കേരളത്തിലും കർണാടകയിലും ഏപ്രിലിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയാണ് ഉരുൾപൊട്ടലിന് കാരണമാകുന്നതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
മാർച്ചിൽ സംസ്ഥാനത്ത് 65.7 മില്ലിമീറ്റർ വേനൽമഴ ലഭിച്ചുവെന്നാണു കണക്ക്. 2017നു ശേഷം മാർച്ചിൽ ഏറ്റവുമധികം വേനൽ മഴ ലഭിക്കുന്നത് ഇത്തവണയാണ്. 121 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയമാണ് ജില്ലകളിൽ മുന്നിൽ. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാർച്ചിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. അതേസമയം ഏപ്രിൽജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും.
ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം. മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതിൽ തുടരുകയാണ്. സൂര്യപ്രകാശത്തിൽ അൾട്രാ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പകൽ സമയം ഏറെ നേരം തുടർച്ചയായി നേരിട്ട് വെയിൽ ഏൽക്കുന്നത് സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഈ മാസം 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.