സൗദി ബഹ്‌റൈൻ കോസ് വേയിൽ വെച്ച് ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പെരുന്നാൾ അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് കുടുംബം അറിയിച്ചു.
സൗദിയിൽ ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം. സൗദി ബഹ്‌റൈൻ കോസ് വേയിൽ വെച്ച് പദ്മകുമാർ ബോധരഹിതനാവുകയായിരുന്നു. ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് ബോധരഹിതനായത്. സുഹൃത്ത് ഉടൻ അടുത്തുള്ള അൽ യൂസിഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ ടാങ്ക് ഡിപ്പാർട്‌മെന്റ് മാനേജർ ആയിരുന്നു പദ്മകുമാർ.
ഭാര്യ: യമുന, പിതാവ്: സഹദേവൻ, മാതാവ്: വനജാക്ഷി, മകൾ: നിസ. അൽ യൂസിഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
English summery:
Malayali dies of heart attack while returning to Saudi from Bahrain after celebrating Eid holidays.