Image

വർണ്ണാഭമായ കലാ സാംസ്കാരിക സന്ധ്യയിൽ 'നാമം' ഭാരവാഹികൾ സ്ഥാനമേറ്റു

Published on 01 April, 2025
വർണ്ണാഭമായ കലാ സാംസ്കാരിക സന്ധ്യയിൽ 'നാമം'  ഭാരവാഹികൾ സ്ഥാനമേറ്റു

എഡിസൺ, ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക, സാംസ്കാരിക,  സേവന   സംഘടനയായ  'നാമ'ത്തിന്റെ  (NAMAM-(നോർത്ത് അമേരിക്കൻ മലയാളിസ് & അസോസിയേറ്റഡ് മെമ്പേഴ്‌സ്)  2025-2027 കാലയളവിലെ  ഭാരവാഹികൾ   റോയൽ ആൽബർട്ട്  പാലസിൽ   വർണ്ണാഭമായ കലാ സാംസ്കാരിക സമ്മേളനത്തിൽ സ്ഥാനമേറ്റു.

'നാമം'  ഫൗണ്ടറും രക്ഷാധികാരിയും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ  ഭാരവാഹികൾ  സത്യവാചകം ചൊല്ലി അധികാരമേറ്റു.

പ്രദീപ് മേനോൻ (പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), ഹരികൃഷ്ണൻ രാജ്മോഹൻ (യൂത്ത് ചെയർ), പ്രിയ സുബ്രഹ്മണ്യൻ (കൾച്ചറൽ ചെയർ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ), മാലിനി നായർ (വുമൺസ് ഫോറം ചെയർ), അഭിജിത് ശിരോദ്കർ (വെബ് ആൻഡ് മീഡിയ ചെയർ), ഡോ. ലതാ നായർ (പ്രോജക്ട് എസ്.ടി. ഇ. എം ചെയർ), ഡോ. ആശ മേനോൻ (എക്സ് ഒഫീഷ്യോ മെംബർ), ഷീല ജോസഫ്, ചിത്ര പിള്ള, സുനിൽ നമ്പ്യാർ, അലക്സ് എബ്രഹാം, (എക്സിക്യുട്ടീവ് കമ്മിറ്റി മെംബേഴ്സ്), ഗീതേഷ് തമ്പി, അരുൺ ശർമ, തങ്കം അരവിന്ദ്, സജിത് ഗോപിനാഥ് (ട്രസ്റ്റി ബോർഡ് മെംബേഴ്സ്) എന്നിവരാണ്  പുതിയ ഭാരവാഹികൾ.

നാമം എന്ന പ്രസ്ഥാനത്തിൻ്റെ വരുംകാല പ്രവർത്തനങ്ങളെ കൂടുതൽ സക്രിയമാക്കുവാനും പുതുമയാർന്നതും സാമൂഹൃ പ്രതിബദ്ധതയുള്ളതുമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പിലാക്കാനും ശേഷിയും മികവും അനുഭവപരിചയമുള്ളവരുമാണ് പുതിയ സാരഥികളെന്ന്  അനുമോദന പ്രസംഗത്തിൽ മാധവൻ ബി നായർ പറഞ്ഞു. പ്രസിഡന്റ് പ്രദീപ് മേനോൻ പ്രവർത്തന ലക്ഷ്യങ്ങൾ വിവരിച്ചു. സേവനപ്രവർത്തനങ്ങളും സമൂഹത്തിനു ഗുണകരമാകുന്ന കാര്യങ്ങളും ആണ് ലക്ഷ്യമിടുന്നത്.  പ്രവാസി സമൂഹത്തിനും പൊതുജനങ്ങൾക്കും  പ്രയോജനപ്പെടുന്ന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ. ആശാ മേനോൻ നടത്തിയ പ്രസംഗത്തിൽ നാമം നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. പുതിയ തലമുറയുടെ സാഹിത്യ വാസന  പ്രോത്സാഹിപ്പിക്കാനും  അംഗങ്ങൾക്ക് ഒത്തുകൂടാനും ഇത്തരം വേദികൾ ഏറെ ഉപകാരപ്രദമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിൽ   അവതരിപ്പിച്ചു. പ്രവാസി സാമൂഹിക കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ച സമ്മേളനം കൂട്ടായ്മയുടെയും പാരസ്പര്യത്തിൻ്റെയും  സാംസ്ക്കാരിക സായാഹ്നമായി മാറി. ചടങ്ങിൽ പങ്കെടുത്ത ഫൊക്കാന പ്രതിനിധികളായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് ഉലഹന്നാൻ, ജീമോൻ വർഗീസ് എന്നിവർ   'നാമം' ഭാരവാഹികളെ അഭിനന്ദിക്കുകയും 'നാമം'  സമൂഹത്തിന് നൽകി വരുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.

കെ.എച്ച്.എൻ. ജെ പ്രതിനിധികളായ അജിത് ഹരിഹരൻ, രഞ്ജിത് പിള്ള, കെ.എച്ച്. എൻ. എ സാരഥികളായ ഡോ. ഗോപിനാഥൻ നായർ, മധു ചെറിയേടത്ത് എന്നിവർ 'നാമ'ത്തിന്  ഇതുവരെ നേതൃത്വം നൽകിയ ഭാരവാഹികളെയും പുതുതായി ഭാരവാഹിത്വത്തിലേക്ക് എത്തിയവരേയും പ്രത്യേകം അനുമോദിച്ചു.  മാധ്യമ പ്രതിനിധികളായ ഐ.പി.സി.എൻ.എ പ്രസിഡണ്ട്  സുനിൽ ട്രൈസ്റ്റാർ,  ഇമലയാളി ചീഫ് എഡിറ്റർ  ജോർജ് ജോസഫ് എന്നിവർ നാമത്തിൻ്റെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളെയും ഏതൊരു സംഘടനയെയും  അതിശയിപ്പിക്കുന്ന പ്രതിബദ്ധതയേയും പ്രത്യേകം എടുത്തു പറഞ്ഞ് ശ്ലാഘിച്ചു.

'നാമം' അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള അഭ്യുദയകാംക്ഷികളായ വ്യക്തിത്വങ്ങളുടെ  സാന്നിദ്ധ്യം  സമ്മേളനത്തെ സജീവ പങ്കാളിത്തത്തിൻ്റെ  അപൂർവാനുഭവമാക്കി മാറ്റി. സമ്മേളനാനന്തരം വിഭവ സമൃദ്ധമായ അത്താഴ  വിരുന്നും ഒരുക്കിയിരുന്നു.

പ്രസിഡന്റ് പ്രദീപ് മേനോൻ,ആഗോളതലത്തിൽ  ലോജിസ്റ്റിക്സ് മേഖലയിൽ  വിപുലമായ പരിചയമുള്ള പ്രൊഫഷണലാണ്. വിവിധ അന്താരാഷ്ട്ര കമ്പനികളിൽ ശ്രദ്ധേയമായ സേവനവും വൈദഗ്ധ്യവും പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം, സാമൂഹിക വികസനത്തിനായി സ്വയം സമർപ്പിച്ച  വ്യക്തിത്വമാണ്.  പ്രദീപ് മേനോൻ വർഷങ്ങളായി ന്യൂജേഴ്‌സിയിലെ വിവിധ സന്നദ്ധ സംഘടനകൾ വഴി നിസ്വാർത്ഥ സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തന്റെ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള മികച്ച വേദിയാണ് 'നാമം' എന്നാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രദീപ് മേനോൻ പറഞ്ഞത്.

ജനറൽ സെക്രട്ടറി ബിന്ദു സത്യ, മലയാളി സമൂഹത്തിന്റെ വികസനം, സാംസ്കാരിക സംരക്ഷണം, ഉന്നമനം എന്നിവയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.  വിവരസാങ്കേതിക മേഖലയിൽ വൈദഗ്ധ്യമുള്ള ബിന്ദു, സാമൂഹിക പ്രവർത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ നടത്താറുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെയും കുടുംബങ്ങളെയും പിന്തുണച്ചുകൊണ്ടും  മലയാളി പൈതൃകത്തിന്റെ സമ്പന്നത പ്രകടമാക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടും  ബിന്ദു തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.  കുടുംബിനി എന്ന നിലയിലുള്ള  ഉത്തരവാദിത്തങ്ങളും സമൂഹത്തോടുള്ള കടമകളും ഒരേനിലയിൽ കൊണ്ടുപോകുന്നതിൽ അവർ സ്ത്രീകൾക്കൊരു മാതൃകയാണ്.

സിറിയക് എബ്രഹാം  ലൈസൻസിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ കെസിഎസ് എന്റർപ്രൈസസ്   തുടങ്ങിയവ   വിജയകരമായി നയിക്കുന്നു . അമേരിക്കൻ മലയാളി സമൂഹത്തിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനുമായി അദ്ദേഹം നൽകിയ സേവനങ്ങൾ  പ്രശംസനീയമാണ്.

"നാമം" സംഘടിപ്പിച്ച എക്സലൻസ് അവാർഡ് നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രൗഢിയോടെ അവാർഡ് നൈറ്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/

വർണ്ണാഭമായ കലാ സാംസ്കാരിക സന്ധ്യയിൽ 'നാമം'  ഭാരവാഹികൾ സ്ഥാനമേറ്റുവർണ്ണാഭമായ കലാ സാംസ്കാരിക സന്ധ്യയിൽ 'നാമം'  ഭാരവാഹികൾ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക