പ്രസിഡന്റ് ട്രംപ് വ്യാപകമായ ആഗോള തീരുവകൾ ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അവ ഉടൻ നിലവിൽ വരുമെന്നു പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
ചൊവാഴ്ച്ച ഉപദേഷ്ടാക്കളുമായി അവസാന വട്ട ചർച്ച നടത്തിയ ട്രംപ് വൈകിട്ട് നാലു മണിക്ക് റോസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപനം നടത്തും. 'വിമോചന ദിനം' എന്നാണ് ഏപ്രിൽ രണ്ടിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
യുഎസ് ഉത്പന്നങ്ങൾക്ക് താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്കു തിരിച്ചു ചുമത്തുമ്പോൾ അത് 'പരസ്പര പൂരകമാണ്' എന്നു ട്രംപ് ഊന്നിപ്പറഞ്ഞിരുന്നു. പല രാജ്യങ്ങളും പതിറ്റാണ്ടുകളായി യുഎസിനെതിരെ അന്യായ തീരുവയാണ് ചുമത്തി വരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ താരിഫ് നയം തെറ്റല്ലെന്നും അത് വിജയം കാണുമെന്നും ലീവിറ്റ് വാദിച്ചു.
അമേരിക്കൻ ഉത്പന്നങ്ങളുടെ ഒഴുക്ക് തടയുന്ന താരിഫാണ് പല സഖ്യ രാജ്യങ്ങൾ പോലും ചുമത്തുന്നതെന്നു ട്രംപ് പറഞ്ഞു. "പരസ്പര പൂരകം എന്ന വാക്ക് പ്രധാനമാണ്. അവർ ഇങ്ങോട്ടു ചെയ്യുന്നത് നമ്മൾ തിരിച്ചും ചെയ്യുന്നു."
ട്രംപിന്റെ നടപടിയെ ശക്തമായി നേരിടുമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Trump tariff announcement Wednesday