കോഴിക്കോട്: ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ്റെ നേതൃത്വത്തിൽ നടന്ന നിരന്തര ബഹുജന സമരങ്ങളുടെ ഫലമായി നീണ്ട 17 വർഷത്തിന് ശേഷം ടെണ്ടർ നടപടിയിലെത്തിയ 8.4 കി.മീറ്റർ മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വിഭജിച്ച് വികസനം മുരടിപ്പിക്കുന്നതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് സംവിധായകൻ വി.എം. വിനു ആവശ്യപ്പെട്ടു. മറ്റുള്ളവർ അധ്വാനിച്ചതിൻ്റെ ക്രെഡിറ്റ് എടുക്കാനുള്ള രഹസ്യ അജണ്ടയാണ് ഈ സംഭവത്തിൻ്റെ പിന്നിലുള്ളത്. പുറമെ വെളുക്കെ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയക്കാർ പാര പണിയുന്നവരുമാണെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് വിഭജിക്കാതെ ടെണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക് ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. വിനു.
ആക് ഷൻ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് മാത്യു കട്ടിക്കാന അദ്ധ്യക്ഷത വഹിച്ചു.
യു.കെ. കുമാരൻ, ഗ്രോ വാസു, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. പി. അനിൽകുമാർ, കെ.എഫ്. ജോർജ്, കെ.എം. അഭിജിത്ത്, കൗൺസിലർ ടി.കെ. ചന്ദ്രൻ, എം.പി. വാസുദേവൻ, സഹദേവൻ മാവിളി,പ്രദീപ് മാമ്പറ്റ, പി.എച്ച് താഹ, പി. പി ആലിക്കുട്ടി, പുതിയോട്ടിൽ മോഹൻ,പി.എം. അബ്ദുറഹിമാൻ, എം.കെ. അയ്യപ്പൻ, എൻ. ഭാഗ്യനാഥൻ, സുനിൽ ഇൻഫ്രെയിം, ഫ്രാൻസിസ് വാടാന എന്നിവർ പ്രസംഗിച്ചു.