അക്കിത്തത്തിന്റെ തപാല്‍ സ്റ്റാമ്പ് ഇറക്കണം
കോഴിക്കോട്: ഇന്നത്തെ തലമുറയെ ഗുണാത്മകമായ ജീവിതലഹരിയിലേക്ക് നയിക്കാന്‍ സാംസ്‌കാരിക പാരമ്പര്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സംവിധാനം നടപ്പാക്കണമെന്ന് തപസ്യ കലാസാഹിത്യവേദിയുടെ വാര്‍ഷിക പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. വൈദേശിക താല്‍പ്പര്യങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ യുവതലമുറയെ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്ന് ബോധപൂര്‍വം അകറ്റി. ദേശവിരുദ്ധ ഗൂഢസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും മായികവലയത്തില്‍ പെട്ടിരിക്കുകയാണ് യുവജനങ്ങള്‍.
ദേശവിരുദ്ധ ഗൂഢസംഘങ്ങളെ ഉന്മൂലനം ചെയ്യുകയും കൃത്യമായ ദിശാബോധം നല്‍കും വിധത്തില്‍ സാംസ്‌കാരിക പാരമ്പര്യത്തിന് ഊന്നല്‍ കൊടുക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുനസ്ഥാപിക്കുകയുമാണ് പരിഹാരം. കലയ്ക്കും സാഹിത്യത്തിനും ഇക്കാര്യത്തില്‍ ഗണ്യമായ പങ്കു വഹിക്കാനുണ്ട്. കലാവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകങ്ങളാക്കിയ രാജ്യങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ സാരമായി കുറഞ്ഞിട്ടുണ്ട് എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ കലാപഠനം പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാക്കിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കല നിര്‍ബന്ധിത പാഠ്യവിഷയമാക്കണം. ഇക്കാര്യങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കി ലഹരിവിമുക്തമായ മനുഷ്യസമൂഹമായി കേരളത്തെ വികസിപ്പിച്ചെടുക്കാന്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്ന് സര്‍ഗാത്മകമായ നേതൃത്വ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് തപസ്യ ആഹ്വാനം ചെയ്തു.
മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍, മലയാള കവിതയില്‍ ആധുനികതയുടെ പുതുഭാവുകത്വത്തിന് തുടക്കം കുറിച്ച ജ്ഞാനപീഠ ജേതാവായ അദ്ദേഹത്തോടുള്ള ആദരസൂചകമായി തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുകയും ആദരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയും വേണമെന്നും തപസ്യ പ്രതിനിധി യോഗം മറ്റൊരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.