പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള രണ്ടു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഫ്ലോറിഡ സ്പെഷ്യൽ ഇലക്ഷനിൽ ജയിച്ചതോടെ യുഎസ് ഹൗസിൽ പാർട്ടിയുടെ ഭൂരിപക്ഷത്തിൽ വർധന: 220--213. അരിസോണ, ടെക്സസ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റ് വീതം ഒഴിഞ്ഞു കിടപ്പാണ്.
യുഎസ് അറ്റോണി ജനറൽ സ്ഥാനത്തേക്ക് ട്രംപ് നോമിനേറ്റ് ചെയ്തപ്പോൾ ഹൗസ് സീറ്റ് ഒഴിഞ്ഞ മാറ്റ് ഗെയ്റ്റ്സിനു പകരം ഒന്നാം ഡിസ്ട്രിക്ടിൽ ജിമ്മി പട്രോണിസ് ജയിച്ചു കയറി. സംസ്ഥാനത്തെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥനാണ് പാൻഹാൻഡ്ൽ മേഖലയിലെ സീറ്റ് ജയിച്ച പട്രോണിസ്.
നാഷനൽ സെക്യൂരിറ്റി അഡ്വൈസറായി പോയ മൈക്ക് വാൾസിനു പകരം ആറാം ഡിസ്ട്രിക്ടിൽ ജയിച്ചത് സ്റ്റേറ്റ് സെനറ്റർ റാൻഡി ഫൈൻ ആണ്. അദ്ദേഹം ഡെമോക്രാറ്റ് ജോഷ് വീലിൽ നിന്നു കടുത്ത മത്സരം നേരിട്ടിരുന്നു.
വീലും പട്രോണിസിന്റെ എതിരാളി ഗേ വലിമെന്റും മില്യൺ കണക്കിനു ഡോളർ തിരഞ്ഞെടുപ്പിൽ ഇറക്കിയിരുന്നു. ഗെയ്‌റ്സ് വിവാദങ്ങളിൽ പെട്ട് അറ്റോണി ജനറൽ സ്ഥാനത്തു സ്ഥിരീകരണം നേടാതെ പിന്മാറിയതും തിരഞ്ഞെടുപ്പിൽ വിഷയമായി.
ഇരു റിപ്പബ്ലിക്കൻ സ്ഥാനാർഥികളും ട്രംപിന്റെ പിന്തുണ നേടിയതോടെ പാർട്ടി അവർക്കു പിന്നിൽ ശക്തമായി അണിനിരന്നു. ഹൗസിൽ അഗ്നിപരീക്ഷ നേരിടുന്ന പാർട്ടിക്ക് ഭൂരിപക്ഷം മെച്ചപ്പെടുന്നത് ആശ്വാസമായി. ആഭ്യന്തര നയങ്ങളിലുള്ള ഭിന്നത മൂലം ട്രംപിന്റെ പാക്കേജ് ഹൗസിൽ ഡെമോക്രറ്റുകൾ ശക്തമായി എതിർത്തു നിൽപ്പാണ്.
Trump candidates win both House seats in Florida