Image

ശ്രുതി (കവിത: വേണുനമ്പ്യാർ)

Published on 31 March, 2025
ശ്രുതി (കവിത: വേണുനമ്പ്യാർ)

കണ്ണാടി മറക്കും
പ്രതിബിംബം ഓർക്കും
ഓർമ്മയ്ക്കും
മറവിയ്ക്കുമിടയിൽ
ബിംബം നട്ടം തിരിയും.

2

മഴു മറക്കും
മഴ ഓർക്കും
വേരും ഓർക്കും.

3

നിഴൽ മറക്കും
സൂര്യൻ ഓർക്കും
ഭൂമിയും ഓർക്കും.

4

ശബ്ദം മറക്കും
മൌനം ഓർക്കും
മൌനാഗ്നിയിൽ
ഞാനും നീയും വെന്തെരിയും.

5

അവസ്ഥാരഹിതമായ
ഒരവസ്ഥയിൽ ഞാൻ ഓർക്കും
നീ മറക്കും
മറവികളായിരുന്നല്ലോ നിന്റെ 
വിലപ്പെട്ട സമ്പാദ്യം.

6

ഓർമ്മയ്ക്കും
മറവിയ്ക്കുമപ്പുറം
ആദിയും അന്തവുമില്ലാതെ
ശ്രുതി മീട്ടുന്നു
എന്റെയും നിന്റെയും
അന്തരാത്മാവിന്റെ തംബുരു!

7

ഉള്ളതായിരിക്കുക
എളുപ്പത്തിലും എളുപ്പമത്രെ !
വല്ലതും ആകാനുള്ള
തത്രപ്പാടുപേക്ഷിക്കാം.

ഉള്ളതിനെ വിടാതെ
ഒരു കാര്യപരിപാടിയുമില്ലാതെ
വെറുതെ ഇരിക്കാം
മൌനവിശ്രാന്തിയിൽ 
കെടാദീപത്തെ പോലെ
ഇരുളിന്റെ സാക്ഷിയായി
ചുമ്മാതിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക