Image

ശബരിമല നട തുറന്നു ; പൈങ്കുനി ഉത്ര ഉത്സവത്തിന് ഇന്ന് കൊടിയേറ്റ്

Published on 02 April, 2025
ശബരിമല നട തുറന്നു ; പൈങ്കുനി ഉത്ര ഉത്സവത്തിന് ഇന്ന് കൊടിയേറ്റ്

പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു- മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറി. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും.

3 മുതല്‍ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.

ഇത്തവണത്തെ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ട്. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക