സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബലാത്സംഗ, ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് 2019 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത നിത്യാനന്ദ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമാക്കി ജീവിക്കുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറൻസിലൂടെ നടന്ന ഒരു ആത്മീയ പ്രഭാഷണത്തിനിടെ നിത്യാനന്ദയുടെ അനന്തരവൻ ശ്രീ നിത്യ സുന്ദരേശ്വരാനന്ദയാണ് വിവാദ ആള്‍ദൈവത്തിന്റെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. "ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സാമി തന്റെ ജീവൻ ബലിയർപ്പിച്ചു" എന്നായിരുന്നു ശ്രീ നിത്യ സുന്ദരേശ്വരാനന്ദയുടെ വാക്കുകള്‍. പ്രഖ്യാപനം വലിയ അമ്ബരപ്പാണ് നിത്യാനന്ദയുടെ അനുയായികളിലുണ്ടായിരിക്കുന്നത്.