ബെംഗളൂരുവിൽ ബ്ലാക്‌മെയിൽ ചെയ്ത് പണംതട്ടിയെന്ന പരാതിയിൽ പ്രീ- സ്‌കൂൾ അധ്യാപിക അടക്കം മൂന്നുപേർ പിടിയിൽ. അധ്യാപികയായ ശ്രീദേവി രുദാഗി, ഗണേഷ് കാലെ, സാഗർ മോർ എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ശ്രീദേവി പഠിപ്പിക്കുന്ന വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് ഇവരുടെ അറസ്റ്റ്.
ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ പ്രീ- സ്‌കൂൾ അധ്യാപികയാണ് ശ്രീദേവി. ശ്രീദേവി അധ്യാപികയായ പ്രീ- സ്‌കൂളിൽ പരാതിക്കാരന്റെ മൂന്നു പെൺകുട്ടികളിൽ ഇളയവളായ അഞ്ചുവയസ്സുകാരി പഠിച്ചിരുന്നു. 2024-ൽ ശ്രീദേവി സ്‌കൂളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് പരാതിക്കാരനിൽനിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. 2024 ജനുവരിയിൽ പണം തിരികെ ചോദിച്ചപ്പോൾ സ്‌കൂളിന്റെ പാർട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തിരുന്നു. വീണ്ടും പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടുത്തിടപഴകി 50,000 രൂപ കൂടി കൈക്കലാക്കി. ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു.
പണം കണ്ടെത്താൻ കഴിയാതിരുന്ന പരാതിക്കാരൻ ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിനിടയ്ക്ക് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച് മകളുടെ ടിസി വാങ്ങാൻ ഇയാളോട് സ്‌കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഈ സമയം സ്‌കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേർന്ന് കായികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കാറിൽവെച്ചും ഇയാളെ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നു. ഈ മാസം 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെടുകയും 15 ലക്ഷം നൽകിയില്ലെങ്കിൽ സ്വകാര്യവീഡിയോ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതിപ്പെട്ടത്.
English summery:
Student's father blackmailed and extorted; Teacher among three arrested.