Image

കരുനാഗപ്പള്ളി സന്തോഷ്‌ വധക്കേസ് ; മുഖ്യപ്രതി പങ്കജ് മേനോൻ അറസ്റ്റിൽ

Published on 02 April, 2025
കരുനാഗപ്പള്ളി സന്തോഷ്‌ വധക്കേസ് ; മുഖ്യപ്രതി പങ്കജ് മേനോൻ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ അലുവ അതുല്‍ ഇപ്പോഴും ഒളിവിലാണ്.

സന്തോഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് പങ്കജ് മേനോന്‍ ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പങ്കജ് മേനോനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി പങ്കജ് മേനോന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പങ്കജ് മേനോനെ സംരക്ഷിച്ചത് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ആണെന്ന് മറുവിഭാഗം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പങ്കജ് മേനോന്റെ അറസ്റ്റ്.

പങ്കജ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക