ലോക്‌സഭയില്‍ ബുധനാഴ്ച അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് സിപിഎം എംപിമാര്‍ക്ക് നിര്‍ദ്ദേശം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം എംപിമാര്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് എംപിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.
ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമാണ് എംപിമാര്‍ക്ക് സിപിഎം നല്‍കിയ നിര്‍ദ്ദേശം. അതിനുശേഷം മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നും നേതൃത്വം അറിയിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
ബുധനാഴ്ചയാണ് മധുരയില്‍ 24-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം. നേരത്തെ നാല് ദിവസം സഭയിലെത്തില്ലെന്ന് അറിയിച്ച് കെ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു. സിപിഎം എംപിമാരായ കെ രാധാകൃഷണന്‍, അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിതാനന്ദം എന്നിവരാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്.
ബുധനാഴ്ച 12 മണിക്ക് സഭയില്‍ വഖഫ് ബില്ലില്‍ അവതരിപ്പിക്കും, തുടര്‍ന്ന് എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഇതിനുശേഷം ബില്‍ പാസാക്കും