നത്.

Join WhatsApp News
Kavil 2025-03-27 14:14:40
ലൂസിഫർ ഞാൻ പകുതി കണ്ടുനിർത്തി. അത്രമഹത്വര മെന്നു പറയുവാൻ ഒരു അതിശയവും ഞാൻ കണ്ടില്ല. പിന്നെ അമ്മഎന്ന സംഘടനയും അതിലെ കുറെ ആൾക്കാരും കാട്ടിക്കൂട്ടിയ വൃത്തികേടു കൾക്ക് ഒരു തുണിയിട്ടു മറക്കാം എന്നൊരു ഗുണം ഈ പടം കൊണ്ട് ഉണ്ടാക്കാം .ഒരു സിനിമാനട ൻ്റെയോ ഒരു രാഷ്ട്രീയ ക്കാരൻ്റെയോ പിറകേ പോയി അവന് സ്തുതി പാടുന്ന വരോട് കഷ്ടം എന്നേ എനിക്കു പറയുവാനുള്ളു അമേരിക്ക കാർ അതിന് മിനക്കെടില്ല. പിന്നെ നാട്ടിൽ നിന്നും students വിസയിൽ വനവരും HI visa യിൽ വന്നവരും ഇവരുടെ പിറകേ നടക്കും. അല്ലാതെ യഥാർത്ഥ അമേരിക്ക ക്കാരനെ ഇവരുടെ പുറം താങ്ങാൻ കിട്ടുകയുമില്ല .നാട്ടിൽ ചെല്ലുമ്പോൾ ഇക്കൂട്ടർ നമ്മെ ഇകഴ്ത്തുക യേ ഉള്ളു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക