യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു പുതിയ ജീവൻ നൽകാനും വിപണിയിൽ വിലകൾ കുറയ്ക്കാനും അമേരിക്കയിൽ തൊഴിലുകൾ സംരക്ഷിക്കാനുമാണ് താരിഫുകൾ കൊണ്ടുവരുന്നതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ അനുഭവിച്ചറിഞ്ഞ യാഥാർഥ്യം അതല്ല: അമേരിക്കൻ കുടുംബങ്ങൾക്കു ജീവിതച്ചെലവ് കൂട്ടാനും കൂടുതൽ പേർക്കു തൊഴിലുകൾ നഷ്ടപ്പെടാനുമാണ് അത് ഇടയാക്കുക.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ മേൽ ചുമത്തുന്ന നികുതിയാണ് താരിഫ് അഥവാ തീരുവ. വിദേശരാജ്യങ്ങളാണ് അത് നൽകേണ്ടി വരിക എന്നു ട്രംപ് വാദിക്കുന്നു. എന്നാൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വില കൂടും എന്നതാണ് യഥാർഥത്തിൽ സംഭവിക്കുക.
വാഹനങ്ങളുടെ താരിഫ് തന്നെ നോക്കുക. വാഹനവില കൂടും എന്നതിൽ സംശയമെന്ത്. ഒരു കാർ വാങ്ങാൻ ആയിരക്കണക്കിനു ഡോളർ കൂടുതൽ നൽകണം. യുഎസിൽ നിർമിക്കുന്ന കാറുകൾ ആയാലും അവയുടെ പാർട്ടുകൾ ഇറക്കുമതി ആവുമ്പോൾ വില കൂടും.
ഇറക്കുമതി ഉത്പന്നങ്ങൾക്കു താരിഫ് മൂലം വിലകൂടിയാൽ കച്ചവടക്കാർ അത് വാങ്ങുന്നവരുടെ തലയിൽ കെട്ടിവയ്ക്കുക മാത്രമേ ചെയ്യൂ.
വിലക്കയറ്റം അനിവാര്യമാണ് എന്നു ബോധ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ കൊണ്ടുവന്ന വാദം അത് യഥാർഥത്തിൽ ഗുണം ചെയ്യുമെന്നും ആവശ്യമാണെന്നുമാണ്. പക്ഷെ വസ്ത്രം മുതൽ ഗ്രോസറികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾക്കു വിലകൂടുമ്പോൾ അത് ജോലിക്കാരായ കുടുംബങ്ങൾക്കു ഭാരമാവും എന്നതിൽ തർക്കമില്ല. വിലകൾ കുറയുമ്പോൾ പണം മിച്ചം വയ്ക്കാൻ കഴിയുന്നവരാണ് അവർ.
യുഎസ് കമ്പനികൾ വമ്പിച്ച തോതിൽ ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്നു എന്നതും വാസ്തവമാണ്. ആഭ്യന്തര നിർമാതാക്കൾ ഏതാണ്ട് 50% വരെ ഇറക്കുമതിയെ ആശ്രയിക്കുന്നു എന്നാണ് കണക്ക്. അപ്പോൾ തീരുവ അവയുടെ വില ഉയർത്തും എന്നതിൽ സംശയമില്ല.
ആദ്യ ഭരണത്തിൽ അതിനു തെളിവുണ്ട്
ട്രംപിന്റെ ആദ്യ ഭരണത്തിൽ തന്നെ അതിനു തെളിവുണ്ട്. സ്റ്റീലിനു ഏർപ്പെടുത്തിയ താരിഫ് വാഹന നിർമാതാക്കൾക്കും ഗൃഹോപകരണ നിർമാതാക്കൾക്കും നിർമാണ ചെലവ് കൂട്ടി. യുഎസ് സ്റ്റീൽ വ്യവസായത്തിൽ ഉള്ളതിനേക്കാൾ മില്യൺ കണക്കിനു കൂടുതൽ ജീവനക്കാർ ഈ രംഗത്തുണ്ട്.
താരിഫുകൾ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന വിഷയമില്ലെന്നു വിലയിരുത്തലുമുണ്ട്. അമേരിക്കൻ സ്റ്റീൽ, കപ്പൽ നിർമാണ, ടെക്സ്റ്റൈൽ വ്യവസായങ്ങൾ പതിറ്റാണ്ടുകളോളം താരിഫ് സംരക്ഷണത്തിലാണ്. അവയൊന്നും മെച്ചപ്പെടാനുള്ള വഴികൾ തേടിയിട്ടില്ല.
2018ലും മറ്റു രാജ്യങ്ങൾ യുഎസ് കയറ്റുമതിക്കു താരിഫ് കൊണ്ടുവന്നു തിരിച്ചടിച്ചിരുന്നു. വിദേശ വിപണികളെ വൻ തോതിൽ ആശ്രയിക്കുന്ന കാർഷിക മേഖലയ്ക്കു കഠിനമായ അടിയേറ്റു. ചൈന തിരിച്ചടിച്ചപ്പോൾ യുഎസ് സോയ ബീൻ കൃഷിക്കാർ വെള്ളം കുടിച്ചു. അവരെ രക്ഷിക്കാൻ നികുതിദായകരുടെ പണം എടുക്കേണ്ടി വന്നു.
യുഎസ് വ്യാപാര കമ്മി സാമ്പത്തിക തകർച്ചയുടെ തെളിവായാണ് ട്രംപ് കാണുന്നത്. എന്നാൽ സാമ്പത്തിക വിദഗ്ദ്ധർ അതിനെ അങ്ങിനെ കാണുന്നില്ല. ചരിത്രത്തിലുള്ള പാഠം യുഎസിൽ വ്യാപാര കമ്മി കൂടുമ്പോഴാണ് വളർച്ച ഉണ്ടായിട്ടുള്ളത് എന്നാണ്.
സാമ്പത്തിക അഴിമതിയും താരിഫിന്റെ ഒരു പ്രത്യാഘാതമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തു താരിഫിൽ നിന്ന് ഒഴിവ് തേടി ഒട്ടേറെ ബിസിനസുകാർ മില്യൺ കണക്കിനു ഡോളർ ഇറക്കിയത് രഹസ്യമല്ല.
മത്സരവും നവീന ആശയങ്ങളുമാണ് വളർച്ചയ്ക്ക് സഹായിക്കുന്നത്, അല്ലാതെ സംരക്ഷണമല്ല. അത് അമേരിക്കയുടെ തന്നെ ഉദാഹരണമാണ്. അമേരിക്കയെ സമ്പന്നമാക്കാൻ താരിഫ് സഹായിക്കുമെന്ന് ട്രംപ് പറയുന്നെങ്കിലും മറിച്ചാണ് സംഭവിക്കാൻ സാധ്യത.
Tariffs will make life hard for Americans