ചെന്നൈ: വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് ബന്ധുവായ അനുയായി പറഞ്ഞെന്ന് റിപ്പോര്‍ട്ട്. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി 'ജീവത്യാഗം' ചെയ്‌തെന്ന് നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു വെളിപ്പെടുത്തല്‍. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോധപൂര്‍വം ആളുകളെ വിഡ്ഢികളാക്കാന്‍ നടത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നിത്യാനന്ദ മരിച്ചെന്ന വാര്‍ത്ത അദ്ദേഹം സ്ഥാപിച്ച രാജ്യമായ കൈലാസ നിഷേധിച്ചു. സ്വാമി നിത്യാനന്ദ ജീവനോടെയും സുരക്ഷിതനുമായിരിക്കുന്നു. അദ്ദേഹം പ്രവര്‍ത്തന നിരതനാണ്. കൈലാസ പുറത്തു വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം അപവാദ പ്രചാരണത്തെ കൈലാസ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
നിത്യാനന്ദ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവായി, മാര്‍ച്ച് 30 ന് നടന്ന ഉഗാദി ആഘോഷങ്ങളില്‍ ആള്‍ദൈവം പങ്കെടുക്കുന്നതിന്റെ ലൈവ് സ്ട്രീം ലിങ്കും വാര്‍ത്താക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ പിന്നീട് ആത്മീയതയിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആശ്രമങ്ങളും സ്ഥാപിച്ചിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് 2010ല്‍ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നത്. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്ക് പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യമുണ്ടാക്കി. ലോകത്തിലെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.