അഞ്ച്
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി. അതിനുള്ളില്‍ കടന്നുകൂടിയ നിമിഷമേതെന്ന് മധുവിനു തന്നെ അറിയില്ല. എങ്കിലും ഈ പ്രയാണം-അല്ലെങ്കില്‍ ഒളിച്ചോട്ടം-തന്റെ മനസ്സിന് തെല്ലെങ്കിലും ആശ്വാസം പകര്‍ന്നു തന്നേക്കാമെന്ന് അയാള്‍ക്കു തോന്നി.
തനിക്കു പ്രിയങ്കരമായിരുന്ന നാടും നാട്ടാരുമൊന്നും ഇനി തന്നെക്കണ്ടാല്‍ അറിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് ഈ നാട്ടില്‍ നിന്ന് രക്ഷപെടണം.
രാത്രി സമയമാണ്. തീവണ്ടി കുതിച്ചു പായുകയുമാണ്. എവിടേയ്ക്കാണ് അതിന്റെ പ്രയാണമെന്ന് അവനു തന്നെ അറിഞ്ഞുകൂടാ. ഈ നാട്ടില്‍ നിന്ന് രക്ഷപെടണം. അതു മാത്രമേ അവന് ആഗ്രഹമുള്ളൂ.
പക്ഷെ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നത് ഊര്‍മ്മിളയുടെ രൂപം ഒന്നുമാത്രം. പ്രേമം: അതൊരു ദിവ്യമായ വികാരമായിട്ടു മാത്രമേ താന്‍ കരുതിയിരുന്നുള്ളൂ. സിനിമാ തിയേറ്ററില്‍, പാര്‍ക്കില്‍, ബീച്ചില്‍ അങ്ങനെ എത്രയെത്ര സങ്കേതങ്ങളില്‍ വച്ച് താനും ഊര്‍മ്മിളയും കണ്ടുമുട്ടിയിരിക്കുന്നു. പക്ഷെ അന്നൊന്നും അവളുടെ പവിത്രതയ്ക്ക് താന്‍ കളങ്കമേല്പിച്ചിട്ടില്ല.
എത്രയെത്ര ചുംബനങ്ങള്‍! ആലിംഗനങ്ങള്‍! ഒരിക്കലും വിസ്മരിക്കാനാവാത്ത ആമോദകരമായ നിമിഷങ്ങള്‍!
എല്ലാം മറന്നേക്കുക....
പറയുവാനെന്തെളുപ്പം!
സ്ത്രീ പുരുഷ പ്രേമം- അതു ജീവിതത്തിലെ ഏറ്റവും മധുരോദാരമായ ഒരു വികാരമായി കരുതിയിരുന്നു. എന്നാല്‍ അതിന് ഇത്രയേറെ കയ്‌പേറിയ ഒരു മറുവശമുണ്ടെന്ന് ഇന്നുവരെ കരുതിയിരുന്നില്ല. ഇത്രയും കാലം സ്വപ്നലോകത്തു പറന്നു നടന്നു. അക്കാലത്ത് ഇത്തരമൊരു അഭിശപ്തമായ വശത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധിച്ചിരുന്നില്ല.
സൗന്ദര്യമുള്ളതെല്ലാം സത്യമാണെന്ന് താന്‍ കരുതിയിരുന്നു. ആ കടക്കണ്ണുകളില്‍, ചെഞ്ചുണ്ടുകളില്‍, മാന്തളിര്‍ മേനിയില്‍ എല്ലാമെല്ലാം സൗന്ദര്യം കുമിഞ്ഞു കൂടിയിരുന്നു. തന്റെ എല്ലാമെല്ലാം ആ സൗന്ദര്യ പ്രപഞ്ചത്തില്‍ ഒതുങ്ങി നിന്നിരുന്നു. ആ ലോകത്തുനിന്ന് ഞൊടിയിടകൊണ്ട് താന്‍ ആട്ടിപ്പുറത്താക്കപ്പെട്ടിരിക്കുന്നു! ഇന്നു താനൊരന്യന്‍...
ആ വിശ്വസൗന്ദര്യത്തിനു പിന്നില്‍ ഇത്ര കൊടുംക്രൂരത പതിയിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. വഞ്ചനയ്ക്ക് ഇത്ര മനോഹരമായ ഒരു പൊയ്മുഖമോ?
ട്രെയിനിന്റെ ചൂളംവിളി. പുറത്തു നിന്നടിക്കുന്ന ശക്തമായ കാറ്റ്. യാത്രക്കാരുടെ 'കലപില' ശബ്ദം-എല്ലാം അയാളില്‍ ഇടയ്ക്കിടെ തെല്ലു പരിസരബോധം ഉണ്ടാക്കിക്കൊണ്ടിരുന്നു. അതും മധുവിന്റെ വിഷാദമൂകതയെ ഇരട്ടിപ്പിച്ചതേയുള്ളൂ.
കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഊര്‍മ്മിള ഒരു കപടനാടകം ആടുകയായിരുന്നുവെന്ന് മധുവിനു തോന്നി. താന്‍ കഥയറിയാതെ അതില്‍ പങ്കാളിയാവുകയും ചെയ്തു. തങ്ങളുടെ പിതാക്കന്മാര്‍ തമ്മില്‍ നടന്ന കേസില്‍ തന്റെ അച്ഛന്‍ വിജയിക്കുകയും ശേഖരപിള്ള പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഇന്നും ഊര്‍മ്മിള തന്റെ കാമുകിയായി തുടര്‍ന്നേനെ! എന്തായാലും അവള്‍ അച്ഛനൊത്ത മകള്‍ തന്നെ. കാറ്റിനൊപ്പം ഗതിമാറ്റുവാന്‍ കഴിയുന്ന ബുദ്ധിമതി.
അയാള്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് ഉറങ്ങി. പിറ്റേന്നു പ്രഭാതത്തില്‍ തീവണ്ടി ഏതോ പട്ടണത്തിലെത്തി അതിന്റെ പ്രയാണം അവസാനിപ്പിച്ചപ്പോഴാണ് മധു ഞെട്ടിയുണര്‍ന്നത്.
അവന്‍ അമ്പരപ്പോടെ ചുറ്റുപാടും പകച്ചു നോക്കി-
ചെന്നൈ-!
അയാള്‍ക്ക് അന്നേവരെ അപരിചിതമായ നഗരം. തെല്ലു പരിഭ്രാന്തിയോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒരു സത്യം അവന്‍ മനസ്സിലാക്കി-
താന്‍ പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു!
ചെന്നൈ എന്ന അപരിചിത നഗത്തിലെ ആദ്യത്തെ അനുഭവം.
മധു സ്റ്റേഷനില്‍ നിന്നും പുറത്തു കടന്നു. നാലു വശത്തേയ്ക്കും അതിവിശാലമായ റോഡുകള്‍. അവന്‍ എവിടേയ്ക്കു പോകണമെന്നറിയാതെ നടുറോഡില്‍ പകച്ചു നിന്നു. വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്ദം കേട്ടപ്പോഴാണ് സുബോധമുണ്ടായത്.
പിന്നെ റോഡിന്റെ ഒരു സൈഡുപറ്റി നടന്നു. ലക്ഷ്യമേതെന്നറിയാത്ത ഒരു യാത്ര.
എന്നിട്ടും നടന്നു. നടന്നു നടന്ന് കാലുകള്‍ തളരുവോളം. ഒടുവില്‍ ഒരടിപോലും മുന്നോട്ടു പോകാനാവാത്തവിധം അവശനായപ്പോള്‍ മധു നിരത്തു വക്കിലൊരിടത്ത് ഇരുന്നു.
ക്ഷീണം; വല്ലാത്ത ക്ഷീണം. ഒപ്പം വിശപ്പും ദാഹവും.
പോക്കറ്റില്‍ ഒരിക്കല്‍കൂടി തപ്പി നോക്കി. ചായ കുടിക്കാനുള്ള ചില്ലറയുണ്ട്. അതുമായി അടുത്തുകണ്ട റ്റീഷോപ്പില്‍ കയറി ദാഹമടക്കി.
പിന്നീട് ഒരു മരത്തണലിലിരുന്ന് അല്പംനേരം വിശ്രമിച്ചു.
അപ്പോള്‍ മറക്കാനാഗ്രഹിച്ച ആ രൂപം വീണ്ടും വീണ്ടും മനോമുകുരത്തില്‍ തെളിഞ്ഞു വരികയായി-
ഊര്‍മ്മിള...
ജീവിതകാലം മുഴുവന്‍ തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്ന് അടുത്ത ദിവസം വരെ താന്‍ സ്വപ്നം കണ്ടിരുന്നു. പക്ഷെ തന്റെ സ്വപ്നങ്ങളൊക്കെ തച്ചുടയ്ക്കാന്‍ അവള്‍ക്ക് നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ.
ആ ഓര്‍മ്മകള്‍ വീണ്ടും മനസ്സിനെ മഥിച്ചു തുടങ്ങിയപ്പോള്‍ മധു ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നടന്നു.
ലക്ഷ്യമേതെന്നറിയാതെ വീണ്ടും ഒരു പ്രയാണം.
അങ്ങനെ എത്രനേരം-എത്ര ദൂരം-നടന്നുവെന്ന് അയാള്‍ക്കു തന്നെ അറിയില്ല.
സമയം മദ്ധ്യാഹ്നമായിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയില്‍.
ശരീരമെമ്പാടും വിയര്‍പ്പുചാലുകള്‍ ഒഴുകുന്നു... വയറ്റില്‍ നിന്ന് വിശപ്പിന്റെ വിളി ഉയരുന്നു... ഒപ്പം മനസ്സില്‍ തിങ്ങി നില്‍ക്കുന്ന വേദനയും നിരാശയും...
തല ചുറ്റുന്നതുപോലെ മധുവിനു തോന്നി.
എന്നിട്ടും നടന്നു.
പക്ഷെ ഏറെ ദൂരം മുന്നോട്ടു പോകാനായില്ല. അതിനുമുമ്പ് അവന്‍ തളര്‍ന്നു വീണു, നടുറോഡില്‍ത്തന്നെ.
തൊട്ടുപിന്നാലെ ഒരു കാറ് ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു.
(തുടരും...........)
Read More: https://emalayalee.com/writer/304