Image

സംഘമിത്രാ കാണ്ഡം - നോവൽ -16 : പുഷ്പമ്മ ചാണ്ടി , ചെന്നൈ

Published on 30 March, 2025
സംഘമിത്രാ കാണ്ഡം - നോവൽ -16 : പുഷ്പമ്മ ചാണ്ടി , ചെന്നൈ

അമ്മ സ്കൂളിലെത്തിയ വിവരം  മിത്രയെ വിളിച്ചു പറഞ്ഞു . സുമേദിനത് വലുതായ ആശ്വാസമാകും . വാക്കുകളിൽ അവന്റെ ഇഷ്ടം അവൻ സിത്താരയോട് പറഞ്ഞിരിക്കില്ല . എന്നാലും  അവന്റെ പെരുമാറ്റത്തിൽ അവൻ സിത്താരയെ  വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നു കുറച്ചു പേർക്കറിയാം .

സമയം നീങ്ങുന്നില്ല .....ഓട്ടോപ്സിക്കു കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും എടുക്കുമെന്നാണ് പറഞ്ഞത്.

അഭിനനന്ദൻ സിത്താരയുടെ ശരീരം ദഹിപ്പിക്കാൻ വേണ്ട കാര്യങ്ങളിലേക്ക് കടന്നു . അവിടെ ഏറ്റവും അടുത്തുള്ള ബസന്ത് നഗർ ഇലക്ട്രിക്ക് ക്രീമറ്റോറിയത്തിൽ ക്രമീകരണങ്ങൾ ഏർപ്പാടാക്കി .

കൂടാതെ അവളുടെ ഫോട്ടോസ് മിത്രയിൽനിന്നും വാങ്ങി , അന്ത്യയാത്ര  ഏറ്റവും ഭംഗിയാക്കാനുള്ള കാര്യങ്ങൾ തന്റെ ഓഫീസിൽ പറഞ്ഞേൽപ്പിച്ചു .

മിത്രയുടെ ഫോണിലേക്കാണ് സിത്താരയുടെ അച്ഛന്റെ വിളി വന്നത് .

അയാൾ ജനനിയെക്കുറിച്ച് അന്വേഷിച്ചു . കഴിയുന്നതും നാളെ എത്താമെന്ന് പറഞ്ഞു .

അത് വരെ അവളുടെ ശരീരം സൂക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ , രാവിലെ തന്നെ താൻ എത്തുമെന്ന്   ആവർത്തിച്ചു പറഞ്ഞു  .

ജനനി ഫോൺ മിത്രയുടെ കൈയിൽ നിന്നും വാങ്ങി .

" ചേട്ടാ നമ്മുടെ സിത്തു പോയി ... എനിക്കിനി ആരുണ്ട് .. തിരക്കാണെങ്കിൽ ചേട്ടൻ പതുക്കെ വന്നാൽ മതി . അവൾ കാത്തിരിക്കും.. "

അതിനവളുടെ അച്ഛൻ എന്താണ് ഉത്തരം പറഞ്ഞതെന്ന് കേട്ടില്ല .

അച്ഛനുമായി സംസാരിച്ചപ്പോഴും ജനനി കരഞ്ഞില്ല .  

അന്തരീഷം ഘനീഭവിച്ചു നിൽക്കുന്ന പ്രതീതി തോന്നി .

അവർ ഒന്ന് കരഞ്ഞിരുന്നെങ്കിൽ ...

 ഈ മുഖഭാവം ഭയപ്പെടുത്തുന്നു  . 

സ്കൂളിൽ പോയി ഇത്തിരി കിടന്നുകൂടെ എന്നു മിത്ര വീണ്ടും ചോദിച്ചപ്പോൾ 

" എന്റെ മോളുടെ ശരീരത്തിൽ ഇപ്പോൾ കത്തികൾ കയറുകയല്ലേ .. ? എനിക്ക് എങ്ങനെ കിടക്കാൻ സാധിക്കും മിത്ര... "

നേരാണ് ജനനി പറഞ്ഞത് ..

മിത്ര ജനനിയെ ഒന്നുകൂടി ചേർത്തു പിടിച്ചു . 

ചേർത്തുപിടിച്ചാലും തീരുന്ന സങ്കടമല്ലിതു എന്നാലും .. 

" എന്റെ മോൾ .. " ജനനി പതിഞ്ഞ ശബ്‍ദത്തിൽ  കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിന്നു . 

ഓട്ടോപ്സി കഴിഞ്ഞെന്നു  ഡോക്ടർ പറഞ്ഞു . ഇതിനോടകം സംപ്രീതി സിത്താരയെ ധരിപ്പിക്കാനുള്ള പാവാടയും ബ്ലൗസും , കൈയിലിടാൻ ചുവന്ന കുപ്പിവളകളുമായി   വന്നു. 

ജനനി വിശേഷ ദിവസങ്ങളിൽ അവളെ ചുവന്ന പട്ടുപാവാടയും  മഞ്ഞ ബ്ളൗസുമാണ് ധരിപ്പിക്കാറ് .

അത് ജനനിയെ കാണിച്ചിട്ട് നഴ്സിനെ ഏൽപ്പിച്ചു .

ഒരു മണിക്കൂറിനകം അവളെ ഒരുക്കി സ്‌ട്രെച്ചറിൽ കൊണ്ടുവന്നു .

പിന്നെ  മൊബൈൽ മോർച്ചറിയിലേക്ക് മാറ്റി , ആംബുലൻസിൽ കയറ്റി . കൂടെ ജനനിയും , മിത്രയും കയറി .

സ്കൂൾ അങ്കണം  സിത്താരയെ യാത്രയാക്കാൻ ഒരുങ്ങി . എല്ലായിടത്തും അവളുടെ ഫോട്ടോ. 

മുറ്റത്തെ പന്തലിൽ അവളെ കിടത്തുമ്പോൾ ഉയർന്ന കരച്ചിലിന്റെ , വിതുമ്പലിന്റെ ശബ്ദങ്ങൾ , അത് പറഞ്ഞറിയിക്കാൻ സാധ്യമല്ലാത്തവിധമാണ് .കുട്ടികൾ മിക്കവരും പകച്ചിരിക്കുന്നു .

മിത്ര വന്നതിനു ശേഷം രണ്ടു മരണങ്ങൾ നടന്നെങ്കിലും അവരെ രണ്ടുപേരെയും അവരുടെ സ്വന്തം നാട്ടിലേക്കാണ് കൊണ്ടുപോയത് . ഇത് ആദ്യമായാണ് , ഇങ്ങനെ ഒരനുഭവം . കുട്ടികളിൽ ചിലർക്ക് ഒന്നും മനസ്സിലായില്ല .

ഒന്നു രണ്ടുപേർ സിത്താര , സിത്താര എന്ന് വിളിച്ചിട്ട് അവളെന്താ ഇങ്ങനെ കിടക്കുന്നത് എന്ന് ചോദിച്ചു . അമ്മമാരോട് അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു .

സ്കൂളിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നു സുമേദ് . അവൻ കണ്ണ് തുറക്കുന്നില്ല , ഒന്നും ഉരിയാടുന്നില്ല . 

ജനനി മകളെ കിടത്തിയ മൊബൈൽ മോർച്ചറിക്കു മേലേ തല ചായ്ച്ചിരുന്നു . വെള്ളംപോലും കുടിക്കാനവർ കൂട്ടാക്കിയില്ല .

ദുരന്തങ്ങൾ നമ്മളെ വെട്ടയാടുമ്പോൾ ദാഹവും വിശപ്പുമൊന്നും നമുക്കനുഭവപ്പെടില്ല .

വിനോദിനിച്ചേച്ചി "ഓം ശാന്തി.. ഓം.." എന്നുരുവിട്ടു കൂടെയിരുന്നു .

പരിചയമുള്ളവരും  അയൽവീടുകളിലുള്ളവരും റോസാപ്പൂക്കളുടെ മാലകളുമായി വന്നു .

അഭിനനന്ദൻ മുതിർന്നവർക്കുള്ള ഭക്ഷണം ഏർപ്പാടാക്കി . 

സ്കൂളിലെ അടുക്കളയിൽ കുട്ടികൾക്ക് കഞ്ഞിയും.

പ്രേമക്കായും  ശ്രീജയും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു . 

സിത്താരയുടെ അച്ഛൻ രാവിലെ എത്തുമെന്ന് വീണ്ടും വിളിച്ചു പറഞ്ഞതിനാൽ അതുവരെ കാത്തിരിക്കാമെന്നു ജനനി പറഞ്ഞു .

എങ്ങനെയോ ആ രാത്രി കഴിഞ്ഞു . കാലത്ത് എട്ടുമണിയോടെ സിത്താരയുടെ അച്ഛനെത്തി . അയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു .കൂടെ ചെറിയച്ഛനും വന്നിട്ടുണ്ടായിരുന്നു .

ജനനി നിസ്സഹായതയോടെ അയാളെ നോക്കി നിന്നു .

ഒമ്പതുമണിക്ക് സി ത്തുവിന്റെ ശരീരം കൊണ്ടു പോകാനുള്ള വണ്ടി വന്നു . 

എല്ലാത്തിനും മേൽനോട്ടം വഹിച്ചത് അഭിനന്ദനും  സംപ്രീതിയുമാണ് . ഡോക്ടർ ഭാസ്കറും , ചന്ദ്രലേഖയും സഹായത്തിനുണ്ടായിരുന്നു . 

അവളുടെ അന്ത്യയാത്രക്ക് സമയമായി . ജനനിയെ സിത്തു കിടന്ന പേടകത്തിൽ നിന്നും വേർപെടുത്താൻ വളരെ പാടുപെട്ടു . കൂടെ പോകണമെന്ന് വാശി പിടിച്ചെങ്കിലും സിത്താരയുടെ അച്ഛനും  ചെറിയച്ഛനും  ചേർന്ന് അത് ഒഴിവാക്കി .

ആ അമ്മയുടെ ശ്വാസത്തിന്റെ താളം വേർപെട്ടു , നെയ്ത്തിരി നാളം ആടിയുലഞ്ഞു . പ്രാണൻ വേർപെട്ടെങ്കിലും അവൾ അവിടെ തന്നെയുണ്ടെന്ന് തോന്നി.

ദേഹിയിൽ ദേഹമില്ലാതെ ആത്മാവിനെ തിരഞ്ഞു . 

ഗോഡ്സ് ഹോം ആർക്കായി തുടങ്ങിയോ , അവൾ പടിയിറങ്ങി . ഇരവുകളും , പകലുകളും അവൾക്കായി കൂട്ടിരുന്ന അമ്മ മ്യത്യു പുതപ്പിച്ച കമ്പളവുമണിഞ്ഞ് അവൾ യാത്രയായത്  ശൂന്യമായ മിഴികളോടെ നോക്കി നിന്നു . 

ഒടുവിൽ ഇതളുകൾ മുഴുവനും പൊഴിഞ്ഞ ഒരു റോസാപ്പൂ ജനനിയുടെ കൈയിൽ ബാക്കിയായി . 

വല്ലാത്ത ഒരു ചങ്കുറപ്പ്കൊണ്ട് മാത്രം....   

ആർക്കും തോൽപ്പിക്കാനാവാത്തവളെ ജനനി എന്ന് വിളിക്കാം  .

അതെ ജനനി എന്ന അമ്മ . 

പക്ഷെ ഇനിമുതൽ   എങ്ങനെ... ? എന്താകും ? 

ആ ചോദ്യം ബാക്കിയായി .

അതിശക്തമായി ആഞ്ഞുവീശുന്ന കാറ്റിനറിയേണ്ടതില്ല ഞെട്ടറ്റു വീണ ഇലയുടെ നൊമ്പരം ....

തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക