കൊച്ചി: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളെ പ്രതികളാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.
കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് നിര്‍ദേശിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് വിചാരണ കോടതിയില്‍ നിന്നും സമന്‍സ് അയച്ചിരുന്നു. സിബിഐ കോടതിയില്‍ ഹാജരാകുന്നതിലും ഹൈക്കോടതി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കുറ്റപത്രത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രം മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ ഹാജരായാല്‍ മതിയെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സിബിഐ പക്ഷപാതത്തോടെ അന്വേഷണം നടത്തിയെന്നും, ആസൂത്രിതമായി തങ്ങളെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കുട്ടികളുടേത് കൊലപാതകമാണോയെന്ന് സിബിഐ അന്വേഷിച്ചില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, സിബിഐയോട് വിശദീകരണം തേടിയിട്ടുണ്ട്. മധ്യവേനലവധിക്ക് ശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറു കുറ്റപത്രങ്ങളിലാണ് മാതാപിതാക്കളെ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.