Image

വഖഫ് ബില്ല് ; കെസിബിസിയ്ക്കൊപ്പം നിൽക്കണോ? എതിർക്കേണമോ? ; കുഴഞ്ഞ് കേരള കോണ്‍ഗ്രസ്

Published on 01 April, 2025
വഖഫ് ബില്ല് ; കെസിബിസിയ്ക്കൊപ്പം നിൽക്കണോ? എതിർക്കേണമോ? ; കുഴഞ്ഞ് കേരള കോണ്‍ഗ്രസ്

കോട്ടയം: ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് സംസ്ഥാനത്തെ ചില ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി വിഷയം മാറ്റിയെഴുതിയേക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍.

വഖഫ് (ഭേദഗതി) ബില്ലില്‍ കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്.

ഒന്നുകില്‍ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം. തെരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു വിഷയത്തില്‍ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ കെസിബിസിയുടെ ആഹ്വാനത്തില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ കെസിബിസിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

വഖഫ് ബില്ലിന്റെ പൂര്‍ണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ നിലപാട്.

സമാനമായ നിലപാടായിരുന്നു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചതും. ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ (ജെ.പി.സി) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക