Image

ലൊസാഞ്ചലസില്‍ ബോക്‌സിങ്ങും (സനില്‍ പി. തോമസ്)

Published on 27 March, 2025
ലൊസാഞ്ചലസില്‍ ബോക്‌സിങ്ങും (സനില്‍ പി. തോമസ്)

ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ എന്നും കരുത്തുകാട്ടിയിട്ടുള്ള രാജ്യമാണ് അമേരിക്ക. 1960 ല്‍ റോം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അലി(അന്ന് കാഷ്യസ് ക്‌ളേ), 1964 ലെ വിജയി ജോ ഫ്രേസിയര്‍, 1968 ല്‍ സ്വര്‍ണ്ണ മെഡല്‍ അണിഞ്ഞ ജോര്‍ജ് ഫോര്‍മാന്‍ തുടങ്ങി ഒട്ടേറെ മുഖങ്ങള്‍ അമേരിക്കയുടെ റിങ്ങിലെ കരുത്തിന്റെ പ്രതീകങ്ങളായി തെളിയുന്നു. ഫോര്‍മാന്‍ അടുത്തിടെയാണ് അന്തരിച്ചത്. ഫ്രേസിയറും അലിയും നേരത്തെ വിട പറഞ്ഞു.

ലൊസാഞ്ചലസ് ഒളിംപിക്‌സില്‍(2028) ബോക്‌സിങ്ങ് മത്സരം ഉണ്ടാകുമോയെന്ന ആശങ്ക നീങ്ങിയപ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് അമേരിക്കയായിരിക്കും. ഗ്രീസിലെ കോസ്റ്റ നവറിനോയില്‍ കഴിഞ്ഞയാഴ്ച നടന്ന രാജ്യാന്തര ഒളിപിക് കമ്മിറ്റിയുടെ 144-ാമത് സെഷനു മുന്നോടിയായി ചേര്‍ന്ന ഐ.ഒ.സി. എക്‌സിക്യൂട്ടീവ് ബോര്‍ഡ് 2028 ലെ ഒളിംപിക്‌സില്‍ ബോക്‌സിങ്ങിന് അനുമതി നല്‍കി.

2022 ഫെബ്രുവരിയില്‍ നടന്ന ഐ.ഒ.സി. സെഷന്‍ അംഗീകരിച്ച ലൊസാഞ്ചലസ് ഒളിംപിക്‌സ് പ്രോഗ്രാമില്‍ ബോക്‌സിങ് ഇല്ലായിരുന്നു. എന്നാല്‍ 2025 ഫെബ്രുവരിയില്‍ ഐ.ഒ.സി. വേള്‍ഡ് ബോക്‌സിങ് സംഘടനയ്ക്ക് താല്‍ക്കാലിക അംഗീകാരം നല്‍കിയതോടെ പ്രതീക്ഷ ഉയര്‍ന്നിരുന്നു. അതാണ് കഴിഞ്ഞ ഐ.ഒ.സി ബോര്‍ഡില്‍ യാഥാര്‍ത്ഥ്യമായത്.

പാരിസ് ഒളിംപിക്‌സില്‍ ബോക്‌സിങ് ഉണ്ടായിരുന്നു. പക്ഷേ, നടന്നത് ഐ.ഒ.സിയുടെ മേല്‍നോട്ടത്തിലായിരുന്നു. അമെച്ച്വര്‍ ബോക്‌സിങ്ങ്  നിയന്ത്രിച്ചിരുന്ന ഇന്റര്‍നാഷണൽ ബോക്‌സിങ് അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു കാരണം. ഇവരുടെ അംഗീകാരം ഐ.ഒ.സി. റദ്ദാക്കിയിരുന്നു. പകരം രൂപമെടുത്ത വേള്‍ഡ് ബോക്‌സിങ് ആയിരിക്കും ഇനി മുതല്‍ അമെച്വർ ബോക്‌സിങ് മത്സരങ്ങള്‍ നടത്തുക.
പാരിസിലെപ്പോലെ തുടര്‍ന്നും ഒളിംപിക്‌സ് ബോക്‌സിങ്ങ് മത്സരങ്ങള്‍ നടത്തുവാന്‍ ഐ.ഒ.സിക്ക് കഴിയില്ലെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ തീരാഞ്ഞതിനാലാണ് ലൊസാഞ്ചലസ് ഒളിംപിക്‌സിനായി ആദ്യം അംഗീകരിച്ച പ്രോഗ്രാമില്‍ നിന്ന് ബോക്‌സിങ് ഒഴിവാക്കിയത്. ഇപ്പോള്‍ ബോക്‌സിങ്ങ് മത്സരമെന്ന ലേബല്‍ ഉറപ്പിക്കുമ്പോള്‍ ആതിഥേയര്‍ക്ക് ആശ്വാസമായി.

1900 ലെ ഒളിംപിക്‌സിനു ശേഷം തഴയപ്പെട്ട ക്രിക്കറ്റ് 2028 ല്‍ ലോസാഞ്ചലസില്‍ മടങ്ങിയെത്തുന്നുണ്ട്. ട്വന്റി 20 ക്രിക്കറ്റ് ആകും നടക്കുക.
2032 ലെ ബ്രിസ്ബെയ്ന്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് കാണുമോയെന്ന് ഉറപ്പായിട്ടില്ല. ഉണ്ടെങ്കില്‍ ബ്രിസ്‌ബെയ്‌നിലെ വിഖ്യാതമായ ഗാബയായിരിക്കും ഒരു വേദി. ബ്രിസ്‌ബെയ്ന്‍ ഒളിംപിക്‌സിനു ശേഷം ഗാബാ സ്റ്റേഡിയം പൊളിച്ചുകളയുമെന്നാണ് അറിയുന്നത്. വിക്ടോറിയ പാര്‍ക്കിലെ പുതിയ സ്‌റ്റേഡിയമായിരിക്കും ഭാവിയില്‍ ക്രിക്കറ്റ് വേദി.

ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ അരങ്ങേറും. 2024 ല്‍ പാരിസില്‍ ്അരങ്ങേറിയ ബ്രേക്കിങ്(ബ്രേക്ക് ഡാന്‍സ്) 2028 ലെ ഒളിംപിക്‌സില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കിക്ക് ബോക്‌സിങ്ങ്, കരാട്ടെ, മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിവയും ലൊസാഞ്ചലസില്‍ ഉണ്ടാകില്ല. എന്നാല്‍ ബേസ്‌ബോള്‍/ സോഫ്റ്റ്‌ബോള്‍, ലാക്രോസ് ഇനങ്ങള്‍ ഉണ്ടാകും. ബോക്‌സിങ്ങ് കൂടി ഉള്‍പ്പെടുത്തുന്നതോടെ ലോസാഞ്ചലസില്‍ മത്സര ഇനങ്ങള്‍ 36 ആകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക