Image

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യാ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

Published on 02 April, 2025
 ഷൈനിയുടെയും മക്കളുടെയും  ആത്മഹത്യാ കേസ്;  പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.

കേസിൽ നോബി ലൂക്കോസിന്റെ വാദം പൂർത്തിയായിരുന്നു. കേസിൽ പ്രതി നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. നോബി ഷൈനിയെയും മക്കളെയും പിന്തുടർന്ന് പീഡിപ്പിച്ചു. മരിക്കുന്നതിന്റെ തലേന്ന് നോബി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യ ചെയ്യാൻ പ്രേരണ ആയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ നോബി ഷൈനിയെ ഫോൺ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. അങ്ങനെ ഒരു ഫോൺ രേഖ പോലീസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദത്തിൽ പറഞ്ഞു.

അതേസമയം കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഭർത്താവ് നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമാണ് ഷൈനിയും മക്കളും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നതായും നോബിയുടെ സംസാരം ഷൈനിയെ സമ്മർദത്തിലാക്കിയെന്നും പൊലീസ് പറഞ്ഞു.

ട്രെയിന് മുന്നിൽ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്. നോബിയുടെ ഫോൺകോൾ ആണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക