Image

എമ്പുരാൻ വിവാദം: മൂന്നാം ഭാഗം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

രഞ്ജിനി രാമചന്ദ്രൻ Published on 02 April, 2025
എമ്പുരാൻ വിവാദം: മൂന്നാം ഭാഗം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി ചിത്രം എമ്പുരാനെതിരെ സംഘപരിവാർ ശക്തികളുയർത്തിയ എതിർപ്പും തുടർന്നുള്ള വിവാദങ്ങളും ആളിക്കത്തുമ്പോൾ മൂന്നാം ഭാഗം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന് തുടർച്ചയുണ്ടാകുമെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്ത വിധം അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

ലൂസിഫർ സീരീസിൽ മൂന്നാം ഭാഗം തീർച്ചയായുമുണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ലൂസിഫർ ഒന്നാം ചിത്രമായിരുന്നു. രണ്ടാമതായി എമ്പുരാനെത്തി. മൂന്നാം ഭാഗമുണ്ടാകുമെന്നല്ലാതെ പേരുവിവരങ്ങളും മറ്റും ഔദ്യോഗികമായി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാം ഭാഗം ഉപേക്ഷിക്കുമോയെന്ന ആശങ്കകളുണ്ടായിരുന്നു. എന്നാൽ നേരത്തേ പ്രഖ്യാപിക്കപ്പെട്ട മൂന്നാം ചിത്രം ഉപേക്ഷിക്കില്ലെന്ന് അടിവരയിടുകയാണ് ആന്റണി പെരുമ്പാവൂർ. മുൻ നിശ്ചയപ്രകാരം തന്നെ അണിയറ പ്രവർത്തകർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാവ്.

അതേസമയം എമ്പുരാന്റെ റീ എഡിറ്റിങ് ആരുടെയും സമ്മർദം മൂലമല്ലെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. 'ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തതാണ്. അത് വിവാദമാക്കേണ്ടതില്ല. മോഹൻലാലിനും മറ്റ് അണിയറ പ്രവർത്തകർക്കും നേരത്തേ തന്നെ സിനിമയുടെ കഥയറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല.  ഈ സിനിമയെ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഈ സിനിമ നിർമ്മിക്കണമെന്നത് ഒരുമിച്ച് എടുത്ത തീരുമാനമാണ്. പക്ഷേ മനസ്സിലാക്കിയതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്. അല്ലാതെ ആരുടെയും ഭീഷണിയായി അതിനെ കാണരുത്'-ആന്റണി പെരുമ്പാവൂർ പറഞ്ഞു.

 

 

English summery:

Empuraan" Controversy: Antony Perumbavoor Makes Crucial Announcement Regarding the Third Part

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക