ന്യൂഡൽഹി: 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് 13 ശതമാനം വരെ വർധിപ്പിക്കുമെന്ന് യു.കെയും ആസ്‌ട്രേലിയയും പ്രഖ്യാപിച്ചു. വിദ്യാർഥി, ജോലി, സന്ദർശക വിസകൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
വിദേശത്ത് വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ തേടുന്നവരെയാണ് സാരമായി ബാധിക്കുക. ഇന്ത്യൻ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് കൂടുതലായി പരിഗണിച്ചിരുന്ന രണ്ട് രാജ്യങ്ങളാണിത്. ഈ നീക്കം ചിലരെ വിദേശത്ത് പഠിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചേക്കാം. വർധിച്ച ട്യൂഷൻ, ജീവിതച്ചെലവുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഈ നീക്കം രൂക്ഷമാക്കും.
ഇന്ത്യൻ പ്രഫഷനലുകൾ, പ്രത്യേകിച്ച് ഐ.ടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ് മേഖലകളിലുള്ളവർ മികച്ച തൊഴിൽ അവസരങ്ങൾ തേടി ഈ രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. അവരുടെ പദ്ധതികളെയും വിസ ഫീസ് വർധന ബാധിക്കും. വിനോദസഞ്ചാരത്തിനും ഇതു തിരിച്ചടിയാകും.