Image

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം

Published on 02 April, 2025
കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം

തിരുവനന്തപുരം:  ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.  മന്ത്രിയുടെ ഗാനാലാപനത്തോടെയാണ് കാണികളെ ഞെട്ടിച്ച കലാപ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടുനിസ്‌കരിച്ചാലും എന്ന ഗാനത്തില്‍ തുടങ്ങി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ദേവീ ശ്രീദേവി, ഒന്നിനി ശ്രുതി താഴ്ത്തി തുടങ്ങിയ പാട്ടുകള്‍ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു.  പ്രൊഫഷണല്‍ ഗായകരെപ്പോലെ ഭാവസാന്ദ്രമായുള്ള ആലാപനം അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നു.  ഓരോ പാട്ടുകള്‍ അവസാനിക്കുമ്പോഴും കരഘോഷത്തോടെയാണ് അവരതേറ്റെടുത്തത്.  ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി  ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ നടന്ന ചടങ്ങിലാണ് മന്ത്രിയും ഭിന്നശേഷിക്കാരും ചേര്‍ന്നൊരുക്കിയ സംഗീതവിസ്മയം അരങ്ങേറിയത്.  

ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ അടുത്ത പ്രതിഭാവിശേഷം അനുഭവിച്ചറിഞ്ഞത്.  ഡ്രംസെറ്റില്‍ താളവിസ്മയം തീര്‍ത്ത് മന്ത്രി കാണികളെ വീണ്ടും കൈയിലെടുത്തു.  ഇരുത്തം വന്ന ഒരു കലാകാരന്റെ കൈക്കരുത്തോടെയാണ് അദ്ദേഹം കൊട്ടിക്കയറിയത്.   സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കിയതോടെ അടുത്ത വിസ്മയത്തിന് സെന്റര്‍ സാക്ഷിയായി.  തത്സമയം തന്നെ മന്ത്രിയും മഹാത്മാഗാന്ധിയുടെ ക്യാരികേച്ചര്‍ വരച്ച് സമ്മാനിച്ച് കാണികളെ അത്ഭുതപ്പെടുത്തി. പാടിയും താളംകൊട്ടിയും വരച്ചും ചിന്തിപ്പിച്ചും മന്ത്രി ഓട്ടിസം ദിനത്തെ അര്‍ത്ഥവത്താക്കുകയായിരുന്നു.  

ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാര്‍ നാടിന്റെ സമ്പത്താണെന്ന് മന്ത്രി ഉദ്ഘാടനത്തിനിടെ പറഞ്ഞു.  മാനുഷികതയുടെ ജീവിതം പഠിക്കാന്‍ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആര്‍ട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകള്‍ക്കുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രതാരം മോഹന്‍ അയിരൂര്‍ സവിശേഷസാന്നിദ്ധ്യമായി. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ നന്ദിയും പറഞ്ഞു.  ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ രൂപീകരിച്ച ഡി.ബാന്‍ഡിന്റെ പ്രകടനവും അരങ്ങേറി. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ക്രിസ്റ്റീന്‍ റോസ് ടോജോ, മുഹമ്മദ് റബീ, അഭിജിത്ത്.പി, നിഖില എസ്.എസ്, അഖിലേഷ്, ജോണ്‍ ജോസ്, അശ്വിന്‍ ഷിബു, ശിവ നന്ദു, അലന്‍ മൈക്കിള്‍, പിയൂഷ് രാജ്, മാനവ്. പി.എം എന്നിവരാണ് ഡി.ബാന്‍ഡിന് നേതൃത്വം നല്‍കുന്നത്.

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് മന്ത്രി കടന്നപ്പള്ളി; അര്‍ത്ഥവത്തായി ഓട്ടിസം അവബോധദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക