കേന്ദ്രമന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. സംയുക്ത പാർലമെന്ററി സമിതി നിർദേശിച്ച തിരുത്തലുകൾ വരുത്തിയ ശേഷമാണ് ബിൽ വീണ്ടും ലോക്‌സഭയിൽ എത്തിയിരിക്കുന്നത്.ബില്ലിൻമേൽ 8 മണിക്കൂറാണ് ചർച്ച. 'ഈ ഭേദഗതി അവതരിപ്പിച്ചില്ലെങ്കിൽ, പാർലമെന്റ് കെട്ടിടം പോലും വഖഫ് സ്വത്തായി അവകാശപ്പെടുന്ന സാഹചര്യമുണ്ടാകും. നരേന്ദ്രമോദി സർക്കാർ ആയിരുന്നില്ലെങ്കിൽ നിരവധി സ്വത്തുക്കളുടെ സാധുത റദ്ദാക്കപ്പെടുമായിരുന്നു. മുസ്ലിങ്ങൾ മാത്രല്ല, രാജ്യമാകെ ബില്ലിനെ അംഗീകരിക്കും'- അവതരണ വേളയിൽ കിരൺ റിജിജു അവകാശപ്പെട്ടു.
'വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക എന്നത് മാത്രമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പ്രതിപക്ഷാവശ്യം അംഗീകരിച്ചാണ് ബിൽ ജെപിസിക്ക് വിട്ടത്. ആ നിർദേശങ്ങൾ അംഗീകരിച്ചാണ് ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്. യുപിഎ ഭരണകാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരം നൽകി' - കിരൺ റിജിജു പറഞ്ഞു.
അതേസമയം, വഖ്ഫ് ഭേദഗതി ബില്ല് മുസ്ലിം വിരുദ്ധമാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി. ബില്ലിനെ കൂടുതൽ സങ്കീർണമാക്കുകയാണ് സംയുക്ത പാർലമെന്ററി സമിതി(ജെപിസി) ചെയ്തത്. ജെപിസിയിൽ പ്രതിപക്ഷ പാർട്ടികളുടെയോ, ഞങ്ങളുടെയോ നിർദേശങ്ങൾ പരിഗണിച്ചില്ല.തങ്ങളുടെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ചെന്ന് അവകാശപ്പെടുന്ന എൻഡിഎ ഘടകകക്ഷികൾ, എന്താണ് ഭേദഗതി ചെയ്തതെന്ന് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
English summery:
Waqf Amendment Bill Introduced in Lok Sabha; Not Just Muslims, the Entire Nation Will Accept It, Says Kiren Rijiju.